ജിഷ വധം: പൊലീസ് സമീപവാസികളുടെ വിരലടയാളം ശേഖരിച്ചു
text_fieldsകൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് സമീപവാസികളുടേയും അയല്‍ക്കാരുടേയും വിരലടയാളം ശേഖരിക്കുന്നു. പ്രതിയെ കണ്ടെത്താനായി ആധാര്‍ കാര്‍ഡിലെ വിരലടയാള പരിശോധനയുടെ സാധ്യതകളും പോലീസ് ആരായുന്നുണ്ട്. ഇതിനുള്ള അനുമതി തേടി പൊലീസ് തിങ്കളാഴ്ച പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കോടതി ഇതിന് അനുമതി നൽകിയ സാഹചര്യത്തിലാണ് പൊലീസ് സമീപ പ്രദേശങ്ങളിലെ എല്ലാ പുരുഷൻമാരുടേയും സംശയമുളളവരുടേയും വിരലടയാളം ശേഖരിച്ചത്.
ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ ആധാര്‍ കാര്‍ഡുമായി താരതമ്യം ചെയ്ത് പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ബംഗളൂരുവില്‍ ഇതിനുള്ള സൗകര്യമുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിനായി അന്വേഷണ സംഘം ഇന്നോ നാളെയോ ബംഗളുവുരിലേക്ക് തിരിക്കും. ടി.പി.വധക്കേസ് അന്വേഷിച്ച കണ്ണൂർ ഇന്‍റലിജന്‍റ് ഡി.വൈ.എസ്.പി സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ രീതിയിലുള്ള അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
കൊലക്ക് പിന്നില്‍ അന്യസംസ്ഥാനക്കാരനാണെന്നാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൊലപാതകം നടന്ന ദിവസം മുതല്‍ കാണാതായ അന്യസംസ്ഥാനക്കാരുടെ വിവരങ്ങള്‍ പൂര്‍ണമായും ശേഖരിച്ചതായാണ് സൂചനകള്‍. സമാനമായ കേസില്‍ ഉള്‍പ്പെട്ട് ശിക്ഷ അനുഭവിച്ചവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
ജിഷ കൊല്ലപ്പെട്ട 28ന് ശേഷം കാണാതായ അന്യ സംസ്ഥാന തൊഴിലാളികളെക്കുറിച്ചും സമഗ്ര അന്വേഷണമാണ് നടത്തുന്നത്. ജിഷയുടെ വീടിന് സമീപത്ത് അന്യസംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളെല്ലാം പൊലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്. ആലുവ, അങ്കമാലി റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.