ജിഷയുടെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍
text_fieldsകൊച്ചി/പെരുമ്പാവൂര്‍/ കണ്ണൂര്‍: രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ ക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കണ്ണൂരില്‍നിന്ന് പിടികൂടിയതായി സൂചന. അയല്‍വാസിയായ ഇയാളാണ് പ്രതിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ജിഷയുടെ വീട്ടില്‍നിന്ന് ഒരാള്‍ പോകുന്നത് കണ്ടതായി പൊലീസിന് നേരത്തേ ദൃക്സാക്ഷിയില്‍നിന്ന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ രേഖാചിത്രം തയാറാക്കുന്നതിനിടയിലാണ് മുഖ്യപ്രതിയെന്ന് കരുതുന്നയാള്‍ പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ കൊലപാതകമുണ്ടായ വ്യാഴാഴ്ച മുതല്‍ കാണാതായത് സംശയത്തിനു കാരണമായത്. കണ്ണൂരില്‍ പിടിയിലായ ഇയാളെ രാത്രിവൈകി പെരുമ്പാവൂര്‍ സ്റ്റേഷനിലത്തെിക്കുമെന്നാണ് വിവരം.
ബുധനാഴ്ച കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ ഇയാളാണോ യഥാര്‍ഥ പ്രതിയെന്ന് ഉറപ്പുവരുത്താന്‍ കഴിയൂവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
സംഘമായല്ല, ഒരാള്‍ തനിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് എറണാകുളം ഐ.ജി മഹിപാല്‍ യാദവ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഒരാള്‍ ജിഷയുടെ വീട്ടില്‍നിന്ന് പോകുന്നത് സമീപവാസികളായ ചിലര്‍ കണ്ടതായും വിശദ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച് സൂചന കിട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും കണ്ണൂരില്‍ പിടിയിലായ ആളാണോ യഥാര്‍ഥ പ്രതിയെന്ന് ഇപ്പോള്‍ പറയാനാകില്ളെന്നുമാണ് അന്വേഷണ പുരോഗതി വിലയിരുത്താന്‍ സംഭവ സ്ഥലത്ത് എത്തിയ എ.ഡി.ജി.പി പത്മ കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചത്.
കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ വീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷ (30) കഴിഞ്ഞ വ്യാഴാഴ്ചയാണ് ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ തിങ്കളാഴ്ചയാണ് അന്വേഷണം ഊര്‍ജിതമായത്. തുടര്‍ന്ന്, ജിഷയുടെ മൊബൈല്‍ പരിശോധിച്ച പൊലീസ് ചൊവ്വാഴ്ച രാവിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരാണ് പ്രതികളെന്ന് വാര്‍ത്ത പ്രചരിച്ചെങ്കിലും പൊലീസ് നിഷേധിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് മറ്റ് ചിലരെക്കൂടി സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന്, സമീപവാസികളുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് പ്രതിയുടെ രേഖാ ചിത്രം തയാറാക്കിയത്.
സംഭവത്തിന് പിന്നില്‍ മറുനാടന്‍ തൊഴിലാളികളാണെന്ന വാദം ആദ്യമേതന്നെ പൊലീസ് തള്ളിയിരുന്നു. എന്നാല്‍, ബലാത്സംഗത്തിനുശേഷം ക്രൂരമായി കൊലപ്പെടുത്താനും അതിനുശേഷം മൃതദേഹം കുത്തിക്കീറി വികൃതമാക്കാനും തക്ക വൈരാഗ്യമുള്ളവര്‍ ആര് എന്ന ചോദ്യത്തിന് മുന്നില്‍ അന്വേഷണം വഴിമുട്ടുകയായിരുന്നു. ഏതെങ്കിലും മനോരോഗിയാണോ ഇത് ചെയ്തതെന്ന് അന്വേഷിച്ചെങ്കിലും സമാന രീതിയിലുള്ള സംഭവം സമീപ ജില്ലകളില്‍നിന്നുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ അതിനുള്ള സാധ്യതയും തള്ളി. കഴിഞ്ഞ ദിവസങ്ങളിലായി അമ്പതോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കണ്ണൂരില്‍ പിടിയിലായ ആളുടെ പേരുവിവരങ്ങളും ഇയാള്‍ എങ്ങനെ കണ്ണൂരില്‍ എത്തിയെന്നുമുള്ള വിവരങ്ങളും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ജിഷയുടെ ദേഹത്ത് 30 ഓളം മുറിവുകളാണ് ഉണ്ടായിരുന്നത്. മാറിടത്തിലും കഴുത്തിലുമായി 13 ഇഞ്ച് ആഴത്തിലുള്ള രണ്ട് മുറിവുകളും കണ്ടത്തെിയിരുന്നു. ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡുകൊണ്ട് ആഴത്തില്‍ കുത്തിയിരുന്നു. തുടര്‍ന്ന് വന്‍കുടല്‍ പുറത്തുവരുകയും കമ്പികൊണ്ടുള്ള കുത്തില്‍ ജനനേന്ദ്രിയവും മലദ്വാരവും ഒന്നിച്ച അവസ്ഥയിലുമായിരുന്നു. പ്രതിഷേധം ശക്തമായതിനത്തെുടര്‍ന്നാണ് ആറാം ദിവസം പ്രതിയെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയില്‍ എടുത്തത്.
പെരുമ്പാവൂര്‍ സംഘര്‍ഷ ഭരിതം; ആഭ്യന്തര മന്ത്രിയെ തടഞ്ഞു
നാടിനെ നടുക്കിയ കൊലപാതകം അന്വേഷിക്കുന്നതില്‍ ഉണ്ടായ വീഴ്ചയില്‍ പെരുമ്പാവൂരില്‍ പ്രതിഷേധം ശക്തം. യുവതി കൊല്ലപ്പെട്ട് അഞ്ചാം ദിവസം പെരുമ്പാവൂരിലത്തെിയ ആഭ്യന്തര മന്ത്രിയടക്കം പ്രതിഷേധത്തിന്‍െറ മൂര്‍ച്ചയറിഞ്ഞു. നിയമ വിദ്യാര്‍ഥിനി കൂടിയായ ദലിത് യുവതി കൊല്ലപ്പെട്ട് അഞ്ചുദിവസവും കാര്യമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നില്ളെങ്കിലും യുവതി നേരിട്ട കൊടും പീഡനത്തിന്‍െറ ആഴം പുറത്തുവന്നതോടെ പ്രതിഷേധം അണപൊട്ടുകയായിരുന്നു. സംഭവത്തിന്‍െറ ഗൗരവം തിരിച്ചറിഞ്ഞതോടെ രാഷ്ട്രീയ നേതൃത്വവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചൊവ്വാഴ്ച പെരുമ്പാവൂരിലത്തെി. ഒപ്പം മാധ്യമപ്രവര്‍ത്തകരും തടിച്ചുകൂടി. ഇതിനിടെ, അഭ്യന്തരമന്ത്രിക്കും പൊലീസിനുമെതിരെ പ്രതിഷേധ പ്രകടനങ്ങളും ശക്തമായി.
രാവിലെ മുതല്‍ പ്രതിയെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. മൂന്ന് മറുനാടന്‍ തൊഴിലാളികള്‍ പിടിയിലായെന്നാണ് ആദ്യം പുറത്തുവന്ന വിവരം. കുറച്ചുകഴിഞ്ഞപ്പോള്‍ പൊലീസ് ഇത് തള്ളി. അതിനിടെ, ഉച്ചക്കുമുമ്പ് അറസ്റ്റുണ്ടാകുമെന്നും പ്രതികളെ ഹാജരാക്കുമെന്നും വാര്‍ത്ത പരന്നു. ഇതുകേട്ട് പൊലീസ് സ്റ്റേഷന് മുമ്പിലും ജനക്കൂട്ടം പെരുകി. ഉച്ചയോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജിഷയുടെ അമ്മ രാജേശ്വരിയെ ഗവ. ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുമെന്നും അപ്പോള്‍ പ്രതികളെ സംബന്ധിച്ച് സൂചന നല്‍കുമെന്നുമായിരുന്നു അടുത്ത പ്രചാരണം. ചെന്നിത്തല പെരുമ്പാവൂരില്‍ എത്തുകയും ചെയ്തു. എന്നാല്‍, അപ്രതീക്ഷിതമായി പ്രതിഷേധം ഉയര്‍ന്നതിനാല്‍ മന്ത്രിക്ക് തിരികെ പോകേണ്ടിവന്നു. ആശുപത്രി കവാടത്തില്‍ തമ്പടിച്ചിരുന്ന എസ്.ഡി.പി.ഐ, എ.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പെട്ടെന്ന് കാറിന് മുമ്പിലേക്ക് ചാടി മന്ത്രിയെ തടയുകയായിരുന്നു. ഒപ്പം, കരിങ്കൊടി കാണിക്കുകയും കൊടിക്കാലുകള്‍കൊണ്ടും മറ്റും വാഹനത്തില്‍ അടിക്കുകയും ചെയ്തു. ഈ സമയം പരിസരത്തുണ്ടായിരുന്ന ഏതാനും പൊലീസുകാര്‍ക്ക് ഒന്നും ചെയ്യാനുമായില്ല. അപ്രതീക്ഷിത നീക്കത്തില്‍ മന്ത്രിയും പകച്ചു. 10 മിനിറ്റോളം മന്ത്രിയുടെ കാര്‍ റോഡില്‍ പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ കിടന്നു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിക്ക് ഉള്ളില്‍ കടക്കാനായില്ല. ഡ്രൈവര്‍ തിടുക്കത്തില്‍ ഹോണ്‍ മുഴക്കി വാഹനം മുന്നോട്ടെടുത്തതുകൊണ്ടും യൂത്ത് കോണ്‍ഗ്രസ് വാഹനത്തിന് സുരക്ഷയൊരുക്കിയതുകൊണ്ടുമാണ് മന്ത്രിക്ക് പോകാന്‍ കഴിഞ്ഞത്. തുടര്‍ന്ന് മന്ത്രി ജിഷയുടെ കുറുപ്പംപടിയിലെ വീട് സന്ദര്‍ശിച്ചു.
ഇതിനിടെ ആഭ്യന്തര സെക്രട്ടറി ജില്ലാ കലക്ടറോട് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി. രാവിലെ 11 മുതല്‍ അന്വേഷണ നടപടികള്‍ വിലയിരുത്താന്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഓഫിസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. പതിനൊന്നരയോടെ മുഖം മറച്ച നിലയില്‍ ആറടിയോളം പൊക്കമുള്ള യുവാവിനെ ഡിവൈ.എസ്.പി ഓഫിസില്‍ എത്തിച്ചതോടെയാണ് പ്രതി അറസ്റ്റില്‍ എന്ന തരത്തില്‍ ചാനലുകളില്‍ ഫ്ളാഷുകള്‍ മിന്നിമറഞ്ഞത്. താമസിയാതെ മറ്റൊരാളെയും ഇവിടെയത്തെിച്ചു.
സ്ഥിതിഗതികള്‍ ഇത്രയുമായതോടെ ഡിവൈ.എസ്.പി ഓഫിസ് പരിസരം പ്രതിഷേധക്കാരെകൊണ്ട് നിറഞ്ഞു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഒന്നിനു പിറകെ ഒന്നായി പ്രതിഷേധ പ്രകടനങ്ങള്‍ എത്തിയതോടെ പരിസരത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതിനിടയില്‍ ആദ്യമത്തെിച്ചയാളെ ചോദ്യം ചെയ്ത് പുറത്തത്തെിച്ചു. രണ്ടാമനെ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി. ആദ്യത്തെയാളെ 40 മിനിറ്റോളവും രണ്ടാമത്തെ ആളെ അരമണിക്കൂറും ചോദ്യംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.