അന്വേഷണം നാലുപേരിലേക്ക്; അടുത്ത ബന്ധുവിനെ ഇന്ന് കസ്റ്റഡിയിലെടുക്കും
text_fieldsപെരുമ്പാവൂര്‍: ജിഷ വധവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നത് നാലുപേരെ കേന്ദ്രീകരിച്ച്. ജിഷയുടെ ബന്ധു, ബന്ധുവിന്‍െറ സുഹൃത്ത്, അയല്‍വാസി, ഒരു ഇതരസംസ്ഥാന തൊഴിലാളി എന്നിവരെ കേന്ദ്രീകരിച്ചാണിത്. വെള്ളിയാഴ്ച രാവിലെ രണ്ട് ബസ് ജീവനക്കാരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു.
ഇവര്‍ ഉള്‍പ്പെടെ മുപ്പതോളം പേരെയാണ് വിവിധ സ്റ്റേഷനുകളില്‍ ചോദ്യംചെയ്യുന്നത്. ചോദ്യംചെയ്യലില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധുവിനെ ശനിയാഴ്ച കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് സൂചന നല്‍കി. എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍ നേരിട്ടത്തെിയാണ് അന്വേഷണ നടപടികള്‍ നിയന്ത്രിക്കുന്നത്. അതിനിടെ, അയല്‍വാസികളില്‍നിന്ന് വെള്ളിയാഴ്ച രാവിലെ ലഭിച്ച മൊഴി സംഭവത്തിലേക്ക് കൂടുതല്‍ വെളിച്ചംവീശുമെന്നാണ് നിഗമനം.
28ന് ഉച്ചക്ക് ഒന്നിനും വൈകുന്നേരം അഞ്ചിനും ഇടയിലാകാം ജിഷ കൊല്ലപ്പെട്ടത് എന്ന തികച്ചും അവ്യക്തമായ വിവരമായിരുന്നു ഇതുവരെ അന്വേഷണസംഘത്തിനുണ്ടായിരുന്നത്. എന്നാല്‍, പുതിയ മൊഴിയില്‍, കൊലപാതകം വൈകുന്നേരം 5.40നും ആറിനുമിടയിലാണ് എന്ന വ്യക്തത കൈവന്നു. വൈകുന്നേരം 5.40നോട് അടുത്ത് വീട്ടില്‍നിന്ന് ജിഷയുടെ നിലവിളിയും ഞരക്കവും കേട്ടതായാണ് അയല്‍വാസികള്‍ മൊഴിനല്‍കിയത്. മൂന്നുപേരാണ് സമാന മൊഴിനല്‍കിയത്.
ആറുമണി കഴിഞ്ഞ സമയത്ത് മഞ്ഞ ഷര്‍ട്ട് ധരിച്ച ഒരാള്‍ പിന്നിലെ കനാല്‍വഴി കടന്നുപോകുന്നത് കണ്ടതായും മൊഴിലഭിച്ചു. ഇതോടെ മരണം 5.45ഓടെയാണെന്ന നിഗമനത്തിലാണ് സംഘം എത്തിയത്.
കൂടാതെ, വൈകുന്നേരം അഞ്ചിന് ജിഷ തൊട്ടടുത്ത പൈപ്പില്‍നിന്ന് വെള്ളമെടുത്ത് പോകുന്നത് കണ്ടെന്ന മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.