മുകേഷ് കൊല്ലത്ത്, വീണ ആറന്മുളയിൽ; നികേഷിനെ അഴീക്കോട്ട് പരിഗണിക്കുന്നു
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം സീറ്റിൽ നടൻ മുകേഷിനെ മത്സരിപ്പിക്കണമെന്ന സി.പി.എം ജില്ലാ സെക്രേട്ടറിയറ്റ് നിർദേശം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗീകരിച്ചു. ആറന്മുളയിൽ മാധ്യമ പ്രവർത്തക വീണാ ജോർജിനെ മത്സരിപ്പിക്കാനുള്ള നിർദേശത്തിനും അംഗീകാരം നൽകി . കൊല്ലത്ത് സിറ്റിങ് എം.എൽ.എ പി.കെ ഗുരുദാസന് ഒരു അവസരം കൂടി നൽകണമെന്ന ഒരു വിഭാഗം പാർട്ടി പ്രവർത്തകരുടെ ആവശ്യം തള്ളിയാണ് മുകേഷിന് അനുകൂലമായ തീരുമാനം എടുത്തത്. സെക്രേട്ടറിയറ്റിൽ നിന്ന് ആറു പേർ മാത്രം മത്സരിച്ചാൽ മതിയെന്ന മുൻ തീരുമാനത്തിൽ മാറ്റം വരുത്തില്ല. കൊല്ലം, ആറന്മുള മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത അമർഷം നില നിൽക്കുന്നതായാണ് റിപ്പോർട്ട് .
അഴീക്കോട് മണ്ഡലത്തിൽ റിപ്പോർട്ടർ ചാനൽ മേധാവി എം വി നികേഷ് കുമാറിനെ മത്സരിപ്പിക്കണമെന്ന നിർദേശം സെക്രേട്ടറിയറ്റ് പരിഗണിച്ചെങ്കിലും അന്തിമ തീരുമാനം എടുത്തില്ല. എം വി രാഘവെൻറ മകനെ മത്സരിപ്പിക്കുന്നത് പാർട്ടിയിൽ എതിർപ്പ് ഉണ്ടാക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. കൂത്തുപറമ്പ് വെടിവെപ്പിെൻറ ഓർമ്മകൾ മായാത്ത ജില്ലയാണ് കണ്ണൂർ . റിപ്പോർട്ടർ ചാനൽ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങൾ നികേഷിനെതിരെ ഉയർന്നതും പാർട്ടി പരിശോധിച്ചു . കണ്ണൂർ ജില്ലാ കമ്മിറ്റി ഈ വിഷയം വീണ്ടും ചർച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനം എടുക്കൂ. ഒരു ചാനലിലെ രണ്ടു പ്രമുഖ മാധ്യമ പ്രവർത്തകരെ മത്സരിപ്പിക്കുന്നതിലെ അനൗചിത്യവും നേതാക്കൾക്കിടയിൽ ചർച്ചാ വിഷയമാണ്.
കെ.പി.എ.സി ലളിത മത്സരിക്കില്ലെന്ന് പറഞ്ഞു പിൻവാങ്ങിയ വടക്കാഞ്ചേരിയിൽ മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താൻ തൃശൂർ ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകി . മന്ത്രി കെ ബാബുവിെൻറ സിറ്റിങ്ങ് സീറ്റായ തൃപ്പൂണിത്തുറയിൽ മത്സരിക്കാൻ പാർട്ടി നിർദേശിച്ച സി എം ദിനേശ്മണി പിൻവാങ്ങിയത് സി പി എമ്മിന് ഏറ്റ മറ്റൊരു വലിയ തിരിച്ചടിയാണ് . പ്രാദേശിക എതിർപ്പാണത്രെ ദിനേശ്മണിയുടെ പിന്മാറ്റത്തിനു കാരണം. എറണാകുളം ജില്ല സെക്രട്ടറി പി രാജീവിനെ ഇവിടെ മത്സരിപ്പിക്കണമെന്നു മൂന്നു തവണ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല. രാജീവിനെ മത്സരിപ്പിച്ചാൽ തൃപ്പൂണിതുറ പിടിച്ചെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ജില്ലാ നേതൃത്വം. ഇവിടെ ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി സ്വരാജും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.