നേമത്ത് താമര വിരിഞ്ഞത് യു.ഡി.എഫ് വോട്ടുചോര്‍ച്ചയില്‍
text_fieldsതിരുവനന്തപുരം: നിയമസഭയില്‍ താമര വിരിയിച്ച നേമത്തെ ബി.ജെ.പി വിജയത്തിനുപിന്നില്‍ യു.ഡി.എഫ് വോട്ട്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടിന്‍െറ പകുതിപോലും ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് നേടാനായില്ല. എന്നാല്‍, ബി.ജെ.പി സ്ഥാനാര്‍ഥി രാജഗോപാലിന് കൂടുതലായി ലഭിച്ചത് 17128 വോട്ടുകളും. ഈ വോട്ട്വര്‍ധനയാണ് നേമത്തെ വിധിയെഴുതിയത്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ 32639 വോട്ടുകള്‍ യു.ഡി.എഫ് പിടിച്ചപ്പോള്‍ ഇത്തവണ അത് 13860 ആയി കുറഞ്ഞു. 18779 വോട്ടാണ് രണ്ട് വര്‍ഷത്തെ ഇടവേളയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ചോര്‍ന്നത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ട് പോലും ഇത്തവണ യു.ഡി.എഫിന് കിട്ടിയില്ല. അന്ന് യു.ഡി.എഫിലെ ചാരുപാറ രവി നേടിയത് 20248 വോട്ടായിരുന്നു. 6388 വോട്ടിന്‍െറ കുറവാണ് 2011നെ അപേക്ഷിച്ച് ഇത്തവണ യു.ഡി.എഫിനുണ്ടായത്.
ന്യൂനപക്ഷവോട്ടുകളില്‍ നല്ളൊരു ശതമാനം വി. ശിവന്‍കുട്ടിക്ക് പോയപ്പോള്‍ പരമ്പരാഗതമായി യു.ഡി.എഫിന് ലഭിക്കുന്ന ഭൂരിപക്ഷവിഭാഗത്തിന്‍െറ വോട്ടുകള്‍ ഒഴുകിയത് ബി.ജെ.പിക്കായിരുന്നു. ഇതാണ് രാജഗോപാലിന്‍െറ വിജയത്തിലേക്ക് വഴിതുറന്നത്. 2011ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 9066 വോട്ട് എല്‍.ഡി.എഫിലെ ശിവന്‍കുട്ടി കൂടുതലായി നേടിയെങ്കിലും ഇതിനെയും മറികടക്കുന്നതായിരുന്നു യു.ഡി.എഫില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിക്കുള്ള വോട്ട് ചോര്‍ച്ച. ഇത് മുന്‍കൂട്ടി കാണാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ളെന്നും വിമര്‍ശമുണ്ട്. തദ്ദേശതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പിക്ക് സഹായകമായ നിലപാട് യു.ഡി.എഫ് സ്വീകരിച്ചെന്ന വിമര്‍ശവും ഉണ്ടായിരുന്നു. ആറ് കൗണ്‍സിലര്‍മാരില്‍നിന്ന് 35 ആക്കി ഉയര്‍ത്താന്‍ ഇത് ബി.ജെ.പിയെ സഹായിച്ചുവെന്നായിരുന്നു വിലയിരുത്തല്‍. അതിന്‍െറ തുടര്‍ച്ചയാണ് സംസ്ഥാനത്ത് താമര വിരിയിച്ച നേമത്തെ വിജയം.
ഇത്തവണ തിരുവനന്തപുരം മണ്ഡലത്തില്‍ വി.എസ്. ശിവകുമാറിന്‍െറ വിജയം നേമത്തെ ബി.ജെ.പിയുടെ വിജയവുമായി ചേര്‍ത്തുവായിക്കുന്നുമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേമത്തെപോലെ ബി.ജെ.പി മുന്നിലത്തെിയ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ വിജയമുറപ്പിക്കാനുള്ള നീക്കുപോക്കാണ് നേമത്തെ ബി.ജെ.പി വിജയമെന്ന വിലയിരുത്തലുമുണ്ട്. തിരുവനന്തപുരത്ത് കോണ്‍ഗ്രസിലെ വി.എസ്. ശിവകുമാര്‍ കാര്യമായ വെല്ലുവിളിയില്ലാതെ വിജയമുറപ്പിക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 40835 വോട്ട് നേടി ഒന്നാംസ്ഥാനത്ത് വന്ന തിരുവനന്തപുരം നിയമസഭാമണ്ഡലത്തില്‍ ഇത്തവണ ബി.ജെ.പിക്ക് ലഭിച്ചത് 34764 വോട്ടാണ്. പുതിയ വോട്ടുകള്‍ വന്നിട്ടും ബി.ജെ.പിക്ക് തിരുവനന്തപുരത്ത് കുറഞ്ഞത് 6071 വോട്ടുകളാണ്. ബി.ജെ.പിയില്‍നിന്നുള്ള വോട്ട്ചോര്‍ച്ച ഇവിടെ കോണ്‍ഗ്രസിനും ഗുണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.