പ്രശ്നബാധിത ബൂത്തുകളിലെ പോളിങ് ഇന്‍റര്‍നെറ്റിലൂടെ പൊതുജനങ്ങള്‍ക്ക് കാണാം
text_fieldsകണ്ണൂര്‍: പ്രശ്നബാധിത ബൂത്തുകളിലെ പോളിങ് ഇന്‍റര്‍നെറ്റിലൂടെ തല്‍സമയം പൊതുജനങ്ങള്‍ക്കും കാണാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി. ഇത് അസാധാരണ നടപടിയാണ്. ആവശ്യപ്പെടുന്ന ജില്ലകള്‍ക്ക് ഈ സൗകര്യം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ പ്രത്യേകാനുമതി നല്‍കും.കള്ളവോട്ടിന്‍െറ പേരില്‍ പോളിങ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ കണ്ണൂര്‍ ജില്ലയാണ് ഇത്തരമൊരു ആവശ്യം ആദ്യമായി കമീഷന് മുന്നില്‍ വെച്ചത്. പോളിങ് സ്റ്റേഷനുകള്‍ക്കുള്ളിലെ കാഴ്ചകള്‍ പൊതുജനത്തിന് കാണാവുന്നവിധം വെബ്കാസ്റ്റിങ് സംവിധാനം വിപുലീകരിക്കാന്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ വന്‍ സന്നാഹമാണ് ഒരുങ്ങുന്നത്. അന്തിമാനുമതി കിട്ടിയാല്‍ നടപ്പാക്കാവുന്ന വിധത്തിലുള്ള സംവിധാനങ്ങളാണ് ഒരുങ്ങുന്നത്.സംസ്ഥാനത്ത് വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുന്ന മൂവായിരത്തോളം ബൂത്തുകളില്‍ ആയിരത്തോളം കണ്ണൂര്‍ ജില്ലയിലാണ്. 650 ബൂത്തുകളാണ് ആദ്യം നിര്‍ണയിച്ചിരുന്നത്. പിന്നീട് 300 ബൂത്തുകള്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശപ്രകാരം ഉള്‍പ്പെടുത്തുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 1629 ബൂത്തുകളാണുള്ളത്. ഇതില്‍ പകുതിയിലേറെ പ്രശ്ന ബൂത്തുകളാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വെബ്കാസ്റ്റിങ് നാമമാത്രമായിരുന്നു. പ്രശ്നബൂത്തുകളിലെ കാമറ യൂനിറ്റ് വഴിയാണ് ജില്ലാ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ പോളിങ് നടപടികള്‍ കണ്ടിരുന്നത്. ക്രമസമാധാനവുമായി ബന്ധമുള്ള സേനയെയും ജില്ലാ ഭരണകൂടത്തെയും തെരഞ്ഞെടുപ്പ് നിരീക്ഷകരെയും കമീഷനെയും മാത്രം ബന്ധപ്പെടുത്തിയാണ് ഇതുവരെ വെബ്കാസ്റ്റിങ് സംവിധാനമുണ്ടായിരുന്നത്. പൊതുജനങ്ങള്‍ ഇത് കാണാനിടയായാല്‍ ക്രമസമാധാന നിലയെ ബാധിക്കുമെന്നായിരുന്നു ആശങ്ക. എന്നാല്‍, പാര്‍ട്ടികളുടെ മേല്‍ക്കൈയുള്ളിടത്ത് പോളിങ് ഉദ്യോഗസ്ഥര്‍ ബലിയാടാവുന്നതിനാല്‍ അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ വെബ്കാസ്റ്റിങ് ബൂത്തുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യമുയര്‍ന്നു.
അതേസമയം, ഇത് പൊതുജനത്തിന് കാണാവുന്ന വിധത്തിലാക്കണമെന്ന നിലപാട് തെരഞ്ഞെടുപ്പ് കമീഷന്‍ സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ 173 ബൂത്തുകളിലെ മാത്രം പോളിങ് നടപടികളാണ് ജില്ലാ ഭരണകൂടവും കമീഷനും വെബ്കാസ്റ്റിങ്ങിലൂടെ കണ്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 408 ബൂത്തുകളില്‍ സംവിധാനം ഏര്‍പ്പെടുത്തി. കള്ളവോട്ടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതോടെ പ്രശ്നബൂത്തുകളില്‍ ഡ്യൂട്ടി ലഭിക്കാന്‍ സാധ്യതയുള്ളവരുടെ മെഡിക്കല്‍ അവധി അപേക്ഷ കുന്നുകൂടുകയാണ്. ഇതുകൂടി പരിഗണിച്ചാണ് വെബ്കാസ്റ്റിങ് വിപുലീകരിക്കാന്‍ തീരുമാനിച്ചത്.
മറ്റു ജില്ലകളില്‍ വെബ്കാസ്റ്റിങ് പൊതുജനത്തിന് കാണുന്ന വിധത്തില്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സ്റ്റേറ്റ് ഐ.ടി മിഷന്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ അക്ഷയ മുഖേനയാണ് ബൂത്തുകളില്‍ വെബ്കാമറകള്‍ സ്ഥാപിക്കുക. കെല്‍ട്രോണിനാണ് സോഫ്റ്റ്വെയര്‍ ചുമതല. കണ്ണൂര്‍ കലക്ടറേറ്റില്‍ 600 ലാപ്ടോപ്പുകളും 100 ജീവനക്കാരും ഉള്‍പ്പെടുന്നതാണ് കണ്‍ട്രോള്‍ യൂനിറ്റ് സന്നാഹം. വെബ്കാസ്റ്റിങ് ബൂത്തുകളില്‍ അടിയന്തര ഘട്ടത്തില്‍ സേവനത്തിന് 11 മൊബൈല്‍ പട്രോളിങ് യൂനിറ്റുകളുമുണ്ടാകും. ഒരു ബൂത്തില്‍ ഒരേ വ്യക്തികള്‍ പലതവണ പലപേരിലും വോട്ടുചെയ്യുന്നതാണ് കണ്ണൂര്‍ ജില്ലയിലെ ‘കനത്ത പോളിങ്’ നടക്കുന്ന പാര്‍ട്ടി കേന്ദ്രങ്ങളിലെ രീതി. ഇത് തടയാന്‍ കോടതി കൂടി നിര്‍ദേശിച്ചതനുസരിച്ചാണ് വെബ്കാസ്റ്റിങ് സംവിധാനം വിപുലീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.