കോഴിക്കോട് സൗത്തില്‍ ഇടത് സ്ഥാനാര്‍ഥി പ്രഫ. എ.പി. അബ്ദുല്‍ വഹാബ്
text_fieldsകോഴിക്കോട്: ഇടതുമുന്നണി കോഴിക്കോട് സൗത് മണ്ഡലം സ്ഥാനാര്‍ഥിയായി ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. എ.പി. അബ്ദുല്‍ വഹാബ് മത്സരിക്കും. പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിനുശേഷമാണ് സ്ഥാനാര്‍ഥിപ്രഖ്യാപനമുണ്ടായത്. ഐ.എന്‍.എല്ലിന് അനുവദിച്ച കാസര്‍കോട്, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ഈ മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും ഉചിതനായ ആളെ ഇടതുമുന്നണി തിരുവനന്തപുരത്ത് ബുധനാഴ്ച പ്രഖ്യാപിക്കും. വഹാബിന്‍െറ പേര് ഐകകണ്ഠ്യേനയാണ് തീരുമാനിച്ചത്. കൂത്തുപറമ്പ് സീറ്റ് ഇടതുമുന്നണിയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടുവെന്നത് മാധ്യമസൃഷ്ടിയാണ്. കഴിഞ്ഞ തവണ മത്സരിക്കാനാവശ്യപ്പെട്ട കൂത്തുപറമ്പിന് പകരം ഇത്തവണ കോഴിക്കോട് സൗത്തില്‍ പാര്‍ട്ടി മത്സരിക്കണമെന്നാണ് മുന്നണി തീരുമാനം. കൂത്തുപറമ്പ് വേണമെന്ന് ഏതെങ്കിലും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതവരുടെ ആഗ്രഹം സ്വാഭാവികമായി പ്രകടിപ്പിച്ചതായി കണ്ടാല്‍ മതി.
ഇടതുമുന്നണി വിപുലീകരിക്കുകയാണെങ്കില്‍ ആദ്യ പരിഗണന ഐ.എന്‍.എല്ലിന് കിട്ടുമെന്ന് സി.പി.എം തന്നെ പറഞ്ഞിട്ടുണ്ട്. മുന്നണിയില്‍ പാര്‍ട്ടിക്ക് ഘടകകക്ഷിയെപ്പോലുള്ള പരിഗണനതന്നെ കിട്ടുന്നുമുണ്ട്. ഇടതുമുന്നണി വെറുതെയുള്ള കുറെ പാര്‍ട്ടികളുടെ കൂട്ടായ്മയല്ല. ആശയങ്ങള്‍ മുന്നോട്ടുവെക്കുന്ന സംഘമാണത്. അതിനാലാണ് ഞങ്ങള്‍ എല്‍.ഡി.എഫില്‍ നില്‍ക്കുന്നത് -നേതാക്കള്‍ പറഞ്ഞു.
മന്ത്രി ഡോ.എം.കെ. മുനീര്‍ വീണ്ടും കോഴിക്കോട് സൗത് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് മുസ്ലിം ലീഗ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ഇംഗ്ളീഷ് വകുപ്പ് മുന്‍ മേധാവിയും പ്രമുഖ വാഗ്മിയും എഴുത്തുകാരനുമാണ് എ.പി. അബ്ദുല്‍ വഹാബ്. 2001ല്‍ തിരൂരില്‍ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെയും 2006ല്‍ മഞ്ചേരിയില്‍ അബ്ദുറബ്ബിനെതിരെയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.