സി.പി.എം–സി.പി.ഐ സീറ്റ് ധാരണയായില്ല
text_fieldsതിരുവനന്തപുരം: സീറ്റ് വിഭജനത്തിലെ പ്രതിസന്ധി തീര്‍ക്കാന്‍ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ നടന്ന നാലാംഘട്ട ഉഭയകക്ഷി ചര്‍ച്ചയിലും അന്തിമ ധാരണയായില്ല. സി.പി.ഐയുടെ സീറ്റുകളിലൊന്നും തിരിച്ചെടുക്കില്ലെന്നും കൂടുതല്‍ സീറ്റ് ചോദിക്കരുതെന്നും സി.പി.എം അറിയിച്ചു. എന്നാല്‍, ഒരു സീറ്റെങ്കിലും അധികം വേണമെന്ന ആവശ്യത്തില്‍ സി.പി.ഐ ഉറച്ചുനിന്നു. തുടര്‍ന്നാണ് വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
രണ്ട് സീറ്റ് കൂടി വേണമെന്നായിരുന്നു സി.പി.ഐയുടെ നേരത്തേയുള്ള നിലപാട്. ചില കക്ഷികള്‍ മുന്നണിവിട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ അവകാശവാദം. കൂടുതല്‍ കക്ഷികള്‍ക്ക് നല്‍കേണ്ടി വരുന്നതിനാല്‍ ഒരു സീറ്റ് കുറയ്ക്കണമെന്ന ആവശ്യം സി.പി.എമ്മും ഉയര്‍ത്തിയിരുന്നു. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
തര്‍ക്കം തീര്‍ക്കാന്‍ 27ന്വീണ്ടും ചര്‍ച്ച നടക്കും. 28ന് ഇടതു മുന്നണി യോഗവും തീരുമാനിച്ചിട്ടുണ്ട്. ഇതിനുമുമ്പ് സീറ്റുകളുടെ കാര്യത്തില്‍ ധാരണയാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. സീറ്റിന്‍െറ കാര്യത്തില്‍ തര്‍ക്കമുള്ളവരുമായാണ് വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടക്കുക. പ്രധാന കക്ഷികള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം മുന്നണിയിലെ സീറ്റ് വിഭജനത്തെ ആകെ ബാധിച്ചിട്ടുണ്ട്.
അതേസമയം, കീഴ്ഘടകങ്ങളില്‍നിന്ന് പ്രതിഷേധമുയര്‍ന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ശനിയാഴ്ച യോഗം ചേരും. വടക്കാഞ്ചേരിയില്‍ നേരത്തേ നിശ്ചയിച്ച കെ.പി.എ.സി ലളിത പിന്മാറിയ സാഹചര്യത്തില്‍ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടി വരും.
ലളിതയെതന്നെ മത്സരിപ്പിക്കാനും സമ്മര്‍ദമുയരുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ അരുവിക്കര, വര്‍ക്കല മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കുറിച്ചാണ് മണ്ഡലം കമ്മിറ്റികളില്‍നിന്ന് എതിര്‍പ്പുയര്‍ന്നത്. എന്നാല്‍, നേരത്തേ തീരുമാനിച്ചവര്‍തന്നെ മത്സരിക്കണമെന്നും മാറ്റം വേണ്ടെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ ധാരണയായി.
കൊല്ലത്ത് നടന്‍ മുകേഷിന്‍െറയും വന്‍ പ്രതിഷേധമുയര്‍ന്ന ആറന്മുളയില്‍ മാധ്യമപ്രവര്‍ത്തക വീണാജോര്‍ജിന്‍െറയും കായംകുളത്ത് പ്രതിഭാഹരിയുടെയും പേരുകള്‍ക്ക് അംഗീകാരം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.