മോദി ഗുജറാത്തില്‍ നടപ്പാക്കേണ്ടത് കേരള മാതൃകയെന്ന് യെച്ചൂരി
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ നടപ്പാക്കേണ്ടത് കേരള മാതൃകയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് വര്‍ഗീയവിഷം തീണ്ടുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് ഒൗദ്യോഗിക രക്ഷാകര്‍തൃത്വം നല്‍കുന്നത് മോദിയാണെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
കേരളത്തില്‍ 60 വര്‍ഷമായി വികസനം ഇല്ളെന്നും ഗുജറാത്ത് മോഡല്‍ കൊണ്ടുവരാമെന്നുമാണ് മോദി സംസ്ഥാനത്തുവന്ന് വാഗ്ദാനം നല്‍കുന്നത്. മാനവവിഭവ സൂചകങ്ങളില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. ഗുജറാത്തിന് 12ാം സ്ഥാനം മാത്രം. അതിനാല്‍ ഗുജറാത്ത് മോഡലല്ല കേരളത്തില്‍ കൊണ്ടുവരേണ്ടത്. പ്രധാനമന്ത്രി ഇവിടെവന്ന് അസത്യപ്രചാരണം നടത്തുകയാണ്. സോമാലിയയെക്കാള്‍ മോശമാണ് കേരളത്തിലെ കുട്ടികളുടെ മരണനിരക്ക് എന്നാണ് അദ്ദേഹം പറഞ്ഞത്. യു.എന്‍.ഡി.പി റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ 16ഉം താഴ്ന്ന വരുമാന സംസ്ഥാനങ്ങളുടെ പട്ടികയില്‍പെടുമ്പോള്‍ കേരളത്തിന്‍െറ സ്ഥാനം ചില പാശ്ചാത്യരാജ്യങ്ങള്‍ക്കൊപ്പമാണ്.
അഞ്ചുവര്‍ഷംതോറും മാറി മാറി ഭരണത്തില്‍ വരാന്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നെന്ന മോദിയുടെ പ്രസ്താവന കേരളത്തിലെ പ്രബുദ്ധതയാര്‍ന്ന ജനത്തെ ആക്ഷേപിക്കലാണ്. സംസ്ഥാനത്ത് ഭരണം മാറുന്നതിന്‍െറ അംഗീകാരം നല്‍കേണ്ടത് ജനങ്ങള്‍ക്കാണ്. കാരണം, ഭരണാധികാരികളെ മുള്‍മുനയില്‍ നിര്‍ത്തുന്നവരാണ് അവര്‍. കേരളത്തില്‍ ഒത്തുകളി ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ്. പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട സംഭവം വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള ഉന്നത അന്വേഷണത്തിന് ഉത്തരവിട്ടില്ളെങ്കില്‍ കേരളത്തിന്‍െറ അഭിമാനത്തിനാവും കോട്ടം സംഭവിക്കുക. കൊലപാതകം നടന്ന് ഒമ്പതുദിവസം പിന്നിട്ടിട്ടും കുറ്റവാളികളെ പിടികൂടിയില്ല -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.