ഹജ്ജ്, ഉംറയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രതി പിടിയില്‍
text_fields
കണ്ണൂര്‍: ഹജ്ജ്, ഉംറ വിസ സര്‍വിസിന്‍െറ പേരില്‍ കോടികള്‍ തട്ടിയ കോട്ടക്കല്‍ ചൂനൂര്‍ സ്വദേശി അന്‍വര്‍ ഹുസൈനെ കണ്ണൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. തട്ടിപ്പിനിരയായ പുറത്തീലിലെ വി.വി. അബൂബക്കര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച കോഴിക്കോട് നഗരത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റി. മംഗളൂരു, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇയാള്‍ വ്യാപകമായി തട്ടിപ്പ് നടത്തിയത്. ട്രാവല്‍സ് കമ്പനികളില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഈ പരിചയം ഉപയോഗിച്ച് വിസ നല്‍കാമെന്നും ഹജ്ജിനു സൗകര്യമൊരുക്കാമെന്നും വിശ്വസിപ്പിച്ചാണ് ആളുകളില്‍ നിന്ന് പണം വാങ്ങിയിരുന്നത്. ചെറുകിട ട്രാവല്‍ ഏജന്‍സികളില്‍ നിന്ന് നിരവധി പേര്‍ക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് വലിയ തുകയും കൈപ്പറ്റിയിട്ടുണ്ട്. പലര്‍ക്കും എയര്‍പോര്‍ട്ടില്‍ എത്തിയതിനു ശേഷമാണ് ചതി മനസിലായത്. താഴെചൊവ്വ -കാപ്പാട് റോഡില്‍ മുല്‍തസം ട്രാവല്‍സ് നടത്തവെ 2012ലാണ് വി.വി. അബൂബക്കര്‍ കബളിക്കപ്പെടുന്നത്. ഹജ്ജിനു പോകാനായി വിസയും ടിക്കറ്റും ശരിയാക്കുന്നതിന് 16 പേരില്‍ നിന്നായി സ്വരൂപിച്ച 35 ലക്ഷം രൂപ അബൂബക്കര്‍ അന്‍വര്‍ ഹുസൈന്് നല്‍കുകയായിരുന്നു. ഹജ്ജിന് പോകാന്‍ ആളുകള്‍ തയാറായി വന്നിട്ടും ടിക്കറ്റ് ലഭിക്കാതായതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലാക്കുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇയാളുടെ തട്ടിപ്പിലെ ആദ്യ കണ്ണിയാണ് അബൂബക്കര്‍. അന്ന് പൊലീസ് പരാതിയില്‍ കാര്യമായി അന്വേഷണം നടത്താതിരുന്നതോടെ ഇയാള്‍ വ്യാപകമായി തട്ടിപ്പ് നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.