മുഹ്സിന്‍െറ വിജയം ജെ.എന്‍.യുവില്‍നിന്ന് മോദിക്ക് കിട്ടുന്ന ആദ്യ പ്രഹരം -കനയ്യകുമാര്‍
text_fieldsപട്ടാമ്പി: പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്സിന്‍െറ വിജയം ജെ.എന്‍.യുവില്‍നിന്ന് മോദിക്കു ലഭിക്കുന്ന ആദ്യ പ്രഹരമാകുമെന്ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് യൂനിയന്‍ പ്രസിഡന്‍റ് കനയ്യകുമാര്‍. പട്ടാമ്പിയില്‍ നടന്ന യുവജന വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിക്കും സമത്വത്തിനുമെതിരെ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന്‍െറ വിജയമാണ് പട്ടാമ്പിയില്‍നിന്ന് ലഭിക്കേണ്ടത്. വിദ്യാഭ്യാസം, തുല്യത, തൊഴില്‍ എന്നിവക്കുവേണ്ടിയാണ് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ പൊരുതിയത്. ജീവനുള്ള കാലത്തോളം അവിടുത്തെ വിദ്യാര്‍ഥികള്‍ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യും. അതിനെ തല്ലിത്തകര്‍ക്കാനോ ഇല്ലാതാക്കാനോ മോദിക്ക് കഴിയില്ല. മോദിയുടെ ഭരണം മൂലം രാജ്യത്തിന് നഷ്ടം മാത്രമേ സംഭവിച്ചിട്ടുള്ളൂ. എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന നയമാണ് മോദി സര്‍ക്കാറിന്‍േറത്. പൊളിറ്റിക്സ് പഠിച്ചുവെന്നു പറയുന്ന മോദിക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ല. ആര്‍.എസ്.എസിന്‍െറയും മറ്റ് വര്‍ഗീയ ശക്തികളുടെയും വളര്‍ച്ച തടയാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാണ് വോട്ടുചെയ്യേണ്ടത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം എന്‍െറ മാര്‍ഗമല്ല. എന്നാല്‍, സഹപ്രവര്‍ത്തകനും ജെ.എന്‍.യു സമരത്തില്‍ കൂടെ നിന്നവനുമായ മുഹ്സിന്‍ ഇവിടെ മത്സരിക്കുമ്പോള്‍ രാജ്യദ്രോഹി എന്ന് മുദ്ര കുത്തുന്നതായി അറിഞ്ഞു. അതുകൊണ്ടാണ് പട്ടാമ്പിയില്‍ വന്നത്. പണം നല്‍കി വോട്ടു ചോദിക്കുന്നവരെയും ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കുന്നവരെയും ജയിലില്‍ അടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് യുവജനങ്ങള്‍ ഹര്‍ഷാരവത്തോടെയും പാട്ടുപാടിയുമാണ് കനയ്യകുമാറിന്‍െറ കേരളത്തിലെ ആദ്യയോഗത്തെ വരവേറ്റത്. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്‍റ് ഒ.കെ. സെയ്തലവി അധ്യക്ഷത വഹിച്ചു. എം.ബി. രാജേഷ് എം.പി ആമുഖപ്രഭാഷണം നടത്തി. സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്സിന്‍, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി. സാനു, എ.ഐ.എസ്.എഫ് ദേശീയ സെക്രട്ടറി വിശ്വജിത് കുമാര്‍, ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് അപരാജിത രാജ എന്നിവര്‍ സംസാരിച്ചു. ടി.വി. ഗിരീഷ് സ്വാഗതവും ടി.പി. സന്ദീപ് നന്ദിയും പറഞ്ഞു.
'ബി.ജെ.പിക്ക് ഇടം നല്‍കുന്നത് കേരളത്തിന്‍െറ ബഹുസ്വരതക്ക് അപകടം'
പട്ടാമ്പി: കേരളത്തിന്‍െറ ചരിത്രം പഠിക്കാത്തതുകൊണ്ടാണ് നരേന്ദ്ര മോദി കേരളത്തെ സോമാലിയയോട് ഉപമിച്ചതെന്നും സോമാലിയയെക്കുറിച്ച് പഠിക്കാന്‍ മോദിക്ക് വേണമെങ്കില്‍ ഫെലോഷിപ് നല്‍കാമെന്നും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് യൂനിയന്‍ പ്രസിഡന്‍റ് കനയ്യകുമാര്‍. പട്ടാമ്പിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. ആര്‍.എസ്.എസും ബി.ജെ.പിയും ചിത്രത്തിലില്ല. ഏതു വിധേനയും കേരളത്തില്‍ നിലയുറപ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ഒരു വിട്ടുവീഴ്ചയും നീക്കുപോക്കും അവരെ പ്രതിരോധിക്കുന്നതില്‍ ഉണ്ടായിക്കൂട. ബി.ജെ.പിക്ക് ഇടം നല്‍കുന്നത് കേരളത്തിന്‍െറ ബഹുസ്വരതക്കും മതേതരത്വത്തിനും നവോത്ഥാനത്തിനും അപകടമാണ്. ഇക്കാര്യത്തില്‍ മലയാളികള്‍ ജാഗരൂകരാകണം. വികസനത്തിന്‍െറ പേരില്‍ അധികാരത്തിലത്തെിയ ബി.ജെ.പി സര്‍ക്കാര്‍ വിദ്യാഭ്യാസ ഫണ്ട് വെട്ടിക്കുറച്ചു. വിദ്യാഭ്യാസം വര്‍ഗീയവത്കരിച്ചു. വര്‍ഗീയ ശക്തികളും പുരോഗമന ശക്തികളും തമ്മിലുള്ള പോരാട്ടം നടക്കുകയാണ്. എല്ലാ ജനാധിപത്യ ശക്തികളും ഒന്നിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.