കനത്ത മഴ: കടലാക്രമണം രൂക്ഷം: 173 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
text_fieldsതിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമായ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തമായതിനാൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. 7 മുതല്‍ 24 സെന്‍റിമീറ്റര്‍ വരെ മഴയുണ്ടാകാനാണ് സാധ്യത. കടലാക്രമണത്തെ തുടർന്ന് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ 173 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.
തിരുവനന്തപുരത്ത് വലിയതുറ, ചെറിയതുറ എന്നിവിടങ്ങളിലാണ് രൂക്ഷമായ കടലാക്രമണമുണ്ടായത്. പെരുമാതുറയിലും വലിയ തുറയിലും 110 വീടുകള്‍ തകര്‍ന്നു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ആലപ്പുഴയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ചെല്ലാനം മുതൽ ചേർത്തല വരെയുള്ള തീരങ്ങളിൽ ശക്തമായ കടൽക്ഷോഭം അനുഭവപ്പെടുന്നുണ്ട്. പുറക്കാട് രണ്ടു വീടുകൾ തകർന്നു. തീരദേശപാതയിലും വെള്ളം കയറി.
കൊല്ലം ജില്ലയിലും കടലാക്രമണം രൂക്ഷമാണ്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ കഴിഞ്ഞ ദിവസം രാവിലെ നല്ല മഴ തോതിൽ മഴ ലഭിച്ചു.
അതേസമയം, രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ദുരന്ത നിരവാരണ വിഭാഗം അറിയിച്ചു. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.
കണ്‍ട്രോള്‍ റൂം തുറന്നു:
കനത്തമഴയും കടലാക്രമണവും തുടരുന്ന സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. സമ്പര്‍ക്ക നമ്പര്‍: 0471 -2331639. തിരുവനന്തപുരം 0471-2730045, കൊല്ലം 0474 -2794004, പത്തനംതിട്ട 0468-2322515, ആലപ്പുഴ 0477 -2238630, കോട്ടയം 0481-2562201, ഇടുക്കി 0486- 2232242, എറണാകുളം 0484-2423513, തൃശൂര്‍ 0487-2362424, പാലക്കാട് 0491-2512607, മലപ്പുറം 0483-2736320, കോഴിക്കോട് 0495-2371002, വയനാട് 04936-204151, കണ്ണൂര്‍ 0497-2713266, കാസര്‍കോട് 0499-4257700.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.