ഏത് പരസ്യവാചകമാവും ജയം നേടുക?
text_fieldsകോഴിക്കോട്: ‘എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും’, ’വളരണം കേരളം തുടരണം ഈ ഭരണം’, ‘വഴിമുട്ടി കേരളം; വഴികാട്ടാന്‍ ബി.ജെ.പി’...... മേയ് 16ന് കേരളം പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ മാറ്റുരക്കപ്പെടുന്നത് ഈ പരസ്യതന്ത്രങ്ങള്‍ കൂടിയാകും. മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായി, പരസ്യ ഏജന്‍സികള്‍ അജണ്ട നിര്‍ണയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും പ്രചാരണ തന്ത്രങ്ങള്‍ക്ക് പ്രഫഷനല്‍ ഏജന്‍സികളെ ഏല്‍പിച്ചു.
ചുവരെഴുത്തുകളും ചാക്ക്ബോര്‍ഡുകളും പോസ്റ്ററുകളും മാഞ്ഞുപോയിടത്ത് വാട്സ്ആപ്പുകളും ഫേസ്ബുക്കും ഹോര്‍ഡിങ്ങുകളും ഗതി നിര്‍ണയിച്ചു. നൂറുകണക്കിന് കമന്‍റുകള്‍ കുന്നുകൂടി വി.എസിന്‍െറയും ഉമ്മന്‍ ചാണ്ടിയുടെയും ഫേസ്ബുക് പോസ്റ്റുകള്‍ വരെ ചൂടേറിയ ചര്‍ച്ചയാവുമ്പോള്‍ പിന്നില്‍ തന്ത്രം മെനഞ്ഞത് ഈ ഏജന്‍സികളായിരുന്നു. മിക്ക സ്ഥാനാര്‍ഥികള്‍ക്കും ഫേസ്ബുക് അക്കൗണ്ട് ഉണ്ടായിരുന്നു. ഓരോ ഏജന്‍സികളും തങ്ങളുടെ വാദമുഖങ്ങള്‍ നിരത്തി വിജയപ്രതീക്ഷ പുലര്‍ത്തുമ്പോള്‍ പോരാട്ടം പരസ്യതന്ത്രങ്ങള്‍ തമ്മില്‍ കൂടിയാവുന്നു.
മൂന്ന് ഘട്ടങ്ങളിലായാണ് തന്ത്രങ്ങള്‍ രൂപപ്പെടുത്തിയതെന്ന് യു.ഡി.എഫിന്‍െറ പ്രചാരണത്തിന് അണിയറയില്‍ പ്രവര്‍ത്തിച്ച പുഷ് ഇന്‍റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സ് പ്രൈ.ലിമിറ്റഡ് എം.ഡിയും ക്രിയേറ്റീവ് തലവനുമായ വി.എ. ശ്രീകുമാര്‍ മേനോന്‍ പറയുന്നു. യു.ഡി.എഫിന്‍െറ ഐക്യം സ്ഥാപിക്കുകയായിരുന്നു ആദ്യം. ഇതിനായി മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെയും പതാകകള്‍ കൂട്ടിപ്പിടിച്ച ചിത്രം നല്‍കി. തുടര്‍ന്ന് മദ്യം, കാരുണ്യ ലോട്ടറി, പാലങ്ങള്‍, സ്റ്റാര്‍ട്ടപ് വില്ളേജുകള്‍ തുടങ്ങിയ വികസന, ഭരണനേട്ട ചര്‍ച്ചകള്‍ മുന്നോട്ടുവെച്ചു. ഫേസ്ബുക് പേജില്‍ കൃത്യമായ നിലപാടുള്ള മുഖ്യമന്ത്രിയെ അവതരിപ്പിക്കുകയായിരുന്നു അടുത്ത ഘട്ടം. ടി.വിയിലും റേഡിയോയിലും 12ഓളം പരസ്യങ്ങളാണ് ചെയ്തത്. 750 ഓളം ഹോര്‍ഡിങ്ങുകളാണ് ചെയ്തത്. ബിഹാര്‍ തെരഞ്ഞെടുപ്പിന് വേണ്ടി സര്‍വേ നടത്തിയ മാര്‍ ഏജന്‍സിയാണ് ഓരോ ബൂത്തിലെയും സാഹചര്യങ്ങള്‍ പഠിച്ച് പിന്തുണ നല്‍കിയത്.
ഏറ്റവും ലളിതമായ വാക്കുകള്‍ കൊണ്ട് സന്ദേശം എത്തിക്കുക എന്ന ആശയമാണ് ‘എല്‍.ഡി.എഫ് വരും, എല്ലാം ശരിയാകും ’എന്ന വാചകത്തിലേക്ക് നയിച്ചതെന്ന് എല്‍.ഡി.എഫ് പ്രചാരണത്തിന് പിന്തുണ നല്‍കിയ കൊച്ചി ആസ്ഥാനമായ മൈത്രി അഡ്വര്‍ടൈസിങ് വര്‍ക്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഓപറേറ്റര്‍ രാജീവ് മേനോന്‍ പറയുന്നു.
ജനങ്ങളില്‍ പ്രതീക്ഷ ഉണര്‍ത്തുകയായിരുന്നു, ലക്ഷ്യം. അടുത്ത ഘട്ടമായി ‘തിരിച്ചുവരട്ടെ മലയാളിയുടെ കരുത്ത്’ എന്ന മുദ്രാവാക്യവും ഉപയോഗിച്ചു. മിസ്ഡ് കോളിലൂടെയായിരുന്നു ഹോര്‍ഡിങ്ങിന് പുറത്തെ പ്രചാരണത്തിന് തുടക്കം. തിരിച്ചുവിളിക്കുന്ന ആളോട് വി.എസ് പറയുന്നു, ഞാന്‍ വി.എസ്. അച്യുതാനന്ദന്‍, എല്‍.ഡിഎഫിന് വോട്ട് ചെയ്യണം. റെയില്‍വേ സ്റ്റേഷനിലെ ടി.വികളില്‍ പരസ്യം നല്‍കി. പിന്നീട് ഏറനാട്, ഗുരുവായൂര്‍- തിരുവനന്തപുരം എക്സ്പ്രസ്, വഞ്ചിനാട് തുടങ്ങിയ ട്രെയിനുകളില്‍ മൊത്തമായി പരസ്യം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ട്രെയിനുകളെ ഉപയോഗിക്കുന്നത് ഇതാദ്യമായിരുന്നു. ഫേസ്ബുക് വഴി പിണറായി വിജയനോട് ചോദ്യങ്ങള്‍ ചോദിക്കുന്നതായിരുന്നു മറ്റൊന്ന്. 4800 ചോദ്യങ്ങളാണ് ഉടന്‍ ലഭിച്ചത്. പിന്നീട് ഇത് രണ്ട് ലക്ഷം കടന്നു. ആറ് ഷോര്‍ട്ട് ഫിലിമുകളും ചെയ്തു.
എന്‍.ഡി.എയുടെ ‘വഴിമുട്ടിയ കേരളം, വഴികാട്ടാന്‍ ബി.ജെ.പി‘, ‘എല്ലാവരും ഒത്തൊരുമിച്ച്’, ‘എല്ലാവര്‍ക്കും വികസനം,‘ ‘മാറ്റവുമല്ല, തുടര്‍ച്ചയുമല്ല, മുന്നേറ്റം തന്നെ വേണം’ എന്നീ മുദ്രാവാക്യങ്ങൾ അവതരിപ്പിച്ചത് പരസ്യ ഏജൻസിയായ ഗ്രാഫിറ്റിയാണ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.