എയ്ഡഡ് പദവി: പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ പിടിക്കാന്‍ സ്പെഷല്‍ സ്കൂള്‍ മാനേജ്മെന്‍റുകള്‍
text_fieldsതിരുവനന്തപുരം: എയ്ഡഡ് പദവി ഉറപ്പിക്കാന്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വൈകല്യമുള്ള കുട്ടികളെ പിടിക്കാന്‍ ഓഫറുകളുമായി സ്വകാര്യ സ്പെഷല്‍ സ്കൂള്‍ മാനേജ്മെന്‍റുകള്‍ നെട്ടോട്ടത്തില്‍. 50 കുട്ടികള്‍ ഉണ്ടെന്ന് അവകാശപ്പെട്ട് എയ്ഡഡ് പദവിക്കുള്ള സര്‍ക്കാര്‍ പട്ടികയില്‍ കയറിപ്പറ്റിയ സ്കൂളുകളില്‍ ചിലരാണ് കുട്ടികളെ ഒപ്പിക്കാന്‍ ശ്രമം നടത്തുന്നത്. പല സ്കൂളും പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വൈകല്യമുള്ള കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് എണ്ണം തികച്ചത്.
ഇതിനുവേണ്ടി സ്പെഷല്‍ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം നിര്‍ണയിക്കാന്‍ യു.ഐ.ഡി (ആധാര്‍) വേണമെന്ന നിബന്ധന സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി ഭേദഗതി വരുത്തിയിരുന്നു. കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ചാണ് ഒട്ടേറെ സ്കൂളുകള്‍ പദവിക്കായി മന്ത്രിസഭ അംഗീകാരം നല്‍കിയ പട്ടികയില്‍ കയറിപ്പറ്റിയതെന്ന് കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളെ സ്പെഷല്‍ സ്കൂളുകളില്‍ എത്തിച്ച് ഉറപ്പുവരുത്താന്‍ ശ്രമം തുടങ്ങിയത്. ഇതിന് രക്ഷാകര്‍ത്താക്കള്‍ക്ക് വിവിധ ഓഫറുകള്‍ നല്‍കിയാണ് കുട്ടികളെ പിടിക്കാന്‍ രംഗത്തിറങ്ങിയത്. തങ്ങളുടെ സ്കൂളില്‍ പഠിക്കുന്നെന്ന് സ്പെഷല്‍ സ്കൂളുകള്‍ സര്‍ക്കാറിന് രേഖ സമര്‍പ്പിച്ച കുട്ടികളില്‍ നല്ളൊരു ശതമാനം വര്‍ഷങ്ങളായി സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്നവരാണ്.
ഇവരെ അടിയന്തരമായി തങ്ങളുടെ സ്കൂളുകളില്‍ എത്തിക്കാനാണ് സൗജന്യ ഭക്ഷണവും വാഹന സൗകര്യവും ഉള്‍പ്പെടെ ഓഫര്‍ നല്‍കി മാനേജ്മെന്‍റുകള്‍ ശ്രമിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പരിശോധനക്ക് ചുമതലപ്പെടുത്തിയ സംഘം കുട്ടികളുടെ പെരുപ്പിച്ച എണ്ണത്തില്‍ സൂക്ഷ്മ പരിശോധന നടത്തിയിട്ടില്ല. വൈകല്യമുള്ള വിദ്യാര്‍ഥികളുടെ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥന്‍ ഇതിന് കൂട്ടുനിന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അതേസമയം, എയ്ഡഡ് പദവി ഉറപ്പായതോടെ ചില സ്പെഷല്‍ സ്കൂളുകള്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവന്നിരുന്ന അധ്യാപകരുടെ സേവനം അവസാനിപ്പിക്കുകയും പകരം മാസങ്ങള്‍ക്കുമുമ്പ് പുതിയ അധ്യാപകരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. വന്‍ തുക വാങ്ങിയാണ് പലരെയും നിയമിച്ചതെന്നാണ് ആരോപണം. നിലവില്‍ നിശ്ചിത യോഗ്യതയില്ലാതെ ജോലി ചെയ്യുന്നവരെ നിലനിര്‍ത്താന്‍ ഇളവുവരുത്തി സര്‍ക്കാര്‍ ഉത്തരവും നല്‍കിയിട്ടുണ്ട്.
അസോസിയേഷന്‍ ഫോര്‍ ദ ഇന്‍റലക്ച്വലി ഡിസേബ്ള്‍ഡ് ചെയര്‍മാന്‍ നല്‍കിയ നിവേദനത്തിലാണ് അധ്യാപക യോഗ്യതയില്‍ പോലും ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവ് നല്‍കിയത്. അധ്യാപകര്‍ക്ക് ആര്‍ട്സ്/ സയന്‍സ്/ കോമേഴ്സ് വിഷയങ്ങളില്‍ ബിരുദം വേണമെന്നായിരുന്നു വ്യവസ്ഥ. 2015 മേയ് 15ന് മുമ്പ് സ്പെഷല്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എസ്.എസ്.എല്‍.സിയോ പ്ളസ് ടുവോ മതിയെന്നാണ് ഭേദഗതി വരുത്തിയത്. അസോസിയേഷന്‍ മുഖ്യമന്ത്രിയെ കണ്ട് നടത്തിയ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്നാണ് അധ്യാപകരുടെ അടിസ്ഥാന യോഗ്യതയില്‍ പോലും സര്‍ക്കാര്‍ ഇളവുവരുത്തിയത്.
‘100ല്‍ താഴെ കുട്ടികളുള്ള സ്കൂളില്‍ പരിശോധന നടത്തിയിട്ടില്ല’
എയ്ഡഡ് പദവിക്ക് പരിഗണിക്കാനായി 50നും 100നും ഇടയില്‍ കുട്ടികളുണ്ടെന്ന് അവകാശപ്പെടുന്ന സ്കൂളുകളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പരിശോധന നടത്തിയിട്ടില്ളെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ. സ്കൂളുകള്‍ ഡി.ഡി.ഇതലത്തിലും ഡയറക്ടറേറ്റിലും സമര്‍പ്പിച്ച സ്കൂളുകളുടെ അപേക്ഷകള്‍ സര്‍ക്കാറിലേക്ക് കൈമാറാന്‍ മാത്രമാണ് നിര്‍ദേശം ലഭിച്ചത്. ഇത്തരം സ്കൂളുകളിലെ കുട്ടികളുടെ എണ്ണമോ സൗകര്യങ്ങളോ ഡയറക്ടറേറ്റ് പരിശോധിച്ചിട്ടില്ളെന്നും ഡി.പി.ഐ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതെസമയം, നേരത്തെ എയ്ഡഡ് പദവി നല്‍കിയ 100ല്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള സ്പെഷല്‍ സ്കൂളുകളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പരിശോധന നടത്തിയിട്ടുണ്ട്. 79 സ്വകാര്യ സ്പെഷല്‍ സ്കൂളുകള്‍ക്കും 34 ബഡ്സ് സ്കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാന്‍ വിശദ പരിശോധന നടത്തിയെന്ന സര്‍ക്കാര്‍ വാദമാണ് ഇതോടെ പൊളിയുന്നത്. സര്‍ക്കാറിന് നേരിട്ട് ലഭിച്ച അപേക്ഷ പോലും പരിഗണിച്ചതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.