മദ്യനയം തിരിച്ചടിയായില്ല -വി.എം സുധീരൻ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മദ്യ നയം തിരിച്ചടിയായില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. അത്തരം പ്രചാരണങ്ങൾ മദ്യലോബികളുടേതാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി യോഗത്തിന് ശേഷം മാധ്യമങ്ങളോടാണ് വി.എം സുധീരൻ ഇക്കാര്യം പറഞ്ഞത്. കെ. ബാബുവിന്‍റെ ആരോപണങ്ങൾക്ക് ഇപ്പോൾ മറുപടി പറയുന്നില്ല. പരാജയം പരാജയം തന്നെയാണ്. ഇതിന്‍റെ കാരണം പരിശോധിക്കുമെന്നും സുധീരൻ വ്യക്തമാക്കി. പരാജയത്തിെൻറ പേരിൽ കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും സുധീരൻ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പു തോൽവിയെ കുറിച്ച് വിശദമായ ചർച്ച ജൂൺ 4, 5 തീയതികളിൽ നെയ്യാർ ഡാമിൽ നടത്താൻ കെ.പി.സി.സി യോഗം തീരുമാനിച്ചു. തോൽവിയുടെ കാരണം പഠിച്ചു റിപ്പോർട്ട് നൽകാൻ മൂന്നംഗ കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റി എല്ലാ ജില്ലകളിലും സന്ദർശിച്ച് നേതാക്കന്മാരുമായും പ്രവർത്തകരുമായും ആശയ വിനിമയം നടത്തിയാണ് റിപ്പോർട്ട് തയാറാക്കുക. മൂന്നംഗ കമ്മിറ്റിയെ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരൻ എന്നിവർ ചേർന്ന് തീരുമാനിക്കും.
ഇന്ദിരാ ഭവനിൽ ഇന്ന് നടന്ന കെ.പി.സി.സി യോഗം വിശദമായ വിലയിരുത്തലുകൾ നടത്തിയില്ല. തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച് ജില്ലാ കോൺഗ്രസ് പ്രസിഡന്റുമാർ പ്രാഥമിക റിപ്പോർട്ടിംഗ് നടത്തി. ഉമ്മൻചാണ്ടിയും ചെന്നിത്തലയും മാത്രമേ സംസരിച്ചുള്ളൂ. അധ്യക്ഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പു പരാജയം ഗൗരവമായി കാണണമെന്ന് പറഞ്ഞതല്ലാതെ വിശദമായ പ്രസംഗത്തിന് സുധീരനും തുനിഞ്ഞില്ല. തെരഞ്ഞെടുപ്പിലെ തിരിച്ചടി കാണാൻ കഴിഞ്ഞില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. വികസനം മുൻനിർത്തി ജനങ്ങൾ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.