മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ; ഉമ്മൻചാണ്ടിക്ക് സുധീരന്‍റെ തിരുത്ത്
text_fieldsതിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍റെ തിരുത്ത്. കേരളത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽത്തന്നെയാണ് പ്രധാന മത്സരമെന്ന് സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിക്ക് ഏതെങ്കിലും രീതിയിലുള്ള മുന്നേറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. നുഴഞ്ഞുകയറാൻ ബി.ജെ.പി ശ്രമിക്കുമെങ്കിലും കേരളത്തിലെ ജനത അതിന് അനുവദിക്കില്ലെന്നും സുധീരൻ പറഞ്ഞു.
ബി.ജെ.പിക്ക് ശക്തിയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് പ്രധാനമത്സരമെന്നും സി.പി.എം മൂന്നാംസ്ഥാനത്ത് ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ബംഗാളില്‍ എഴുന്നേറ്റുനില്‍ക്കാന്‍ സി.പി.എം കോണ്‍ഗ്രസിന്‍റെ കൈപിടിച്ച സ്ഥിതി അറിയാമല്ലോയെന്നും കുട്ടനാട്ടിലെ പ്രചരണ യോഗത്തിനിടെ ഉമ്മൻചാണ്ടി ചോദിച്ചു. ഇത് സംബന്ധിച്ച വാർത്ത മാധ്യമങ്ങളിൽ വന്നയുടനെയാണ് സുധീരന്‍റെ പ്രതികരണമുണ്ടായത്. അരുവിക്കര ഉപതെരഞ്ഞടുപ്പിന് മുമ്പും ഉമ്മൻചാണ്ടി സമാനപ്രസ്താവന നടത്തിയിരുന്നു.
ബി.ജെ.പിയുടെ ശക്തി മുഖ്യമന്ത്രി തിരിച്ചറിഞ്ഞുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ബി.ജെ.പി വിമുക്ത നിയമസഭയാണ് ലക്ഷ്യം വെക്കുന്നതെന്ന പറഞ്ഞ എ.കെ. ആന്‍റണിയാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനക്ക് ഉത്തരം പറയേണ്ടത് എന്നും കുമ്മനം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി കള്ളം ആവർത്തിക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി. അരുവിക്കര ഉപതെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി ഇത്തരത്തിൽ പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ ഫലം വന്നപ്പോൾ സത്യമെന്തെന്ന് എല്ലാവരും തിരിച്ചറിഞ്ഞെന്ന് എം.എ ബേബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.