ഇടത് കോട്ടയായി കൊല്ലം
text_fieldsകൊല്ലം: യു.ഡി.എഫിനെ തൂത്തെറിഞ്ഞ് കൊല്ലം ജില്ലയിലെ 11 മണ്ഡലങ്ങളും ഇടതുമുന്നണി പിടിച്ചു. പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന ജില്ലയുടെ സ്വഭാവം ഇക്കുറിയും മാറിയില്ല. സംസ്ഥാനത്ത് ഒരു ജില്ലയിലെ മുഴുവന്‍ നിയമസഭ മണ്ഡലങ്ങളിലും ഇടതുപക്ഷം വെന്നിക്കൊടി പാറിച്ചത് കൊല്ലത്താണ്. ജില്ലയില്‍ മൂന്നിടത്ത് മത്സരിച്ച ആര്‍.എസ്.പി നാമാവശേഷമായി. ചാത്തന്നൂര്‍ മണ്ഡലത്തില്‍ ബിജെപി രണ്ടാം സ്ഥാനത്തത്തെിയതാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും കോണ്‍ഗ്രസിന് ജില്ലയില്‍ ഒരംഗത്തെപ്പോലും നിയമസഭ കാണിക്കാനായില്ല.
യുഡിഎഫ് മന്ത്രിസഭയിലെ പ്രമുഖനായ ഷിബു ബേബിജോണ്‍ ചവറയിലും, ആര്‍എസ്പി സംസഥാന സെക്രട്ടറി എഎ അസീസ് ഇരവിപുരത്തും പരാജയം ഏറ്റുവാങ്ങി. സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിലെ വിജയന്‍ പിള്ളയാണ് ചവറയില്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ ഷിബു ബേബി ജോണിനെ തോല്‍പിച്ചത്. സിപിഎമ്മിലെ എം നൗഷാദ്് ഇരവിപുരത്ത് എഎ അസീസിനെ പരാജയപ്പെടുത്തി. ആര്‍.എസ്.പി വിട്ട് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന കോവൂര്‍ കുഞ്ഞുമോന്‍ കുന്നത്തൂരില്‍ ആര്‍എസ്പി സ്ഥാനാര്‍ഥി ഉല്ലാസ് കോവൂരിനെ പരാജയപ്പെടുത്തി.
ചടയമംഗലത്ത് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍ സിറ്റിങ് എംഎല്‍എ മുല്ലക്കര രത്നാകനോട് തോറ്റു. സിനിമ താരങ്ങളുടെ മത്സരത്തിലൂടെ ശ്രദ്ധേയമായ പത്തനാപുരത്ത് കെ ബി ഗണേഷ്കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജഗദീഷിനെ 24562 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ഗണേഷ് 74429 വോട്ടും ജഗദീഷ് 49867വോട്ടും ബിജെപി സ്ഥാനാര്‍ഥിയായ ഭീമന്‍ രഘു 11700 വോട്ടുമാണ് നേടിയത്. കൊല്ലം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായ നടന്‍ മുകേഷ് കോണ്‍ഗ്രസിലെ സൂരജ് രവിയെ 17611 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കുണ്ടറയില്‍ കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ സിപിഎമ്മിലെ മേഴ്സിക്കുട്ടിയമ്മയോട് തോറ്റു. കൊട്ടാരക്കരയില്‍ സിപിഎമ്മിലെ ഐഷ പോറ്റി 42632 വോട്ടുകള്‍ക്കാണ് കാണ്‍ഗ്രസിലെ സവിന്‍ സത്യനെ പരാജയപ്പെടുത്തിയത്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് കൊട്ടാരക്കരയിലേത്.
സിപിഐയിലെ ജിഎസ് ജയലാല്‍ 34407 വോട്ടുകള്‍ക്ക് ജയിച്ച ചാത്തന്നൂരില്‍ ബിജെപിയിലെ ബി ഗോപകുമാര്‍ 33199 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തത്തെി. കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ 30139 വോട്ടുകളുമായി മൂന്നാം സഥാനത്താണ്. തെക്കന്‍ കേരളത്തില്‍ മുസ്ലിം ലീഗ് മത്സരിച്ച ഏക മണ്ഡലമായ പുനലൂരില്‍ സിറ്റിങ് എംഎല്‍എയായ സിപിഐയിലെ കെ രാജു ലീഗ് ജില്ലാ പ്രസിഡന്‍റ് യൂനുസ് കുഞ്ഞിനെ പരാജയപ്പെടുത്തി. സിപിഐ നേതാവ് സി ദിവാകരന്‍െറ മണ്ഡലമായിരുന്ന കരുനാഗപ്പള്ളി ഇത്തവണയും സിപിഐ നിലനിര്‍ത്തി. ആര്‍. രാമചന്ദ്രന്‍ 1759 വോട്ടുകള്‍ക്കാണ് ഇവിടെ ജയിച്ചത്. കോണ്‍ഗ്രസിലെ യുവ നേതാവ് സി. ആര്‍ മഹേഷ് അവസാന നിമിഷം വരെ ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും രണ്ട് മണ്ഡലങ്ങളില്‍ യു.ഡി.എഫുമാണ് ജയിച്ചത്. ചവറയില്‍ ഷിബു ബേബിജോണും പത്തനാപുരത്ത് കെബി ഗണേഷ് കുമാറുമായിരുന്നു യുഡിഎഫ് പക്ഷത്ത്. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രണ്ട് എം.എല്‍.എമാരുള്ള ആര്‍.എസ്.പി ഇടതുമുന്നണി വിട്ട് യു.ഡി.എഫില്‍ ചേര്‍ന്നു. ഈ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോവൂര്‍ കുഞ്ഞുമോനും കെബി ഗണേഷ് കുമാറും ഇടതുപക്ഷത്തിനൊപ്പം ചേരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.