റവന്യൂവകുപ്പിലെ ഫയല്‍ മാറ്റം; തിരക്കിട്ട നീക്കത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ആശങ്ക
text_fields
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ റവന്യൂവിഭാഗത്തില്‍നിന്ന് ഫയലുകള്‍ തിരക്കിട്ട് അനക്സ് രണ്ടിലേക്ക് മാറ്റുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ആശങ്ക. റവന്യൂവകുപ്പിലെ ഫയലുകള്‍ സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലേക്ക് മാറ്റണമെന്ന് ഏപ്രില്‍ 30നാണ് പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഉത്തരവിറക്കിയത്. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകള്‍ പുതുതായി നിര്‍മിച്ച അനക്സ് രണ്ടിലേക്ക് മാറ്റിസ്ഥാപിക്കുന്നതിന്‍െറ ആദ്യഘട്ടമായി റവന്യൂവിഭാഗം (സെക്രട്ടറിയുടെ ഓഫിസ്) മാറ്റിസ്ഥാപിക്കാനാണ് തീരുമാനം.
ഈമാസം അഞ്ചിന് റവന്യൂവകുപ്പിലെ എല്ലാ ഫയലും കമ്പ്യൂട്ടര്‍ യു.പി.എസ്/മോണിറ്റര്‍, ടെലിഫോണ്‍ തുടങ്ങിയവ അനക്സിലേക്ക് മാറ്റിത്തുടങ്ങും. ഒമ്പതിനുമുമ്പ് ഫയലുകള്‍ പൂര്‍ണമായും അനക്സിലേക്ക് മാറ്റും. വകുപ്പിന്‍െറ പ്രവര്‍ത്തനം അനക്സിലെ ഒന്നാംനിലയില്‍ പൂര്‍ണതോതില്‍ ഒമ്പതുമുതല്‍ തുടങ്ങണമെന്നാണ് നിര്‍ദേശം.
എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫയലുകള്‍ തിരക്കുപിടിച്ച് നീക്കുന്നതിലാണ് ഉദ്യോഗസ്ഥര്‍ക്ക് ആശങ്ക. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പ് റവന്യൂവകുപ്പിലെ പല ഉത്തരവും വിവാദമായിരുന്നു. പല വിഷയങ്ങളും മന്ത്രിസഭയുടെ പരിഗണനക്ക് എത്തിയത് അജണ്ടയിലുള്‍പ്പെടുത്താതെയാണെന്നും വ്യക്തമായിരുന്നു. മെത്രാന്‍ കായല്‍, കടമക്കുടി, സന്തോഷ് മാധവന്‍െറ ഭൂമിയിളവ്, കരുണ എസ്റ്റേറ്റിന്‍െറ ഭൂമിക്ക് കരമടക്കാന്‍ അനുമതി തുടങ്ങി വിവാദമായ ഉത്തരവുകളുടെയും ഫയലുകള്‍ റവന്യൂവകുപ്പിലാണ്. ഇതില്‍ പലതിലും വിജിലന്‍സ്, ലോകായുക്ത അന്വേഷണം നടക്കുന്നുണ്ട്.
മുമ്പ് സര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന് പുതിയ സ്ഥലത്തേക്ക് ഫയലുകള്‍ മാറ്റിയപ്പോള്‍ പലതും കാണാതായ സംഭവങ്ങള്‍ നിരവധിയാണ്. സെക്രട്ടേറിയറ്റില്‍നിന്ന് അഞ്ചുവകുപ്പുകളാണ് അനക്സ് രണ്ടിലേക്ക് മാറ്റുന്നത്. റവന്യൂ, ആഭ്യന്തരം, വനം-വന്യജീവി, ജനറല്‍ എജുക്കേഷന്‍, ആരോഗ്യം തുടങ്ങിയവ. എന്നാല്‍, ഇപ്പോള്‍ റവന്യൂവകുപ്പിനുമാത്രം നറുക്കുവീണതിലാണ് ഉദ്യോഗസ്ഥര്‍ക്ക് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.