ഉമ്മൻചാണ്ടിയുടെ പ്രസ്താവന: യു.ഡി.എഫ്-ബി.ജെ.പി രഹസ്യ നീക്കത്തിന്‍റെ ഭാഗം -കോടിയേരി
text_fieldsതിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പ്രധാനമത്സരമെന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്താവന ബി.ജെ.പിയുമായി യു.ഡി.എഫ് ഉണ്ടാക്കിയ രഹസ്യ നീക്കത്തിന്‍റെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുമ്പ് അരുവിക്കരയിലും ഇത് പ്രയോഗിച്ചതാണെന്നും അക്കാര്യം പിന്നീട് ജനങ്ങൾ മനസിലാക്കിയെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.
കുറച്ചു സീറ്റുകളിൽ ബി.ജെ.പിയെ വിജയിപ്പിച്ച് യു.ഡി.എഫിനെ അധികാരത്തിലേറ്റാനുള്ള ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഈ അവിശുദ്ധ കൂട്ടുകെട്ടിന് അംഗീകാരം നൽകുന്നതിനാണ് ഉമ്മൻചാണ്ടി ഇത്തരത്തിൽ പരസ്യ നിലപാട് സ്വീകരിച്ചത്. ഇതിനെ യു.ഡി.എഫ് തന്നെ തള്ളിക്കളയും. ഈ നിലപാടിനോട് മുസ്ലിം ലീഗ് യോജിക്കുന്നുണ്ടോയെന്നും കോടിയേരി ചോദിച്ചു.
ദയനീയ പരാജയം മുന്നിൽ കണ്ടാണ് ഉമ്മൻചാണ്ടി ഈ നിലപാടിലേക്കെത്തിയത്. തെരഞ്ഞെടുപ്പിൽ സ്ത്രീ സുരക്ഷ സജീവ ചർച്ചയായിരിക്കുന്നു. സുരക്ഷ ഉറപ്പാക്കാത്തവർക്ക് സ്ത്രീകൾ വോട്ടുചെയ്യില്ല. ഇടതുമുന്നണി 106 സീറ്റിൽ വിജയിക്കുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് ഉമ്മൻചാണ്ടിക്ക് കിട്ടിയിട്ടുണ്ട്. അവിശുദ്ധ കൂട്ടുകെട്ടിനെ തോൽപിച്ച് ഇടതുമുന്നണി അധികാരത്തിലേറും എന്നതിൽ തർക്കമില്ല. ഇതിനെതിരെ യു.ഡി.എഫിനകത്ത് തന്നെ പ്രതികരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അദാനിയുമായി വിഴിഞ്ഞം കരാർ ഒപ്പിട്ടപ്പോൾ തന്നെ ഇതിനുള്ള അണിയറ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേരളം യു.ഡി.എഫ്--ബിജെ.പി എന്ന രീതിയിലേക്ക് മാറ്റി എൽ.ഡി.എഫിനെ അപ്രസക്തമാക്കണമെന്ന കോർപ്പറേറ്റ് താൽപര്യമാണ് നീക്കത്തിന് പിന്നിൽ. വി.എം സുധീരനും ഉമ്മൻ ചാണ്ടിയും ഇക്കാര്യത്തിൽ ഒത്തുകളിക്കുകയാണ്. ഉമ്മൻ ചാണ്ടിക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈകമാൻഡിനോട് ആവശ്യപ്പെടാൻ സുധീരൻ തയാറുണ്ടോയെന്നും കോടിയേരി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.