സമഗ്ര വികസന കാഴ്ചപ്പാടുള്ളവരെ വിജയിപ്പിക്കണമെന്ന് ഇടയലേഖനം
text_fields
തൃശൂര്‍: സമാധാനവും സുരക്ഷയും വാഗ്ദാനം ചെയ്യുന്നവരെയും സമഗ്ര വികസന കാഴ്ചപ്പാടും സമത്വചിന്തയും ഉള്ളവരെയും വിജയിപ്പിക്കേണ്ട പൗരധര്‍മം ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കണമെന്നും വോട്ടവകാശം പാഴാക്കരുതെന്നും തൃശൂര്‍ അതിരൂപതയുടെ ഇടയലേഖനം. മതേതരത്വം, കരുണ, സത്യം, നീതി, ഈശ്വര വിശ്വാസം, പാവപ്പെട്ടവരുടെ അടിസ്ഥാനമൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കണമെന്നും ഞായറാഴ്ചയിലെ ദിവ്യബലിക്കിടെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ പറയുന്നു.
തൃശൂര്‍ അതിരൂപതക്ക് വേണ്ടി കത്തോലിക്ക കോണ്‍ഗ്രസ്, കെ.സി.വൈ.എം. കുടുംബകൂട്ടായ്മ എന്നിവ സംയുക്തമായാണ് ലഘുലേഖ ഇറക്കിയത്. ന്യൂനപക്ഷ വിരുദ്ധ പ്രവണതകളും, ന്യൂനപക്ഷങ്ങളെ അകറ്റുന്ന ശൈലികളും ജനാധിപത്യത്തിന്‍െറ അന്തസ്സത്തക്ക് നിരക്കുന്നതല്ളെന്ന് ഇടയലേഖനത്തില്‍ പറയുന്നു. പൊതുഭവനമായ ഭൂമിയോട് നാം കാണിച്ച ഉത്തരവാദിത്തമില്ലായ്മ കൊടുംചൂടായി ഇപ്പോള്‍ ആഞ്ഞടിക്കുന്നതു പോലെ തെരഞ്ഞെടുപ്പ് ദിവസത്തെ അവധിക്ക് വോട്ട് ചെയ്യാതെ വിനോദയാത്ര പോയാല്‍ ഭവിഷ്യത്ത് വലുതായിരിക്കും. ഓരോ വോട്ടും ജനാധിപത്യവ്യവസ്ഥിതിയുടെ ആണിക്കല്ലാണ്. പാഴാക്കുന്ന ഓരോ വോട്ടും ജനാധിപത്യത്തിന്‍െറ ശക്തി ക്ഷയിപ്പിക്കും. വോട്ട് ഗൗരവമായി വിനിയോഗം ചെയ്യാതിരുന്നാലുള്ള ഉഷ്ണം വരും തലമുറക്ക് ശാപമായേക്കാമെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഇതിനിടെ, കെ.സി.ബി.സിയുടെ പേരില്‍ വടക്കാഞ്ചേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അനില്‍ അക്കരക്ക് വോട്ട് ചെയ്യാന്‍ നിര്‍ദേശിച്ച് സര്‍ക്കുലറും ഇറങ്ങി. എന്നാല്‍, ഇത് വ്യാജമാണെന്നും മുമ്പ് തയാറാക്കിയ മറ്റൊരു സര്‍ക്കുലറിലെ തീയതി തിരുത്തി വോട്ടഭ്യര്‍ഥനയാക്കിയതാണെന്നും കെ.സി.ബി.സി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അറിയിച്ചു.
അതിരൂപതാ മുഖപത്രമായ ‘കത്തോലിക്കാസഭ’യില്‍ മദ്യനയത്തെ പരാമര്‍ശിച്ച് യു.ഡി.എഫിനെ പിന്തുണച്ചും തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പത്മജക്ക് സുവര്‍ണ നിയോഗമാണെന്ന് വിശേഷിപ്പിച്ചും ലേഖനം പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന്, യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയത്തെയാണ് പിന്തുണച്ചതെന്നായിരുന്നു അതിരൂപതയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.