ജിഷ വധക്കേസ്: പൊലീസിന്‍റേത് ഗുരുതര വീഴ്ചയെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്
text_fieldsകൊച്ചി: ജിഷ വധക്കേസ് കൈകാര്യം ചെയ്തതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ് പരാതി പരിഹാര സെല്‍ ചെയര്‍മാൻ ജസ്റ്റിസ് നാരായണക്കുറുപ്പ്. ഇത്തരമൊരു കേസില്‍ പാലിക്കേണ്ട ചട്ടങ്ങളും മുന്‍കരുതലുകളും ജിഷ വധക്കേസില്‍ പാലിച്ചതായി കാണുന്നില്ല. പ്രൊഫഷണൽ രീതിയിലുള്ള അന്വേഷണമല്ല ഈ കേസില്‍ പൊലീസ് നടത്തിയതെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് ചൂണ്ടിക്കാട്ടി.
പോസ്റ്റ്‌മോര്‍ട്ടം വിഡിയോയില്‍ ചിത്രീകരിക്കാതെ വിട്ടത് ഗുരുതരമായ പാളിച്ചയാണ്. മൃതദേഹം ദഹിപ്പിക്കാന്‍ പൊലീസ് അനുമതി നല്‍കിയതോടെ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യത ഇല്ലാതായി. ഇത്തരം കേസുകളില്‍ കുറ്റകൃത്യം നടന്ന സ്ഥലം സുരക്ഷിതമായി സംരക്ഷിക്കേണ്ടത് വളരെ പ്രാധാന്യപ്പെട്ട കാര്യമാണ്. എന്നാല്‍, കൊലപാതകം നടന്ന ജിഷയുടെ വീട്ടില്‍ ആളുകള്‍ കയറി ഇറങ്ങുകയായിരുന്നു. കൊലപാതകം നടന്ന അഞ്ചാം ദിവസമാണ് വീട്ടിലേക്കുള്ള പ്രവേശത്തിന് വിലക്ക് ഏർപ്പെടുത്തിയതെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി.
തുടക്കത്തില്‍ ലഭിക്കേണ്ട നിര്‍ണായകമായ തെളിവുകള്‍ നഷ്ടപ്പെട്ട ശേഷം എന്ത് തരം അന്വേഷണമാണ് കേസില്‍ പൊലീസ് നടത്തുന്നതെന്ന് അറിയേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. പാറശാല പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണം സംബന്ധിച്ച പരാതിയില്‍ സിറ്റിങ് നടത്തുന്നതിനിടെയാണ് ജിഷ വധക്കേസ് അന്വേഷണത്തെ കുറിച്ച് പരാമര്‍ശം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.