പശ്ചിമഘട്ട സംരക്ഷണം: മുഖ്യമന്ത്രിക്കെതിരെ ഹരജി
text_fields
കൊച്ചി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചത് കെട്ടിച്ചമച്ച റിപ്പോര്‍ട്ടാണെന്നും ഇതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. മൂവാറ്റുപുഴ രണ്ടാര്‍ സ്വദേശി ലാല്‍ കുര്യനാണ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മറികടക്കാന്‍ വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ കെട്ടിച്ചമച്ച സര്‍വേയുടെ പേരിലാണ് സര്‍ക്കാര്‍ ശിപാര്‍ശ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മന്‍, മെംബര്‍ സെക്രട്ടറി ഡോ. കെ.പി. ലാലാദാസ് എന്നിവരുടെ ഗൂഢാലോചനയുണ്ടെന്നും ഹരജിയില്‍ പറയുന്നു.
2012ലെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ 123 വില്ളേജുകള്‍ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളാണ്. ഈ പ്രദേശങ്ങളില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ടെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ പാടില്ളെന്ന് വ്യവസ്ഥയുണ്ട്. തോട്ടമുടമകളുടെയും കൈയേറ്റക്കാരുടെയും കൈവശമുള്ള വനഭൂമിയുള്‍പ്പെടെയുള്ള ഈ മേഖലയെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ജൈവ വൈവിധ്യ ബോര്‍ഡ് 2015 ജൂലൈയില്‍ മറ്റൊരു ശിപാര്‍ശ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു. കൃഷിക്കാരുടെ പേരുപറഞ്ഞ് വനഭൂമി മാത്രമാണ് സംരക്ഷിക്കപ്പെടേണ്ട ഭൂമിയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. വനം കൈയേറ്റക്കാരുടെയും മറ്റും കൈവശമുള്ള 3200 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഒഴിവാക്കുകയും ചെയ്തു. ഇത് വനം വകുപ്പ് എതിര്‍ത്തെങ്കിലും അത് മറികടന്നാണ് ശിപാര്‍ശ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയത്.
പശ്ചിമഘട്ട മേഖലയിലെ കൈയേറ്റങ്ങള്‍ കൊടും വരള്‍ച്ചക്കും ജലക്ഷാമത്തിനും അതുവഴി കൃഷിനാശത്തിനും കാരണമാകും. വനഭൂമി സ്വകാര്യഭൂമിയാക്കി മാറ്റി പിന്നീട് ഖനനത്തിനും റിസോര്‍ട്ട് നിര്‍മാണത്തിനും വിട്ടുകൊടുക്കാനുള്ള നീക്കമാണ് സര്‍ക്കാറും ജൈവ വൈവിധ്യ ബോര്‍ഡും നടത്തുന്നത്. ശിപാര്‍ശാ റിപ്പോര്‍ട്ടിനുവേണ്ടി കെട്ടിച്ചമച്ച സര്‍വേക്കും സ്കെച്ചിനും ആധികാരികതയില്ല. ഈ സാഹചര്യത്തില്‍ ശിപാര്‍ശാ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.