ജിഷയെ കൊന്നത് കഴുത്തു ഞെരിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
text_fieldsആലപ്പുഴ: പെരുമ്പാവൂരിലെ നിയമ വിദ്യാർഥി ജിഷയെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മാരകമായ മുറിവുകളും പുറത്ത് കടിയേറ്റ പാടുകളും ഉണ്ടായിരുന്നു. ആന്തരിക അവയവങ്ങള്‍ പലതും തകര്‍ന്നിരുന്നു. 13 സെന്റിമീറ്റര്‍ ആഴത്തിലുള്ള 3 മുറിവുകള്‍ ജിഷയുടെ കഴുത്തിലും നെഞ്ചിലുമായുണ്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാകാം ശരീരത്തില്‍ ക്രൂരമായ മുറിവുകള്‍ വരുത്തിയതെന്നും സൂചനയുണ്ട്.
പെണ്‍കുട്ടിയുടെ പുറത്ത് പല്ല് കൊണ്ടുള്ള മുറിവുകളും ഉണ്ട്. ഇതിന്റെ സാമ്പിളുകള്‍ എടുത്ത് ഡിഎന്‍എ ടെസ്റ്റിനു അയച്ചിട്ടുണ്ട്. ജിഷയുടെ ആന്തരികാവയവങ്ങളുടേതുള്‍പ്പെടെയുള്ള ഡി.എന്‍.എ പരിശോധന തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലായിരിക്കും നടത്തുക. പോസ്റ്റ്മോര്‍ട്ടം നടത്തിയ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിനു കൈമാറി. ഒരോ മുറിവിന്റെയും ആഴവും വിശദാംശങ്ങളും ഉള്‍പ്പെടുന്ന അഞ്ച് പേജുള്ള റിപ്പോര്‍ട്ടാണ് പൊലീസിന് കൈമാറിയത്.
ജിഷയുടെ ശരീരത്തില്‍ 38 മുറിവുണ്ടായിരുന്നെന്ന് അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ചെറുതും വലുതുമായിരുന്നു മുറിവുകള്‍. ജിഷയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ഇരുതോളിലും മാറിടങ്ങളിലും വിരല്‍പാടുകള്‍ ഞെരിഞ്ഞമർന്ന അടയാളങ്ങള്‍ ഉള്ളതിനാലാണ് പീഡനം നടന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന നല്‍കുന്നത്. ജിഷയുടെ ജനനേന്ദ്രിയത്തില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ ആന്തരികാവയവങ്ങള്‍ തകര്‍ന്ന നിലയിലായിരുന്നു.
അതേസമയം, പി.ജി വിദ്യാര്‍ഥിയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന വാര്‍ത്ത മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിച്ചു. ഫോറന്‍സിക് വിഭാഗം ഡെപ്യൂട്ടി സര്‍ജന്‍ ഡോ. ലിസ ജോണിന്‍െറ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പോസ്റ്റ്മോര്‍ട്ടം നടത്തിയത് പി.ജി വിദ്യാര്‍ഥിയാണെന്ന വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡി.എം.ഇ) ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോടാണ് നേരിട്ടുപോയി അന്വേഷിച്ച് വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.എം.ഇ ഡോ. റംലാബീവി ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കേണ്ട സീനിയര്‍ തസ്തികയിലുള്ള നാല് ഡോക്ടര്‍മാരുള്ളപ്പോഴാണ് പി.ജി ഡോക്ടറെ ചുമതല ഏല്‍പിച്ചതെന്നാണ് ആക്ഷേപം ഉയര്‍ന്നത്. സംഭവം വിവാദമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ ഡോക്ടറുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് വരുത്താന്‍ ശ്രമം ഉണ്ടായതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.