‘കൈയരിവാള്‍’ സഖ്യം പാളി; യെച്ചൂരി ഒറ്റപ്പെടും
text_fieldsന്യൂഡല്‍ഹി: കേരളം തിരിച്ചുപിടിച്ചതിന്‍െറ ആവേശത്തിലല്ല, ബംഗാളിലെ നാണംകെട്ട തോല്‍വിയുടെ മ്ളാനതയിലായിരുന്നു വ്യാഴാഴ്ച സി.പി.എം ആസ്ഥാനമാകെ. ബംഗാള്‍ ജനതയുടെ തീരുമാനം സ്വീകരിക്കുന്നുവെന്നും ആത്മപരിശോധന നടത്തുമെന്നുമായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആദ്യ പ്രതികരണം.
യെച്ചൂരിയുടെ തിരിച്ചടികൂടിയാണ് ബംഗാള്‍ ഫലം. യെച്ചൂരിയുടെ പിന്തുണയോടെയാണ് കൈയരിവാള്‍ സഖ്യം പിറന്നത്. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം മറികടന്നാണ് കോണ്‍ഗ്രസുമായി സീറ്റുധാരണക്ക് ബംഗാള്‍ഘടകത്തിന് യെച്ചൂരി അനുമതി വാങ്ങിക്കൊടുത്തത്.സീറ്റുധാരണക്ക് അപ്പുറം പരസ്യസഖ്യമായി അതിനെ വളര്‍ത്തിയ ബംഗാള്‍ നേതാക്കള്‍ നില മെച്ചപ്പെടുത്തുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു. ഫലം വന്നപ്പോള്‍ മറിച്ചാണ്. സി.പി.എം സഹകരണം കോണ്‍ഗ്രസിന് ഗുണംചെയ്തു. സി.പി.എമ്മിനും മറ്റു ഇടതുപാര്‍ട്ടികള്‍ക്കും നഷ്ടക്കച്ചവടവുമായി. 2011ല്‍ 42 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് 44 ഉണ്ട്.
അതേസമയം, സി.പി.എം 40ല്‍ നിന്ന് 26 ആയും ഫോര്‍വേഡ് ബ്ളോക്ക് 11ല്‍ നിന്ന് രണ്ടായും ആര്‍.എസ്.പിഏഴില്‍നിന്ന് മൂന്നായും സി.പി.ഐ രണ്ടില്‍നിന്ന് ഒന്നായും കുറഞ്ഞു. ഇടതുപക്ഷത്തിന് മൊത്തം നഷ്ടം 29 സീറ്റ്. പ്രതിപക്ഷ നേതൃസ്ഥാനം പോലും കോണ്‍ഗ്രസിന് നല്‍കേണ്ട അവസ്ഥയില്‍ സി.പി.എം നില്‍ക്കുമ്പോള്‍ യെച്ചൂരി ചോദ്യം ചെയ്യപ്പെടുമെന്നുറപ്പ്. ചെങ്കൊടിയും കൈപ്പത്തിയും കൂട്ടിക്കെട്ടിപാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയനിലപാടില്‍ വെള്ളം ചേര്‍ത്തപ്പോള്‍ യെച്ചൂരി എല്ലാറ്റിനും മൗനാനുവാദം നല്‍കി. കാരാട്ട്, എസ്.ആര്‍.പി പക്ഷത്തിന് കൈയരിവാള്‍ സഖ്യത്തില്‍ കടുത്ത എതിര്‍പ്പുണ്ടെങ്കിലും നില മെച്ചപ്പെടുത്തിയാല്‍ പറഞ്ഞുനില്‍ക്കാമെന്നായിരുന്നു യെച്ചൂരിയുടെ കണക്കുകൂട്ടല്‍. ബംഗാള്‍ തിരിച്ചടി ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടിയില്‍ ദുര്‍ബലനാക്കിയോ എന്ന ചോദ്യം യെച്ചൂരി നിഷേധിച്ചില്ല. പത്രക്കാര്‍ക്ക് അങ്ങനെ വ്യാഖ്യാനിക്കാമെന്നായിരുന്നു മറുപടി. ബംഗാളിലെ തെരഞ്ഞെടുപ്പ് തന്ത്രം പിഴച്ചത് പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നാണ് ഫലം പുറത്തുവന്നതിനുശേഷം പി.ബി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. കേന്ദ്ര നേതൃത്വത്തില്‍ യെച്ചൂരി ദുര്‍ബലനാകുന്നത് കേരളത്തിലെ സി.പി.എം ബലാബലത്തെയും സ്വാധീനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.