എക്സിറ്റ് പോൾ: കേരളം എൽ.ഡി.എഫിന്, ബംഗാളിൽ മമത, അസം ബി.ജെ.പിക്ക്
text_fieldsന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫ് ഭരണവും പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ രണ്ടാം ഊഴവും പ്രവചിച്ചു കൊണ്ടുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടു. അസമിൽ ബി.ജെ.പി വൻ നേട്ടമുണ്ടാക്കുമെന്നും ഫലങ്ങൾ വ്യക്തമാക്കുന്നു.
കേരളത്തിൽ സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫ് നേട്ടം കൊയ്യുമെന്നാണ് ടുഡേയ്സ് ചാണക്യ പ്രവചിച്ചിട്ടുള്ളത്. 49 ശതമാനം പേർ അധികാരമാറ്റം ആഗ്രഹിക്കുന്നുണ്ട്. സംസ്ഥാനത്ത് എൽ.ഡി.എഫ് 88 മുതൽ 101 വരെ സീറ്റു നേടുമെന്നാണ് ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്. യു.ഡി.എഫ് 38 മുതൽ 41 വരെ സീറ്റുകളിൽ ഒതുങ്ങും. ബി.ജെ.പിക്ക് മൂന്നു വരെയും മറ്റുള്ളവർക്ക് ഒന്ന് മുതൽ നാല് വരെയും സീറ്റുകൾ ലഭിച്ചേക്കും. എൽ.ഡി.എഫിന് 43 ശതമാനവും യു.ഡി.എഫിന് 35 ശതമാനവും ബി.ജെ.പിക്ക് 11 ശതമാനവും വോട്ടുകൾ ലഭിക്കും.
എൽ.ഡി.എഫ് 74 മുതൽ 82 വരെ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് സീ വോട്ടർ സർവേ പ്രവചിക്കുന്നത്. യു.ഡി.എഫിന് 54 മുതൽ 62 വരെ സീറ്റുകൾ ലഭിക്കും. എൻ.ഡി.എക്ക് നാല് സീറ്റു വരെ ലഭിക്കുമെന്നും സീ വോട്ടർ വ്യക്തമാക്കുന്നു.
അതേസമയം, കേരളത്തിൽ തൂക്കുസഭ വരുമെന്ന് ന്യൂസ് നേഷന്‍ സര്‍വേ പ്രവചിച്ചു. യു.ഡിഎഫ് 70ഉം എല്‍.ഡി.എഫ് 69ഉം സീറ്റുകൾ നേടും. ബി.ജെ.പി ഒരു സീറ്റ് നേടി നിര്‍ണായകമാകുമെന്നാണ് പ്രവചനം.
ബംഗാളിൽ മമതക്ക് രണ്ടാം ഊഴം
പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ വ്യക്തമാക്കുന്നത്. 294 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് 178 സീറ്റ് നേടുമെന്ന് എ.ബി.പി–ആനന്ദ എക്സിറ്റ് പോൾ പ്രവചിക്കുന്നു. ഇടത്–കോൺഗ്രസ് സഖ്യത്തിന് 110 സീറ്റുകളും ബി.ജെ.പിക്ക് ഒരു സീറ്റും മറ്റുള്ളവർക്ക് അഞ്ച് സീറ്റുകളും ലഭിച്ചേക്കും.
സീ വോട്ടർ സർവേയിലും തൃണമൂൽ കോൺഗ്രസ് മുന്നിലാണ്. എക്സിറ്റ് പോൾ പ്രകാരം തൃണമൂൽ 163–171 സീറ്റുകളും സി.പി.എം 71–79, കോൺഗ്രസ് 47, ബി.ജെ.പി നാലും സീറ്റുകൾ നേടും.
എന്നാൽ, തൃണമൂൽ 233 മുതൽ 253 സീറ്റുവരെ നേടുമെന്നാണ് ഇന്ത്യ ടുഡേ എക്സിറ്റ് പോൾ ഫലത്തിലുള്ളത്. 31 മുതൽ 58 വരെ സീറ്റുകൾ കോൺഗ്രസ്- ഇടത് സഖ്യത്തിന് ലഭിച്ചേക്കും. 167 സീറ്റ് നേടി മമത അധികാരം നിലനിർത്തുമെന്ന് ടൈംസ് നൗ നടത്തിയ എക്സിറ്റ് പോൾ ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷം നില മെച്ചപ്പെടുത്തി 75 സീറ്റ് നേടിയേക്കും.
അസമിൽ ബി.ജെ.പിക്ക് മുന്നേറ്റം
അസമിൽ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നാണ് ഇന്ത്യ ടുഡേ–ആക്സിസ് എക്സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പി 79–93, കോൺഗ്രസ് 26–33, എ.ഐ.യു.ഡി.എഫ് 6–10 എന്നിങ്ങനെയാണ് സീറ്റുനില. 81 സീറ്റുമായി ബി.ജെ.പി അധികാരത്തിലെത്തുമെന്നും ഫലം പ്രവചിക്കുന്നത്.
തമിഴ്നാട് ഡി.എം.കെ സഖ്യത്തിന്
തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യം ഭരണത്തിലേറുമെന്ന് രണ്ട് സര്‍വേ ഫലങ്ങൾ വ്യക്തമാക്കുന്നു. 124 മുതല്‍ 140 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യ ടുഡേ -ആക്സിസ് സര്‍വേ പ്രവചിക്കുന്നത്. ഡി.എം.കെ സഖ്യം 114 മുതൽ 118 വരെ സീറ്റുകൾ നേടുമെന്ന് ന്യൂസ് നേഷന്‍ ടിവി സര്‍വേ പറയുന്നു. എ.ഐ.എ.ഡി.എം.കെക്ക് 95 മുതൽ 99 വരെയും ജനക്ഷേമ മുന്നണിക്ക് 14ഉം ബി.ജെ.പിക്ക് നാലും സീറ്റുകൾ ലഭിച്ചേക്കും.
പുതുച്ചേരി ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം നേടിയേക്കും
എന്‍. രംഗസാമിയുടെ എന്‍.ആര്‍ കോണ്‍ഗ്രസ് പിന്നിലേക്ക് പോകുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങൾ വ്യക്തമാക്കുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന പുതുച്ചേരിയില്‍ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യത്തിന് വലിയ പ്രതീക്ഷയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.