സി.പി.ഐയില്‍ നിന്നും പുതുമുഖ മന്ത്രിമാര്‍
text_fieldsതിരുവനന്തപുരം: ബുധനാഴ്ച അധികാരമേല്‍ക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാറില്‍ നാല് പുതുമുഖങ്ങളെ അണിനിരത്തി സി.പി.ഐയുടെ മന്ത്രിപട്ടിക. ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, കെ. രാജു എന്നിവരെ മന്ത്രിയാക്കാനുള്ള സംസ്ഥാന നിര്‍വാഹക സമിതി നിര്‍ദേശത്തിന് തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കി.
സി.പി.ഐക്ക് അനുവദിച്ച ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് വി. ശശി മത്സരിക്കും. മന്ത്രിമാരാകാന്‍ വീണ്ടും ആഗ്രഹം പ്രകടിപ്പിച്ച സി. ദിവാകരന്‍െറയും മുല്ലക്കര രത്നാകരന്‍െറയും വിയോജിപ്പ് മറികടന്നാണ് നിര്‍വാഹക സമിതി പുതുമുഖങ്ങളെ നിര്‍ദേശിച്ചത്. വി.എസ്. സുനില്‍ കുമാര്‍, പി. തിലോത്തമന്‍, കെ. രാജു എന്നിവര്‍ മൂന്നാം തവണയാണ് എം.എല്‍.എ ആകുന്നത്. രണ്ടുതവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടെന്ന പാര്‍ട്ടി മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് നേടി മത്സരിച്ചവരാണിവര്‍. സി.പി.ഐ സംസ്ഥാന ട്രഷററും നിര്‍വാഹക സമിതിയംഗവുമായ ഇ. ചന്ദ്രശേഖരന്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് കാഞ്ഞങ്ങാട്ടുനിന്ന് എം.എല്‍.എ ആകുന്നത്.
നിര്‍വാഹക സമിതിയംഗമായ സുനില്‍കുമാര്‍ ചേര്‍പ്പ് (2006), കയ്പമംഗലം (2011), തൃശൂര്‍ (2016) എന്നിവിടങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പി. തിലോത്തമന്‍ 2006 ലും 2011ലും 2016ലും ചേര്‍ത്തലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. പുനലൂരില്‍നിന്ന് 2006, 2011 വര്‍ഷങ്ങളില്‍ എം.എല്‍.എ ആയ കെ. രാജു 2016 ലും വിജയം ആവര്‍ത്തിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗമായ വി. ശശി തുടര്‍ച്ചയായ രണ്ടാം തവണയാണ് ചിറയിന്‍കീഴില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്.
നിയുക്ത മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യം 25ന് തീരുമാനിക്കാനാണ് സി.പി.എം - സി.പി.ഐ ധാരണ. ഇ. ചന്ദ്രശേഖരനാവും റവന്യൂ വകുപ്പെന്നാണ് സൂചന.
സുനില്‍കുമാറിന് കൃഷി, മൃഗസംരക്ഷണവും രാജുവിന് വനം, പരിസ്ഥിതിയും തിലോത്തമന് ഭക്ഷ്യ സിവില്‍ സപൈ്ളസുമാണ് പറയുന്നത്. അതേസമയം, എല്‍.ഡി.എഫ് വിട്ട ആര്‍.എസ്.പിയുടെ കൈവശമുണ്ടായിരുന്ന ജലവിഭവ വകുപ്പിലും നേരത്തേ കേരള കോണ്‍ഗ്രസ് കൈവശം വെച്ച പൊതുമരാമത്തിലും സി.പി.ഐക്ക് താല്‍പര്യമുണ്ട്. ഇക്കാര്യത്തില്‍ 25ന് രാവിലെ നടക്കുന്ന സി.പി.എം- സി.പി.ഐ ചര്‍ച്ചയിലാവും ധാരണയാവുക. ഇതുള്‍പ്പെടെ മന്ത്രിമാരായി നിശ്ചയിക്കപ്പെട്ടവരുടെ വകുപ്പുകളുടെ ചുമതല അന്തിമ ഘട്ടത്തില്‍ മാറിമറിയാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.