നിയമസഭാകക്ഷി നേതാവിനെയും മന്ത്രിമാരെയും തീരുമാനിക്കാന്‍ സി.പി.എം നേതൃയോഗം ഇന്ന്
text_fieldsതിരുവനന്തപുരം: ഭൂരിപക്ഷം നേടിയ എല്‍.ഡി.എഫ് നിയമസഭാ കക്ഷി നേതാവിനെയും മന്ത്രിമാരെയും തെരഞ്ഞെടുക്കുന്നതിലേക്ക് നീങ്ങുന്നു. അഞ്ച് സ്വതന്ത്രരും 58 അംഗങ്ങളും ഉള്‍പ്പെടെ 63 പേരുള്ള സി.പി.എമ്മും 19 പേരുള്ള സി.പി.ഐയും ചേര്‍ന്നാല്‍ 82 പേരാവും. ജനതാദള്‍ -എസിന് മൂന്നും എന്‍.സി.പിക്ക് രണ്ടും കോണ്‍ഗ്രസ് -എസിന് ഒന്നും വീതം അംഗങ്ങളാണുള്ളത്. മുന്നണിയോട് സഹകരിച്ച ആര്‍.എസ്.പി -എല്ലിനും കേരള കോണ്‍ഗ്രസ് -ബിക്കും സി.എം.പിക്കും ഓരോ അംഗവുമുണ്ട്. സി.പി.എമ്മും സി.പി.ഐയും ഒരുമിച്ചുചേര്‍ന്നാല്‍ മന്ത്രിസഭ രൂപവത്കരിക്കാമെന്ന നിലയാണുള്ളത്. എന്നാല്‍, മുന്നണി മര്യാദ മാനിച്ച് എല്ലാവരെയും ഒപ്പം കൂട്ടുന്നതാവും പൊതുനിലപാട്. എല്‍.ഡി.എഫ് വികസിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സി.പി.എം നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ സഹകരിക്കുന്നവരില്‍ ആര്‍ക്കൊക്കെ മുന്നണി അംഗത്വവും മന്ത്രിസ്ഥാനവും നല്‍കണമെന്നതില്‍ തീരുമാനിക്കും.
മുന്നണിക്ക് നേതൃത്വം നല്‍കുന്നത് സി.പി.എം ആയതിനാല്‍ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കേണ്ട ചുമതല അവര്‍ക്കാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ അപസ്വരമില്ലാതെ വി.എസ്. അച്യുതാനന്ദന്‍െറയും പിണറായി വിജയന്‍െറയും സ്ഥാനാര്‍ഥിത്വ പ്രശ്നം പരിഹരിക്കാന്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍, ഇരുവരും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു വന്നതോടെ നേതാവായി ആരെ തെരഞ്ഞെടുക്കുമെന്നതാണ് നേതൃത്വത്തെ വലക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തോടുള്ള താല്‍പര്യം വി.എസ് മറച്ചുവെച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ വിഷയം അടക്കം പരിഗണിക്കാന്‍ സി.പി.എം നേതൃയോഗം വെള്ളിയാഴ്ച ചേരുന്നത്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ശേഷം സംസ്ഥാന സമിതിയും ചേരും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം പ്രകാശ് കാരാട്ടും സംബന്ധിക്കും.
എല്‍.ഡി.എഫിന്‍െറ വിജയത്തില്‍ വി.എസിനുള്ള പങ്ക് വിസ്മരിക്കുന്നില്ളെങ്കിലും സി.പി.എം നേതൃത്വത്തിലും അണികളിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിണറായി വരണമെന്ന വികാരമാണുള്ളത്. പ്രായാധിക്യം കണക്കിലെടുത്ത് എല്‍.ഡി.എഫ് ചെയര്‍മാന്‍ എന്ന പദവി വി.എസിന് നല്‍കി പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്ന അനൗദ്യോഗിക സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, വി.എസിന്‍െറ നിലപാടാവും നിര്‍ണായകം.
വിഷയം സി.പി.എം തീരുമാനിക്കട്ടേ എന്ന നിലപാടാണ് സി.പി.ഐക്ക്. 27ല്‍ 19 പേരെ വിജയിപ്പിക്കാന്‍ കഴിഞ്ഞ സി.പി.ഐക്കും ഭാവി മന്ത്രിമാരെയും കക്ഷി നേതാവിനെയും തീരുമാനിക്കേണ്ടതുണ്ട്. അതിന് ശനിയാഴ്ച സംസ്ഥാന നിര്‍വാഹക സമിതി ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.