പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ പൊട്ടിച്ചത് 5249.6 കിലോ വെടിമരുന്ന്
text_fieldsകൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ പൊട്ടിച്ചത് 5249.6 കിലോ വെടിമരുന്ന്. നിരോധിത രാസവസ്തു അടങ്ങുന്ന വെടിമരുന്നുകളും കരാറുകാര്‍ ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്ളോറേറ്റിന്‍െറ സാന്നിധ്യവും രാസപരിശോധനയില്‍ കണ്ടത്തെി. വെടിക്കെട്ട് നടത്താന്‍ രണ്ട് കരാറുകാരുമായി ക്ഷേത്രം കമ്മിറ്റിക്കാര്‍ ധാരണയായിരുന്നു. മത്സര വെടിക്കെട്ടിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. വെടിക്കെട്ട് കരാറുകാരനായ സുരേന്ദ്രന്‍ 2295.3 കിലോയും മറ്റൊരു കരാറുകാരനായ കൃഷ്ണന്‍കുട്ടി 2954.3 കിലോയും വെടിമരുന്നാണ് പൊട്ടിച്ചത്. ഇത്രയും അളവ് പൊട്ടിച്ച ശേഷമാണ് സ്ഫോടനമുണ്ടായത്. വെടിക്കെട്ടിന് 486 കിലോ വെടിമരുന്ന് കൂടി സുരേന്ദ്രന്‍ കരുതിയിരുന്നു. 15 കിലോ വെടിമരുന്ന് മാത്രം കൈവശം വെക്കാനാണ് ഇരുവര്‍ക്കും ലൈസന്‍സുണ്ടായിരുന്നത്. അനുവദനീയ പരിധിയെക്കാള്‍ മുന്നൂറിലേറെ ഇരട്ടി ശക്തിയുള്ള സ്ഫോടനമാണ് വെടിക്കെട്ടിന്‍െറ മറവില്‍ ഇവര്‍ നടത്തിയത്. സംഭവത്തില്‍ തീവ്രവാദ പങ്കാളിത്തം ഉണ്ടായിട്ടില്ല. ദേശവിരുദ്ധ ശക്തികള്‍ക്ക് പങ്കാളിത്തം ഉള്ളതായും തെളിവില്ല. ബാഹ്യശക്തികളുടെ ഇടപെടലുമുണ്ടായിട്ടില്ല.
110 പേരാണ് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചത്. 13 ക്ഷേത്ര ഭാരവാഹികളും രണ്ട് വെടിക്കെട്ട് ലൈസന്‍സുകാരുമുള്‍പ്പെടെ 43 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. 15 മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഡി.എന്‍.എ പരിശോധനഫലം ലഭിച്ചിട്ടില്ല. ഫോറന്‍സിക് പരിശോധനഫലവും കിട്ടാനുണ്ട്. സംഭവത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുന്നു. കലക്ടറേറ്റിലെയും ക്ഷേത്രത്തിലെയും സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനുണ്ട്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ട്. ആയിരത്തോളം സാക്ഷികളെ ചോദ്യം ചെയ്തു. ദുരന്തത്തില്‍ 112 കെട്ടിടങ്ങള്‍ തകര്‍ന്നു. 2.58 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വൈദ്യുതി വകുപ്പിന് വലിയ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ദുരന്തത്തെ തുടര്‍ന്ന് ജസ്റ്റിസ് വി. ചിദംബരേഷിന്‍െറ കത്തിന്‍െറ അടിസ്ഥാനത്തില്‍ ഹൈകോടതി സ്വമേധയാ എടുത്ത കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. അനന്തകൃഷ്ണനാണ് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.