പി.സി. തോമസ് പിന്മാറി; മാണി–ബി.ജെ.പി ധാരണയെന്ന് ആക്ഷേപം
text_fieldsകോട്ടയം: പാലായില്‍ കെ.എം. മാണിക്കെതിരെ ബി.ജെ.പി പിന്തുണയോടെ മത്സരിക്കാനുള്ള തീരുമാനത്തില്‍നിന്ന് മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസും കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെതന്നെ പ്രഫ. എന്‍. ജയരാജിനെതിരെ മത്സരിക്കാനിറങ്ങിയ മുന്‍ എം.എല്‍.എകൂടിയായ അല്‍ഫോന്‍സ് കണ്ണന്താനവും ഒടുവില്‍ പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്ന് പി.സി. തോമസ് വ്യക്തമാക്കിയെങ്കിലും കണ്ണന്താനം പ്രതികരിച്ചിട്ടില്ല.
കേരള കോണ്‍ഗ്രസ്-ബി.ജെ.പി രഹസ്യധാരണയാണ് പിന്മാറ്റത്തിന് പിന്നിലെന്ന് ആക്ഷേപമുയര്‍ന്നു. മാണിയെ തറപറ്റിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു തോമസിന്‍െറ കടന്നുവരവ്. പാലായിലെ ബി.ജെ.പി പ്രവര്‍ത്തകരും മാണിവിരുദ്ധരും ഇതിനെ സ്വാഗതംചെയ്തെങ്കിലും തോമസിന്‍െറ വരവില്‍ ആശങ്കപ്പെട്ട മാണി ചില സഭാനേതാക്കളെ രംഗത്തിറക്കി അദ്ദേഹത്തെ പിന്മാറ്റുകയായിരുന്നെന്നാണ് ആരോപണം.
ഇടതു സ്ഥാനാര്‍ഥികൂടി വരുന്നതോടെ പാലായില്‍ ശക്തമായ ത്രികോണമത്സരത്തിന് കളമൊരുങ്ങുമെന്നിരിക്കെ ബി.ജെ.പിയുമായി മാണിവിഭാഗം നടത്തിയ രഹസ്യനീക്കങ്ങളെ തുടര്‍ന്ന് തോമസ് പിന്മാറുകയായിരുന്നെന്നാണ് വിവരം. കേന്ദ്ര നേതൃത്വത്തിന്‍െറ ഇടപെടലും ഇതിന് പിന്നിലുണ്ടത്രെ. തോമസ് മത്സരത്തിനിറങ്ങിയാല്‍ ബാര്‍കോഴയില്‍ മുങ്ങിനില്‍ക്കുന്ന മാണിക്കു തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമായിരിക്കെ സഭാനേതാക്കളെ കളത്തിലിറക്കുകയായിരുന്നെന്നും ബി.ജെ.പിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ആരോപിച്ചു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും റബര്‍ ഉള്‍പ്പെടെ വിളകള്‍ക്കുണ്ടായ വിലയിടിവും ബാര്‍കോഴയും കേരള കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്കും മണ്ഡലത്തില്‍ മാണിക്കെതിരെ നിറഞ്ഞുനില്‍ക്കുമ്പോഴാണ് തോമസിന്‍െറ പിന്മാറ്റം മാണിയുടെ ഇടപെടലിലൂടെയാണെന്ന ആരോപണം ശക്തമാകുന്നത്.
രാഷ്ട്രീയ എതിര്‍പ്പുകള്‍ കാര്യമായി ഇല്ലാതിരുന്നിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5299 വോട്ടിന്‍െറ നേരിയ ഭൂരിപക്ഷത്തിലാണ് മാണി ജയിച്ചത്. പൂഞ്ഞാര്‍ സീറ്റിനെച്ചൊലി അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പി.സി. തോമസ് മാണിയുടെ തട്ടകത്തിലേക്ക് വരുന്നത് ഗുണകരമാകുമെന്നായിരുന്നു ബി.ജെ.പി വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നേടിയ മുന്നേറ്റവും മാണിഗ്രൂപ് വിട്ട് ഐ.എഫ്.ഡി.പിയെന്ന ദേശീയ പാര്‍ട്ടിയുണ്ടാക്കി വാജ്പേയി സര്‍ക്കാറില്‍ കേന്ദ്രമന്ത്രിയായ ചരിത്രവും തോമസിനു പിന്‍ബലമേകുമെന്നും ബി.ജെ.പി കണക്കുകൂട്ടിയിരുന്നു.
അതിനിടെ, പാലായില്‍നിന്നുള്ള പിന്മാറ്റം വ്യക്തിപരമായതിനാല്‍ മറ്റൊരു സീറ്റിലും മത്സരിക്കില്ളെന്ന് പി.സി. തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. വ്യക്തിപമായ അസൗകര്യം ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തോമസിനു പകരക്കാരനായി റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയകിന്‍െറ പേര് നിര്‍ദേശിച്ചെങ്കിലും ബി.ജെ.പി പ്രദേശിക നേതൃത്വം അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ബി.ജെ.പി പാലാ സീറ്റ് ഏറ്റെടുത്ത് പകരം കടുത്തുരുത്തി നല്‍കാനും നീക്കമുണ്ട്.
കാഞ്ഞിരപ്പള്ളിയില്‍ കണ്ണന്താനത്തിനു പകരക്കാരനായി രാഹുല്‍ ഈശ്വറിനെയാണ് ബി.ജെ.പി പരിഗണിക്കുന്നത്. കണ്ണന്താനത്തിന്‍െറ പിന്മാറ്റത്തിന് പിന്നിലും കാഞ്ഞിരപ്പള്ളി രൂപതയുടെ ഇടപെടലുണ്ടെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.