പെരുമ്പാവൂരിൽ ‘ജസ്റ്റിസ് ഫോര്‍ ജിഷ’ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്
text_fieldsപെരുമ്പാവൂര്‍: ബലാല്‍ത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷക്ക് നീതി തേടി ‘ജസ്റ്റിസ് ഫോര്‍ ജിഷ’ ഫേസ് ബുക്ക് കൂട്ടായ്മ പ്രവര്‍ത്തകര്‍ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിന് നേരെ ലാത്തിച്ചാർജ്. ഡി.വൈ.എസ്.പി ഓഫീസിന് മുന്നില്‍ പൊലീസ് തടയുകയും പങ്കെടുത്തവരെ മര്‍ദ്ദിക്കുകയുമായിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകളെയടക്കം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ലാത്തിചാര്‍ജില്‍ പരിക്കേറ്റ ഐശ്വര്യ, ദിയ, സുജഭാരതി എന്നിവരെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടു.
ഫേസ്ബുക്ക് കൂട്ടായ്മ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രാവിലെ പത്തുമണിയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. കേസില്‍ തെളിവുകള്‍ നശിപ്പിച്ച കുറുപ്പംപടി സി.ഐയെ കേസന്വേഷണത്തില്‍ നിന്നും മാറ്റിനിര്‍ത്തുക. ജിഷയുടെ അമ്മ രാജേശ്വരി വധഭീഷണി അടക്കമുള്ള പരാതികള്‍ നല്‍കിയിട്ടും നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്.
രാവിലെ പെരുമ്പാവൂര്‍ ടൗണില്‍ വാഹനതടസം സൃഷ്ടിച്ചെന്നാരോപിച്ചും പൊലീസ് സമരക്കാരെ മര്‍ദിച്ചിരുന്നു. ജിഷയുടെ കൊലപാതകത്തിലെ അന്വേഷണം നീതിപൂര്‍വ്വം നടപ്പാക്കുക, സ്ത്രീയെ ശരീരം മാത്രമായി കാണുന്ന പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥയെ തകര്‍ത്തെറിയുക, ഭരണകൂടത്തിന്‍റെ ജാതിവിവേചനം അവസാനിപ്പിക്കുക, ജിഷയുടെ കുടുംബം അനുഭവിച്ച സാമൂഹിക പീഡനം അന്വേഷിക്കുക തുടങ്ങിയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. കുറ്റവാളികളെ പിടികൂടുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് സംഘാടകര്‍ പറഞ്ഞു. മെയ് പത്തിന് ആഹ്വാനം ചെയ്ത കേരള ഹര്‍ത്താലിന് പിന്തുണ നല്‍കുന്നതായും സംഘാടകര്‍ പറഞ്ഞു. -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.