കണ്ണൂർ സ്ഫോടനം: മുഖ്യപ്രതി പൊലീസ് പിടിയിൽ
text_fieldsകണ്ണൂർ: കണ്ണൂരിൽ വ്യാഴാഴ്ച അർധരാത്രി സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് വീടുകൾ തകരുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ചാലാട് പന്നേൻപാറ സ്വദേശി അനൂപിനെയാണ് (43) വെള്ളിയാഴ്ച പുലർച്ചെ 4.30ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അനധികൃതമായി പടക്കം കൈവശം വെച്ചതിന് നേരത്തെയും ഇയാൾക്കെതിരെ കേസുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി 11.45ഓടെയുണ്ടായ സ്ഫോടനത്തിൽ വീട്ടിൽ താമസിക്കുന്ന അനൂപിൻെറ മകൾ ഹിബക്കും ഭാര്യ റാഹിലക്കും പരിക്കേറ്റിരുന്നു. ഇതിൽ ഹിബയുടെ പരിക്ക് ഗുരുതരമാണ്. 40 ശതമാനം പൊള്ളലേറ്റ കുട്ടി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അടുത്തുള്ള വീട്ടുകാരായ നാരായണൻ, ഭാര്യ സിന്ധു, മകൾ എന്നിവർക്കും പരിക്ക് പറ്റിയിട്ടുണ്ട്. സ്ഫോടനത്തിൽ ഇരുനില വീട് അപ്പാടെ നിലംപൊത്തുകയായിരുന്നു. മയ്യിൽ സ്വദേശിനി ജ്യോത്സനയുടെ ഉടമസ്ഥതയിലുള്ള വീടാണിത്.
സ്ഫോടനത്തിൻെറ ശക്തിയിൽ അടുത്തുള്ള വീടുകളും തകർന്നു. അഞ്ച് വീടുകൾ താമസിക്കാൻ പറ്റാത്തതായി മാറിയിട്ടുണ്ട്. ടി. ബാലൻ, ഇ. നാരായണൻ, എം. നാരായണൻ, കൊയ് ലി പ്രഭാകരൻ, അധ്യാപികയായ സന്ധ്യ എന്നിവരുടേതാണ് തകർന്ന അഞ്ച് വീടുകൾ. 15 വീടുകൾ ഭാഗികമായി തകരുകയും 25 വീടുകൾക്ക് ചെറിയ കേടുപാടുകൾ പറ്റുകയും ചെയ്തു. സ്ഫോടനത്തിലുണ്ടായ നഷ്ടം കണക്കാക്കിവരുന്നു.
ജില്ലാ കലക്ടർ ബാലകിരൺ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.