ഭരണഘടനാ സ്ഥാപനങ്ങളില്‍ ഫാഷിസ്റ്റുകള്‍ പിടിമുറുക്കി -ടീസ്റ്റ
text_fieldsതൃശൂര്‍: രാജ്യത്ത് ഫാഷിസ്റ്റുകള്‍ ന്യൂനപക്ഷമാണെന്നും എന്നാല്‍ ഭരണഘടനാ സ്ഥാപനങ്ങളില്‍ എല്ലാം അവര്‍ പിടിമുറുക്കിയിരിക്കുകയാണെന്നും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്. തൃശൂരില്‍ ‘പീപ്പിള്‍ എഗെയ്ന്‍സ്റ്റ് ഫാഷിസം’ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. അസമില്‍ കേന്ദ്രമന്ത്രി തരുണ്‍ ഗഗോയ് നടത്തിയ പരാമര്‍ശം ഇന്ത്യയെ തകര്‍ക്കുന്നതാണെന്നും രാജ്യത്തെ വിഭജിപ്പിച്ചതില്‍ ഹിന്ദു മഹാസഭയും ഉത്തരവാദികള്‍ ആണെന്നും അവര്‍ പറഞ്ഞു.
രോഹിത് വെമുലയും രാധിക വെമുലയും ഉമര്‍ ഖാലിദും അനിര്‍ബനും എല്ലാം ചേര്‍ന്നാണ് ഇന്ത്യയെ നിര്‍മിച്ചത്. എല്ലാവര്‍ക്കും അവരുടേതായ പങ്കുണ്ട്. ഈ സര്‍ക്കാര്‍ ജനാധിപത്യത്തെ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരങ്ങള്‍ നല്‍കുന്നില്ല. ‘ക്രോണിക് ഫാഷിസ’ത്തിന്‍്റെ ഭാഗമായാണ് ടി.വി ആങ്കര്‍മാര്‍ ‘ഷട്ട് ഡൗണ്‍ ജെ.എന്‍.യു’ എന്നു പറയുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കുവഹിക്കാത്ത ഒരു പ്രത്യയശാസ്ത്രത്തിന് ജനങ്ങളെ ദേശസ്നേഹി എന്നും ദേശദ്രോഹി എന്നും നിര്‍വചിക്കാന്‍ കഴിയില്ല.
ജെ.എന്‍.യുവില്‍ അധ്യാപകര്‍ അവരുടെ കുട്ടികളെ പിന്തുണക്കാന്‍ തയ്യാറായപ്പോള്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ ഒരു ചെറിയ ശതമാനം അധ്യാപകര്‍ മാത്രം ആണ് അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്നതെന്നും ടീസ്റ്റ തുറന്നടിച്ചു.
‘ഇന്ത്യന്‍ ഭരണഘടന,ജനാധിപത്യം,ഫാഷിസം’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ എം.ബി രാജേഷ്, ബിനോയ് വിശ്വം തുടങ്ങിയവര്‍ സംബന്ധിച്ചു. നാലു മണിക്കു നടക്കുന്ന ‘വാക്ക് ടു ഫ്രീഡം’ എന്ന പരിപാടിക്കു ശേഷം 6.30 സാംസ്കാരിക സമ്മേളനവും അതിനുശേഷം ഊരാളി ബ്രാന്‍റിന്‍റെ പ്രതിരോധ സംഗീത രാവും വേദിയില്‍ അരങ്ങേറും. സംഗമം രണ്ടു ദിവസം നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.