പൊതുമേഖലാ സ്ഥാപനങ്ങളില്‍ സംവരണം നിര്‍ബന്ധം –ഹൈകോടതി
text_fields
കൊച്ചി: കേരള പബ്ളിക് സര്‍വീസ് കമീഷന്‍ മുഖേനയല്ലാതെ നിയമനം നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സംവരണം പാലിക്കാന്‍ ബാധ്യസ്ഥരെന്ന് ഹൈകോടതി. പി.എസ്.സി നിയമനത്തിലെന്നപോലെ കേരള സ്റ്റേറ്റ്-സബോഡിനേറ്റ് സര്‍വിസ് റൂള്‍സിന്‍െറ അടിസ്ഥാനത്തില്‍ സംവരണം കൃത്യമായി നടപ്പാക്കപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സംവരണ തസ്തികയാണെന്നപേരില്‍ കേരള വനിതാ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് തന്‍െറ നിയമനം തടഞ്ഞ നടപടി ചോദ്യംചെയ്ത് കോട്ടയം മീനടം സ്വദേശി പോള്‍ ബെന്‍ നല്‍കിയ അപ്പീല്‍ ഹരജി തള്ളിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.
കോര്‍പറേഷനിലെ രണ്ട് ഒഴിവുകളില്‍ ആദ്യം മുസ്ലിം സമുദായക്കാരനായ അപേക്ഷകനാണ് നിയമനം ലഭിച്ചത്. നിയമനപട്ടികയില്‍ രണ്ടാമനാണ് ഹരജിക്കാരന്‍. എന്നാല്‍, ഈ തസ്തിക സംവരണ റൊട്ടേഷന്‍ പ്രകാരം ഈഴവ സമുദായക്കാരനുള്ളതാണെന്ന് വ്യക്തമാക്കി ഹരജിക്കാരന് നിയമനം നല്‍കിയില്ല. ഇത് ചോദ്യംചെയ്താണ് ഹരജിക്കാരന്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. അതേസമയം, ഒന്നാം റാങ്കുകാരനായ മുസ്ലിം സമുദായക്കാരനെ സംവരണ പ്രകാരമല്ല, മെറിറ്റിലാണ് നിയമിച്ചതെന്ന് വനിതാ വികസന കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് പോള്‍ ബെന്നിന്‍െറ ഹരജി സിംഗിള്‍ ബെഞ്ച് തള്ളി. തുടര്‍ന്നാണ് അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.