ജനങ്ങളുടെ കാവലാളായി തുടരും -വി.എസ്
text_fieldsതിരുവനന്തപുരം: ജനകീയ വിഷയങ്ങളിൽ കേരളത്തിലെ ജനങ്ങളുടെ കാവലാളായി നിലകൊള്ളുമെന്ന് മുതിർന്ന സി.പി.എം നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദൻ. ഇടതു നിലപാട് ഉയർത്തിപിടിച്ചായിരിക്കും ഇതെന്നും വി.എസ് വ്യക്തമാക്കി. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞു കൊണ്ടു നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷകാലം ജനങ്ങൾ തനിക്ക് നൽകിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നതായും വി.എസ് പറഞ്ഞു.
സ്ഥാനമാനങ്ങൾ പ്രതീക്ഷിക്കുന്ന ആളല്ല താനെന്നും ഇപ്പോൾ അക്കാര്യങ്ങൾ ചർച്ചാ വിഷയമല്ലെന്നും വി.എസ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തന്നെ അറിയാവുന്നവർക്ക് ഇക്കാര്യങ്ങൾ ബോധ്യമുള്ളതാണ്. തിരുവനന്തപുരത്തു തന്നെ ഉണ്ടാകുമെന്നും തന്നെ കാണാൻ ആലപ്പുഴയിലേക്ക് വരേണ്ടിവരില്ലെന്നും വി.എസ് കൂട്ടിച്ചേർത്തു.
കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, സ്മാർട്ട് സിറ്റി എന്നീ കേരളത്തിന്‍റെ സ്വപ്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജനങ്ങൾ എൽ.ഡി.എഫിൽ പ്രതീക്ഷ വെച്ചു പുലർത്തുന്നു. ജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ചുള്ള ഭരണം നൽകാൻ എൽ.ഡി.എഫിന് അവസരം നൽകിയ എല്ലാ കേരളീയരോടും മലമ്പുഴയിൽ തന്നെ വിജയിപ്പിച്ച വോട്ടർമാരോടും വി.എസ് നന്ദി പ്രകാശിപ്പിച്ചു.
യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് നടന്ന വൻകിട കുംഭകോണങ്ങൾ പുറത്തു കൊണ്ടുവരികയും നിയമത്തിന്‍റെ മുമ്പിൽ എത്തിക്കുകയും ചെയ്യേണ്ടത് എൽ.ഡി.എഫിന്‍റെ കർത്തവ്യമാണ്. സോളാർ കുംഭകോണം, ബാർ കോഴ, പാറ്റൂർ അടക്കമുള്ള ഇടപാടുകൾ, നിലം നികത്തൽ, കൈയ്യേറ്റങ്ങൾ, ജിഷ വധക്കേസ് അന്വേഷണം അടക്കമുള്ളവ യു.ഡി.എഫ് സർക്കാർ ജനങ്ങളോട് ചെയ്ത അപരാധങ്ങളാണ്. ഈ വിഷയങ്ങളിൽ സുതാര്യവും സത്യസന്ധവുമായ അന്വേഷണങ്ങൾ നടക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ജിഷയുടെ ഘാതകരെ തുറങ്കിലടക്കുന്ന കാലം വിദൂരമല്ല. വിവരാവകാശ നിയമത്തിൽ പോലും വെള്ളം ചേർക്കാൻ നോക്കിയ യു.ഡി.എഫ് രീതിയല്ല എൽ.ഡി.എഫിന്‍റേതെന്ന് ജനങ്ങൾ വിശ്വസിക്കുന്നു എന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും വി.എസ് ചൂണ്ടിക്കാട്ടി.
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തെ എവിടെ എത്തിച്ചെന്നുവെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. സ്ത്രീ പീഡനം, സർക്കാർ ഭൂമി പതിച്ചു നൽകൽ അടക്കമുള്ള കാര്യങ്ങൾ കേരളത്തിലെ കൊച്ചുകുട്ടികൾക്ക് വരെ അറിയാം. എന്നാൽ, അതിലൊന്നും തെളിവില്ലെന്നും തനിക്കെതിരെ കേസില്ലെന്നുമാണ് തെളിവ് ശേഖരിക്കാനും കേസെടുക്കാനും ബാധ്യതപ്പെട്ട മുഖ്യമന്ത്രി തന്നെ പറയുന്നത്. യുവാക്കളെ പറഞ്ഞു പറ്റിക്കുകയും കടലാസ് വികസനങ്ങൾ ഉദ്ഘാടനം ചെയ്ത് കൈയൊഴിയുകയായിരുന്നു. പരമ്പരാഗത തൊഴിൽ മേഖലയെ അവഗണിച്ചു. വയലുകളും കായലുകളും വനങ്ങളും കൈയ്യേറ്റം ചെയ്യപ്പെട്ട കാലമായിരുന്നു കഴിഞ്ഞ അഞ്ചു വർഷം. തീരുമാനങ്ങൾ കാറ്റിൽപറത്തുന്ന നിലപാടുകളാണ് ഉമ്മൻചാണ്ടി മന്ത്രിസഭാ സ്വീകരിച്ചതെന്നും വി.എസ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.