വർക്കല ശിവപ്രസാദ് വധം: പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്
text_fieldsശിവപ്രസാദ് വധം
ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടത്തെിയ ഡി.എച്ച്.ആര്‍.എം മുന്‍ സംസ്ഥാന ചെയര്‍മാന്‍ ഉള്‍പ്പെടെ ഏഴ് പ്രതികള്‍ക്കും അഡീഷനല്‍ സെഷന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ ജീവപര്യന്തം കഠിനതടവ് വിധിച്ചു. 2.95 ലക്ഷം രൂപ വീതം ഓരോ പ്രതിക്കും പിഴയും ചുമത്തിയിട്ടുണ്ട്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിനതടവിന് പുറമെ വധശ്രമത്തിന് 10 വര്‍ഷവും ഗൂഢാലോചനക്ക് ഏഴുവര്‍ഷവും അന്യായമായി സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ക്ക് ഒരോ വര്‍ഷം വീതവും തടവുശിക്ഷ വിധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ശിവപ്രസാദിന്‍െറ ഭാര്യക്ക് ആറുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഡി.എച്ച്.ആര്‍.എം മുന്‍ സംസ്ഥാന ചെയര്‍മാന്‍ ആലുവ സ്വദേശി ശെല്‍വരാജ്, തെക്കന്‍ മേഖല ഓര്‍ഗനൈസര്‍ ചെറുന്നിയൂര്‍ സ്വദേശി ദാസ്, കൊല്ലം പെരുമ്പുഴ സ്വദേശി ജയചന്ദ്രന്‍, ചെറുന്നിയൂര്‍ സ്വദേശി മധു എന്ന സജി, കൊല്ലം മുട്ടയ്ക്കാവ് ചേരി സ്വദേശി സുധി, വര്‍ക്കല സ്വദേശി സുധി സുര, അയിരൂര്‍ സ്വദേശി പൊന്നുമോന്‍ എന്ന സുനില്‍ എന്നിവരെയാണ് ശിക്ഷിച്ചത്.2009 സെപ്റ്റംബര്‍ 23ന് പുലര്‍ച്ചെ 5.30ഓടെയാണ് വര്‍ക്കല അയിരൂര്‍ സ്വദേശി ശിവപ്രസാദിനെ പ്രഭാത സവാരിക്കിടെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. അയിരൂര്‍ ഗവ. യു.പി. സ്കൂളിന് സമീപത്തായിരുന്നു ആക്രമണം. ശിവപ്രസാദിന്‍െറ കഴുത്തിനേറ്റ വെട്ടുകളാണ് മരണകാരണമായത്.
ശിവപ്രസാദിനെ ആക്രമിച്ചശേഷം സമീപത്തെ ക്ഷേത്രത്തിനടുത്തുവെച്ച് അനില്‍കുമാര്‍ എന്നയാളെ വെട്ടാന്‍ ഓടിച്ചെങ്കിലും രക്ഷപ്പെട്ടു. തുടര്‍ന്ന് മുന്നോട്ടുപോയ പ്രതികള്‍ കരിനിലക്കോട്ടുവെച്ച് ചായക്കടക്കാരന്‍ അശോകനെ വെട്ടിക്കൊല്ലാനും ശ്രമിച്ചു. വെട്ടേറ്റ അശോകന്‍ വീട്ടിലേക്ക് ഓടിക്കയറിയതോടെയാണ് പ്രതികള്‍ പിന്മാറിയത്. ആക്രമണങ്ങളിലൂടെ ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്‍റ് (ഡി.എച്ച്.ആര്‍.എം) എന്ന സംഘടന ശ്രദ്ധിക്കപ്പെടാനും സംഘടനയുടെ അംഗബലം ബോധ്യപ്പെടുത്താനുമാണ് പ്രതികള്‍ ആക്രമണം നടത്തിയത്. 2009 ഡിസംബര്‍ 23നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ ആരംഭിക്കുന്നതിന് രണ്ടുദിവസം മുമ്പ് കേസിലെ 15ാം പ്രതിയായിരുന്ന തത്തു എന്ന അനില്‍കുമാര്‍ മരിച്ചു. ആറാം പ്രതി മുകേഷ് ആക്രമണത്തിനുപയോഗിച്ച ആയുധങ്ങളുമായി ഒളിവില്‍ പോയി. ഇയാളെയും 11ാം പ്രതി സജീവിനെയും ഇനിയും പിടികൂടാനായിട്ടില്ല. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഹാഷിം ബാബു, അഡ്വ.ഡി.ജി. റെക്സ് എന്നിവര്‍ ഹാജരായി. അസിസ്റ്റന്‍റ് കമീഷണര്‍ പി. അനില്‍കുമാര്‍, സി.ഐ സി. മോഹനന്‍ എന്നിവരടങ്ങുന്ന സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
വിധി ദൗര്‍ഭാഗ്യകരം -സെലീന പ്രക്കാനം
വര്‍ക്കല: ശിവപ്രസാദ് കൊലക്കേസില്‍ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായ കോടതിവിധി ദൗര്‍ഭാഗ്യകരമാണെന്നും സംഘടനാ ശക്തി തെളിയിക്കാന്‍ കൊലപാതകത്തിന് കൂട്ടുനിന്നെന്ന പൊലീസിന്‍െറ ആരോപണം യുക്തിക്ക് നിരക്കാത്തതാണെന്നും ഡി.എച്ച്.ആര്‍.എം സംസ്ഥാന ചെയര്‍പേഴ്സണ്‍ സെലീന പ്രക്കാനം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഘടന കൊലപാതകത്തിലേക്ക് അണികളെ നയിച്ചെന്നോ സംഘടനാ പ്രവര്‍ത്തകര്‍ ആരെങ്കിലും കൊലചെയ്തെന്നോ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. എന്നാല്‍, ആരോപണങ്ങളുടെയും കെട്ടിച്ചമച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഏതാനുംപേരെ ശിക്ഷിക്കുകയായിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്‍െറ മുന്‍ ഭാരവാഹികളായ വര്‍ക്കല ദാസും വി.വി. ശെല്‍വരാജും സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ അഭയം തേടിയവരുമാണ്. സമാധാനത്തിന്‍െറ പാതയിലാണ് ഡി.എച്ച്.ആര്‍.എം സംഘടനാ സംവിധാനം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും സെലീന പ്രക്കാനം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.