എല്‍.ഡി.എഫിന് ശക്തമായ മുന്നേറ്റം
text_fieldsതിരുവനന്തപുരം: ലോകമെങ്ങുമുള്ള മലയാളികള്‍ അത്യാകാംക്ഷാപൂര്‍വം കാത്തിരുന്ന വിധിദിനത്തിന്‍റെ സമ്പൂര്‍ണ ഫലത്തിലേക്ക് ഇനി ഏതാനും മണിക്കൂറുകളുടെ ദൂരം മാത്രം. കൃത്യം എട്ടു മണിക്ക് തന്നെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകള്‍ ആണ് ആദ്യം എണ്ണിയത്. ആദ്യ ഫല സൂചനകള്‍ തന്നെ എല്‍.ഡി.എഫിന് അനുകൂലമായിരുന്നു. പത്തു മണിയോടെ ശക്തമായ ലീഡ് നിലയിലേക്ക് എല്‍.ഡി.എഫ് കടന്നു. ഉച്ചക്കു മുമ്പ് മുഴുവന്‍ ഫലങ്ങളും പുറത്തുവരും.
പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫ് ലീഡു നില കൈവരിച്ചിരുന്നു. എന്നാല്‍, ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന കാഴ്ചയായിരുന്നു. വീണ്ടും എല്‍.ഡി.എഫ് വ്യക്തമായ ലീഡിലേക്ക് കയറി. എന്‍.ഡി.എ അക്കൗണ്ട് തുറക്കുമെന്നതിന്‍റെ സൂചനകള്‍ നല്‍കി നേമത്ത് തുടക്കം മുതല്‍ ഒ.രാജഗോപാല്‍ മുന്നില്‍ നില്‍ക്കുകയാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി.എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, പി.സി ജോര്‍ജ് എന്നിവര്‍ വ്യക്തമായ ലീഡോടെ വിജയലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. മന്ത്രിമാരായ ഷിബു ബേബി ജോണും അബ്ദുറബ്ബുമാണ് പിന്നില്‍ നില്‍ക്കുന്നവരില്‍ പ്രമുഖര്‍.
80 കേന്ദ്രങ്ങളില്‍ ആണ് വോട്ടെണ്ണല്‍. ഏഴരയോടെ തന്നെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംഗ് റൂമുകള്‍ തുറന്നു. വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൊലീസിനു പുറമെ സി.ഐ.എസ്.എഫിനെയും വ്യാപകമായി വിന്യസിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്.
പ്രചാരണത്തിന് ഏറെ ദിനങ്ങള്‍ ലഭിച്ചതോടെ അക്ഷരാര്‍ഥത്തില്‍ ആഘോഷ പ്രതീതിയിലായിരുന്നു രണ്ടരമാസക്കാലം കേരളം. തെരുവോരങ്ങളിലെ മതിലുകള്‍ക്കു പുറമെ സോഷ്യല്‍ മീഡിയയൂടെ ചുവരുകളും സജീവമായി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇതിനുണ്ട്. അതുകൊണ്ട് തന്നെ ടെലിവിഷനൊപ്പം സൈബര്‍ ലോകത്തിന്‍്റെ സ്ക്രീനുകളും ആകാംക്ഷാപൂര്‍വം തുറന്നുവെച്ചിരിക്കുകയാണ്.
ഫലം ലഭ്യമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീന്‍്റെ സൈറ്റും സുസജ്ജമായിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ആദ്യ രണ്ട് സ്ഥാനാര്‍ഥികളുടെ വിവരങ്ങളും ലീഡ് നിലയും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in ല്‍ ലഭ്യമാകും.
140 മണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ആകെ 26019284 വോട്ടര്‍മാരില്‍ 20125321 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത് (77.35 ശതമാനം പോളിങ്). ഇതില്‍ 10575691 സ്ത്രീകളും 9549629 പുരുഷന്മാരുമുണ്ട്. സംസ്ഥാന ചരിത്രത്തിലെ നാലാമത്തെ ഉയര്‍ന്ന പോളിങ് ശതമാനമായിരുന്നു ഇത്തവണത്തേത്.
ഇടതുമുന്നണി അധികാരത്തിലേറുമെന്ന എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നെങ്കിലും ആരും വിജയപ്രതീക്ഷ കൈവിട്ടിട്ടില്ല. സര്‍വേകള്‍ ഇടതുമുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, തുടര്‍ഭരണം ഉണ്ടാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ്. അക്കൗണ്ട് തുറക്കുമെന്നുതന്നെയാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.
രണ്ടരമാസം നീണ്ട ശക്തമായ പ്രചാരണത്തിനാണ് സംസ്ഥാനം സാക്ഷ്യംവഹിച്ചത്. പ്രചാരണത്തിന് ഇക്കുറി പാര്‍ട്ടികള്‍ പ്രഫഷനല്‍ ഗ്രൂപ്പുകളെയും ആശ്രയിച്ചു. മൂന്ന് മുന്നണികളുടെയും മുദ്രാവാക്യങ്ങള്‍ ഈ ഏജന്‍സികളാണ് രൂപപ്പെടുത്തിയത്. ‘എല്‍.ഡി.എഫ് വരും എല്ലാം ശരിയാകു’മെന്ന് ഇടതുമുന്നണിയും ‘വളരണം ഈ നാട് തുടരണം ഈ ഭരണം’ എന്ന് യു.ഡി.എഫും ‘വഴിമുട്ടിയ കേരളത്തിന് വഴികാട്ടാന്‍ ബി.ജെ.പി’ എന്ന് എന്‍.ഡി.എയും നാടാകെ പ്രചരിപ്പിച്ചു. സമൂഹമാധ്യമങ്ങളടക്കം ഉപയോഗിച്ച് പ്രചാരണം കൊഴുപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.