പോളിങ് ശതമാനം കൂടി; മലപ്പുറത്ത് ഇരുമുന്നണികള്‍ക്കും പ്രതീക്ഷയും ആശങ്കയും
text_fieldsമലപ്പുറം: മലപ്പുറം ജില്ലയില്‍ 2011നെക്കാള്‍ ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തി. കഴിഞ്ഞതവണ 74.25 ശതമാനം പേര്‍ വോട്ട് ചെയ്ത ജില്ലയില്‍ ഇത്തവണ പോളിങ് 75.87 ശതമാനത്തിലത്തെി. ലീഗിന്‍െറ സിറ്റിങ് സീറ്റുകളില്‍ വര്‍ധനയാണ് കാണുന്നത്. ഇരുമുന്നണികള്‍ക്കും പിടികൊടുക്കാത്ത വിധമാണ് പോളിങ്ങിലെ ഏറ്റക്കുറച്ചിലുകള്‍. കുറഞ്ഞ പോളിങ് പ്രതീക്ഷിച്ചിടത്തുപോലും ഉച്ച കഴിഞ്ഞതോടെ ശതമാനം ഉയര്‍ന്നു. തിരൂരങ്ങാടി മണ്ഡലം ഉദാഹരണം. കടുത്ത മത്സരം നടന്ന താനൂരിലും നിലമ്പൂരിലും ശതമാനത്തില്‍ നേരിയ വ്യത്യാസമേ ഇത്തവണയുള്ളൂ. അതേസമയം, മങ്കടയിലും പെരിന്തല്‍മണ്ണയിലും കൊണ്ടോട്ടിയിലും പോളിങ് ശതമാനത്തില്‍ കാര്യമായ മാറ്റം കാണാം.
2011ല്‍ ജില്ലയില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് പെരിന്തല്‍മണ്ണയിലാണ്- 81.58. ഇക്കുറി ഇവിടെ 77.28 ശതമാനമാണ്. താനൂരില്‍ കഴിഞ്ഞതവണ 78.12 ആയിരുന്നു ശതമാനം. ഇത്തവണ ഇത് 80.44 ആയി ഉയര്‍ന്നത് എല്‍.ഡി.എഫിനും യു.ഡി.എഫിനും പ്രതീക്ഷ നല്‍കുന്നതിനൊപ്പം ആശങ്കയും ഉണ്ടാക്കുന്നു. നിലമ്പൂരില്‍ ഇത്തവണ 76.7 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണ ഇത് 77.97 ശതമാനമായിരുന്നു. പോളിങ് കുറഞ്ഞത് ഇരുമുന്നണികളുടെയും നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചു. കൊണ്ടോട്ടിയില്‍ 77.43 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണ 75.72 ശതമാനമായിരുന്നു. മങ്കടയില്‍ ഇത്തവണ വോട്ടിങ് ശതമാനം കുത്തനെ ഉയര്‍ന്നത് മുന്നണികളുടെ കണക്കുകൂട്ടലുകളെയും ബാധിച്ചു. കഴിഞ്ഞതവണ 73.91 ആയിരുന്നത് ഇത്തവണ 77.3 ആയി ഉയര്‍ന്നു.
കഴിഞ്ഞതവണത്തെ പോളിങ് ശതമാനം നേരിയ തോതില്‍ കുറഞ്ഞെങ്കിലും ഏറനാട് മണ്ഡലത്തിലെ ശതമാനത്തില്‍ ചരിത്രം ആവര്‍ത്തിച്ചു. 2011ല്‍ 80.69 ആയിരുന്നത് ഇത്തവണ 80.9 ആയി. വള്ളിക്കുന്നില്‍ കഴിഞ്ഞ തവണത്തെ ശതമാനം മറികടന്ന പോളിങ്ങാണ് നടന്നത്. 72.49 എന്നത് 74.52 ആയി. പൊന്നാനിയില്‍ പോളിങ് ശതമാനം കുറഞ്ഞത് ഇടതുമുന്നണിയെ മാത്രമല്ല, യു.ഡി.എഫിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഇത്തവണ 74.8 ആണ് ശതമാനം. കഴിഞ്ഞതവണ 76.36 ആയിരുന്നു. വേങ്ങരയില്‍ പോളിങ് ശതമാനം വര്‍ധിച്ചു. ഇത്തവണ 70.59 ശതമാനം. 2011ല്‍ 68.97 ആയിരുന്നു. വണ്ടൂരില്‍ പോളിങ് ശതമാനം ഇടിഞ്ഞു. 75.6 എന്നത് ഇത്തവണ 73.40 ആയി.
തിരൂരങ്ങാടിയില്‍ പോളിങ് ശതമാനം ഗണ്യമായി ഉയര്‍ന്നു- 73.86. കഴിഞ്ഞതവണ ഇത് 65.62. മഞ്ചേരിയിലും പോളിങ് ശതമാനം വര്‍ധിക്കുകയാണ് ചെയ്തത്. ഇത്തവണ 73.12. കഴിഞ്ഞതവണ 71.01. തിരൂരില്‍ ഉയര്‍ന്ന ശതമാനം രേഖപ്പെടുത്തി. ഇത്തവണ 76.12. കഴിഞ്ഞ തവണ 75.98. കോട്ടക്കലിലും പോളിങ് ശതമാനം ഉയരുകയാണ് ചെയ്തത്. 70.65 എന്ന കഴിഞ്ഞ തവണത്തെ ശതമാനം 74.59ലേക്ക് ഉയര്‍ന്നു. മലപ്പുറത്ത് ശതമാനത്തില്‍ നേരിയ മാറ്റം മാത്രം. കഴിഞ്ഞതവണ 72.9 എന്നത് ഇത്തവണ 72.88. തവനൂരില്‍ പോളിങ് ശതമാനം ഉയര്‍ന്നു. 76.45 എന്നത് 78.15 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.