കലാഭവൻ മണിയുടെ മരണം: ഭാര്യാപിതാവിനെ ചോദ്യം ചെയ്തു; ഇടുക്കി സ്വദേശി കസ്റ്റഡിയിൽ
text_fieldsതൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി ഭാര്യ നിമ്മിയുടെ പിതാവ് സുധാകരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മണിയുടെ സ്വത്ത് വിവരങ്ങള്‍, ബിനാമി ബന്ധങ്ങള്‍ തുടങ്ങിയവ ഇദ്ദേഹത്തോട് ചോദിച്ചുവെന്നാണ് സൂചന.
മണിയുടെ 35 സെന്‍റ് കൃഷിസ്ഥലവും വാടകക്ക് നല്‍കിയ വീടുകളുടെ മേല്‍നോട്ടവും സുധാകരനായിരുന്നു. സുധാകരന്‍റെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വിശദാംശവും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇയാൾ കീടനാശിനി വാങ്ങാറുണ്ടെന്ന കടക്കാരന്‍റെ മൊഴിയെക്കുറിച്ചും സംഘം ചോദിച്ചറിഞ്ഞു. കൃഷിക്ക് ഉപയോഗിക്കാറുണ്ടായിരുന്നതിനാൽ കീടനാശിനി വാങ്ങിയതില്‍ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്‍റെ നിഗമനം.
മണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ക്ലോസ് പെരിഫോസിന്‍റെ അളവ് കണ്ടെത്താനായി രക്തത്തിന്‍റെയും മൂത്രത്തിന്‍റെയും പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കണമെന്ന് കാക്കനാട് അനലിറ്റിക്കല്‍ ലാബ് അധികൃതരോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. മണിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.
അതേസമയം, മണിയുടെ മരണവുമായി ബന്ധപ്പെട്ട് അടിമാലി പടിക്കപ്പു സ്വദേശിയായ കൂലിപ്പണിക്കാരനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടോടെ പൊലീസ് ഇയാളെ ചാലക്കുടിയിലെത്തിച്ചു. മണിയുടെ സഹായികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാൾ മണി മരിച്ചദിവസവും തൊട്ടു മുമ്പുള്ള ദിവസങ്ങളിലും പാഡിയിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ഷൂട്ടിങോ മറ്റു സ്റ്റേജ് ഷോകളോ ഇല്ലാതിരുന്ന വേളകളിൽ ഇടുക്കി രാജാക്കാട് മേഖലയിൽ മണി സമയം ചെലവഴിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജാക്കാട്ടെ സ്വകാര്യ റിസോർട്ടിലും സുഹൃത്തിന്‍റെ വീട്ടിലുമാണ് മണി തങ്ങിയിരുന്നതെന്നാണ് പൊലീസ് നിഗമനം. രാജാക്കാട്ടുള്ള സുഹൃത്തുമായി ചേർന്ന് പൂപ്പാറയിൽ സ്ഥലം വാങ്ങാൻ മണി പദ്ധതിയിട്ടിരുന്നു. വിലയിലുണ്ടായ തർക്കത്തെ തുടർന്നാണത്രെ പിന്നീട് ഈ പദ്ധതി ഉപേക്ഷിച്ചത്.
മണിയുടെ മരണത്തില്‍ കൊലപാതകത്തിന്‍റെയോ ആത്മഹത്യയുടെയോ സാധ്യതകള്‍ തള്ളിക്കളയാതെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം.സംഭവത്തിൽ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാൻ അന്വേഷണസംഘത്തിന്‍റെ അവലോകനയോഗത്തില്‍ തീരുമാനിച്ചിരുന്നു. തുടർന്ന് ചാലക്കുടിപ്പുഴയിലും ഇന്നലെ അന്വേഷണ സംഘം തിരച്ചിൽ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.