‘സംപൂജ്യ’രായി ആര്‍.എസ്.പി
text_fieldsകൊല്ലം:തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി നേരിട്ടത് കനത്ത പരാജയം. മത്സരിച്ച നാലു മണ്ഡലങ്ങളിലും പരാജയപ്പെട്ടത് പാര്‍ട്ടിയുടെ നിലനില്‍പിനെതന്നെ ചോദ്യം ചെയ്യുന്നതായി. അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ആര്‍.എസ്.പി വിട്ട് ആര്‍.എസ്.പി-എല്‍ രൂപവത്കരിച്ച് ഇടതിനൊപ്പം ചേര്‍ന്ന കോവൂര്‍ കുഞ്ഞുമോന്‍ വലിയ ഭൂരിപക്ഷത്തോടെ കുന്നത്തൂരില്‍നിന്ന് നാലാം വട്ടം തെരഞ്ഞെടുക്കപ്പെട്ടു. ഇനി ആര്‍.എസ്.പിയുടെ പേരില്‍ നിയമസഭയില്‍ ഉണ്ടാവുക ആര്‍.എസ്.പി-ലെനിനിസ്റ്റിലെ കോവൂര്‍ കുഞ്ഞുമോന്‍ മാത്രമായിരിക്കും. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, മന്ത്രി ഷിബു ബേബിജോണ്‍ എന്നിവരും പരാജയപ്പെട്ടു. ആര്‍.എസ്.പിയുടെ ചരിത്രത്തിലാദ്യമാണ് ഇത്രയും കനത്ത ആഘാതം.
മുന്നണി മാറ്റം പാര്‍ട്ടിക്കകത്ത് വീണ്ടും ചര്‍ച്ചയാകുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ മൂന്നു തവണയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ഇരവിപുരം മണ്ഡലത്തിലാണ് 28803 വോട്ടിന് സി.പി.എമ്മിലെ എം. നൗഷാദിനോട് അസീസ് പരാജയപ്പെട്ടത്.
സി.എം.പി സ്ഥാനാര്‍ഥിയായ എന്‍. വിജയന്‍പിള്ളയാണ് ചവറയില്‍ മന്ത്രി ഷിബു ബേബിജോണിനെ പരാജയപ്പെടുത്തിയത്. മണ്ഡലം രൂപവത്കൃതമായ 1977നുശേഷം ഇതാദ്യമായാണ് ആര്‍.എസ്.പിക്കാരനല്ലാത്ത ഒരാള്‍ ഇവിടെ ജയിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ആര്‍.എസ്.പി യു.ഡി.എഫിലേക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.