കെജ്രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാതൃകയും പ്രതീക്ഷയും –സത്യന്‍ അന്തിക്കാട്
text_fieldsതൃശൂര്‍: നല്ലയാളുകള്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോഴാണ് നാട് നന്നാവുന്നതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. രാഷ്ട്രീയം ശുദ്ധീകരിക്കാനും ജനത്തിന് അവകാശപ്പെട്ടത് നല്‍കാനും തയാറായി അഴിമതിക്കെതിരെ ശക്തമായി പൊരുതുന്ന അരവിന്ദ് കെജ്രിവാളിനോടും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നവരോടും തനിക്ക് മതിപ്പാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. ആം ആദ്മി പാര്‍ട്ടി സംഭാവന സ്വീകരിക്കാന്‍ ഏര്‍പ്പെടുത്തിയ ‘ആപ് കി ദാന്‍’ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
തനിക്കൊരു പാര്‍ട്ടിയുമായും ബന്ധമില്ല. എന്നാല്‍, അരവിന്ദ് കെജ്രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാതൃകയും പ്രതീക്ഷയുമാണെന്ന് പറയാനാവും.ഇന്ന് ഡോക്ടറെന്നും എന്‍ജിനീയറെന്നും അധ്യാപകനെന്നും പറയുന്നതുപോലെയാണ് രാഷ്ട്രീയക്കാരനെന്ന് പറയുന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
സംഭാവന സ്വീകരിക്കുമ്പോള്‍ സുതാര്യത ഉറപ്പാക്കാന്‍ ആം ആദ്മി ദേശീയ നേതൃത്വം ആവിഷ്കരിച്ച മൊബൈല്‍ ആപ് ആണ് ‘ആപ് കി ദാന്‍. ജില്ല, അസംബ്ളി മണ്ഡലം, പഞ്ചായത്ത് തലത്തില്‍ തെരഞ്ഞെടുത്ത ഏജന്‍റിനെ ഫണ്ട് സമാഹരിക്കാന്‍ നിയോഗിക്കും. സംഭാവന കൊടുക്കുന്നയാളുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ ഫീഡ് ചെയ്യും. ഉടന്‍ ഇലക്ട്രോണിക് രസീതായും എസ്.എം.എസ് ആയും പണംനല്‍കിയ ആള്‍ക്ക് മറുപടിലഭിക്കും. ഈ വിവരം പാര്‍ട്ടിയുടെ ദേശീയ വെബ്സൈറ്റില്‍ അതേസമയം പ്രത്യക്ഷപ്പെടുകയും ചെയ്യും. ഓരോ ഏജന്‍റിനും സമാഹരിക്കാവുന്ന തുകക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. അതു കഴിഞ്ഞാല്‍ റീസെറ്റ് ചെയ്ത ശേഷമേ പുതിയ തുക സ്വീകരിക്കാനാവൂ. ഈ പദ്ധതി ആവിഷ്കരിച്ചതോടെ കേരളത്തില്‍ പാര്‍ട്ടി ഫണ്ട് സ്വീകരിക്കുമ്പോള്‍ കടലാസ് രസീത് നല്‍കുന്നത് അവസാനിപ്പിച്ചുവെന്ന് സംസ്ഥാന ട്രഷറര്‍ പോള്‍ ജോസഫ് അറിയിച്ചു.സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പരിപാടിയില്‍ ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കണ്‍വീനര്‍ നൗഷാദ് തളിക്കുളം അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.