ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച്: എസ്.ഐ.ഒ പ്രവര്‍ത്തകർക്ക് ജാമ്യം
text_fieldsകോഴിക്കോട്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ 17 പേര്‍ക്കും ജാമ്യം. പ്രതിഷേധം റെക്കോഡ് ചെയ്ത സീഡി വിശദമായി കണ്ടശേഷമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരടക്കം പ്രവര്‍ത്തകര്‍ക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബിജു മേനോന്‍ ഉപാധികളോടെ ജാമ്യമനുവദിച്ചത്. ഇതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 25 പേരും ജാമ്യത്തിലിറങ്ങി. മൂന്നു വിദ്യാര്‍ഥിനികള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ക്കും നേരത്തേ കോടതി ജാമ്യമനുവദിച്ചിരുന്നു. ‘ഡൗണ്‍ ഡൗണ്‍ ഹിന്ദുസ്ഥാന്‍’ എന്ന് മുദ്രാവാക്യം വിളിച്ചുവെന്ന് പ്രഥമവിവര റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതിനെപ്പറ്റി വിശദീകരണം നല്‍കാന്‍ കഴിഞ്ഞദിവസം കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഡൗണ്‍ ഡൗണ്‍ ഹിന്ദുത്വ എന്നാണ് പ്രവര്‍ത്തകര്‍ വിളിച്ചതെന്നും റിപ്പോര്‍ട്ടില്‍ തെറ്റായി രേഖപ്പെടുത്തിയതാണെന്നും പൊലീസ് ചൊവ്വാഴ്ച കോടതിയെ അറിയിച്ചു.
മതസ്പര്‍ധ വളര്‍ത്തുംവിധം പ്രവര്‍ത്തിച്ചുവെന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമം 153 എ വകുപ്പ് ചുമത്താന്‍ ഉദ്ദേശ്യമില്ളെന്നും അറിയിച്ചു. പ്രതിഷേധപ്രകടനത്തിനിടെ അന്യായമായി പ്രതിചേര്‍ക്കുകയായിരുന്നെന്നും വിദ്യാര്‍ഥികളെന്ന പരിഗണന നല്‍കണമെന്നുമുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. അഡ്വ. ആര്‍.എം. സുബൈര്‍ പ്രതിഭാഗത്തിനായി ഹാജരായി. ആഴ്ചയില്‍ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍െറ മുന്നില്‍ ടൗണ്‍ സ്റ്റേഷനില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ ഒപ്പിടണമെന്നും പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും സമാനമായ കേസുകളില്‍ വീണ്ടും ഉള്‍പ്പെടരുതെന്നുമുള്ള നിര്‍ദേശത്തോടെയാണ് ജാമ്യം. പ്രകടനം തുടങ്ങി മിനിറ്റുകള്‍ക്കകം പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്ത് രാത്രി വൈകുംവരെ കസ്റ്റഡിയില്‍വെച്ചത് ഏറെ വിവാദമായിരുന്നു.
വിദ്യാര്‍ഥികള്‍ക്കെതിരായ കള്ളക്കേസ്: ആഭ്യന്തരമന്ത്രി മറുപടി പറയണം –എസ്.ഐ.ഒ
കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തിയ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയ നടപടിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി പറയണമെന്ന് സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള. ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ച സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പൊലീസ് അധികൃതരെ മുന്‍കൂട്ടി അറിയിച്ച് സമാധാനപരമായി നടത്തിയ മാര്‍ച്ചിനുനേരെ വളരെ മോശമായാണ് പൊലീസ് പെരുമാറിയത്. ലാത്തിച്ചാര്‍ജ് നടത്തി കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ കാണാനോ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനോ പൊലീസ് അനുവദിച്ചില്ല. ഇവരെ കാണാന്‍ സ്റ്റേഷനില്‍ എത്തിയവരെക്കൂടി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. പകല്‍ 11 മണിക്ക് അറസ്റ്റ് ചെയ്തവരെ രാത്രി വൈകിയാണ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്തവരെ കാണാന്‍ രക്ഷിതാക്കളെ അനുവദിച്ചില്ല.
കലാപമുണ്ടാക്കാന്‍ ശ്രമിച്ചു, വനിതാ പൊലീസുകാരെ ആക്രമിച്ചു, മാനഹാനിയുണ്ടാക്കി തുടങ്ങിയ വകുപ്പുകള്‍ക്കാണ് കേസെടുത്തത്. ‘ഡൗണ്‍ ഡൗണ്‍ ഹിന്ദുസ്ഥാന്‍’ എന്ന മുദ്രാവാക്യം വിളിച്ചതായ ആരോപണവും എഫ്.ഐ.ആറില്‍ പൊലീസ് എഴുതിച്ചേര്‍ത്തു. അത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പൊലീസ് പിന്നീട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. രാജ്യവിരുദ്ധ മുദ്രാവാക്യം എന്നെഴുതിയത് യാദൃച്ഛികമെന്ന് കരുതാനാവില്ല്ള. സംഘ്പരിവാര്‍ താല്‍പര്യമുള്ള ചിലര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്. ഈ വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടത്. കേന്ദ്ര സര്‍ക്കാറിന്‍െറ നിലപാടുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്നവരെ കേരള പൊലീസ് നേരിട്ട രീതി അംഗീകരിക്കാനാവില്ല. സ്റ്റേഷനില്‍ പ്രായപൂര്‍ത്തിയാകാത്തവരോട് കാണിച്ച നിലപാടിനെതിരെ ബാലാവകാശ കമീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ തൗഫീഖ് മമ്പാട്, എ. ആദില്‍, സംസ്ഥാന സമിതി അംഗം മുജീബ്റഹ്മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.