മുല്ലപ്പെരിയാര്‍: കേരളം അറിയാതെ തമിഴ്നാട് സ്പില്‍വേ ഷട്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് സ്ഥാപിച്ചു
text_fieldsകുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്തെ സ്പില്‍വേയില്‍ കേരളത്തെ അറിയിക്കാതെ തമിഴ്നാട് ഷട്ടര്‍ കണ്‍ട്രോള്‍ യൂനിറ്റുകള്‍ സ്ഥാപിച്ചു. സ്പില്‍വേയിലെ 13 ഷട്ടറുകളില്‍ 10 എണ്ണത്തിനാണ് കണ്‍ട്രോള്‍ യൂനിറ്റ് സ്ഥാപിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍നിന്ന് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള മുന്നൊരുക്കത്തിന്‍െറ ഭാഗമായാണ് കണ്‍ട്രോള്‍ യൂനിറ്റുകള്‍ സ്ഥാപിച്ചതെന്നാണ് വിവരം.
അണക്കെട്ടിലേക്ക് കേരളം അറിയാതെ ഷട്ടര്‍ കണ്‍ട്രോള്‍ യൂനിറ്റുകള്‍ കൊണ്ടുപോയ വാര്‍ത്ത ‘മാധ്യമം’ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന്, കേരളത്തിന്‍െറ മൈനര്‍ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ നിര്‍ദേശിച്ചതനുസരിച്ച് എക്സിക്യൂട്ടിവ് എന്‍ജിനീയറും മുല്ലപ്പെരിയാര്‍ ഉപസമിതി അംഗവുമായ ജോര്‍ജ് ദാനിയേലും ഉദ്യോഗസ്ഥരും അണക്കെട്ടിലത്തെി സ്ഥിതി വിലയിരുത്തി. കേരളത്തിലെ ഉദ്യോഗസ്ഥര്‍ അണക്കെട്ടില്‍നിന്ന് പോയതിന് പിന്നാലെയാണ് സ്പില്‍വേയില്‍ ഷട്ടര്‍ കണ്‍ട്രോള്‍ യൂനിറ്റുകള്‍ സ്ഥാപിച്ചത്. പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ യൂനിറ്റുകളാണിത്. അണക്കെട്ടില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്‍െറ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വേണമെന്ന ഉന്നതാധികാര സമിതിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെയാണ് തമിഴ്നാട് നീക്കം.
ഇതിനിടെ, ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് ഉദ്യോഗസ്ഥതലത്തില്‍ നീക്കം തുടങ്ങി. ബേബി ഡാം പരിസരത്തെ 20 മരങ്ങള്‍ മുറിച്ചുനീക്കണമെന്ന് തമിഴ്നാട് ഉന്നതാധികാര സമിതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതില്‍ രണ്ട് മരങ്ങള്‍ കാലപ്പഴക്കത്താല്‍ ഒടിഞ്ഞുവീണ് നശിച്ചു. ശേഷിച്ച 18 മരങ്ങള്‍ അടയാളപ്പെടുത്തി വനംവകുപ്പിന്‍െറ അനുമതിയില്ലാതെ സ്ഥാപിച്ച ബോര്‍ഡുകള്‍ കഴിഞ്ഞദിവസം വനപാലകര്‍ നീക്കം ചെയ്തു.
അണക്കെട്ടിലെ ജലനിരപ്പ് 110 അടിയായി താഴ്ന്നതോടെ ബേബിഡാം ഉള്‍പ്പെടെ അണക്കെട്ടും സ്പില്‍വേയും അറ്റകുറ്റപ്പണി നടത്തി പെയിന്‍റിങ് ജോലികളും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പില്‍വേയില്‍ ഷട്ടര്‍ കണ്‍ട്രോള്‍ യൂനിറ്റുകള്‍ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.