ഫാഷിസം ഭീതിയിലാഴ്ത്തുന്നു –ഗൗഹര്‍ റാസ
text_fieldsകോഴിക്കോട്: എതിര്‍ക്കുന്നവരെ ദേശദ്രോഹികളാക്കി ഫാഷിസം രാജ്യത്തെ ഭീതിയിലാഴ്ത്താന്‍ ശ്രമിക്കുന്നതായി പ്രമുഖ സംവിധായകന്‍ ഗൗഹര്‍ റാസ. സോളിഡാരിറ്റി ഫിലിം ഫെസ്റ്റില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്യുമെന്‍ററി സംവിധായകന്‍ രാകേഷ് ശര്‍മ ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മീഡിയവണ്‍ റിപ്പോര്‍ട്ടേഴ്സ് ഡയറിക്കുവേണ്ടി തയാറാക്കിയ ‘ഇരകള്‍ക്ക് പറയാനുള്ളത്’ എന്ന വിഡിയോ റിപ്പോര്‍ട്ടിങ്ങിന് പി.എല്‍. കിരണ്‍ ദൃശ്യമാധ്യമ അവാര്‍ഡിന് അര്‍ഹനായി. പത്ര മാധ്യമ അവാര്‍ഡ് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘കുടിയേറ്റ തൊഴിലാളികളുടെ ‘സ്വന്തം കേരളം’ എന്ന പരമ്പരക്ക് വി.എം. മാത്യുക്കുട്ടിക്ക് ലഭിച്ചു. ഇന്ത്യന്‍ ഫാഷിസ്റ്റ് ഭീകരതയെ ദൃശ്യവത്കരിച്ച് ഗ്രാഫിക് ഡിസൈനിങ്ങിലൂടെ ശ്രദ്ധേയനായ സുമേഷ് ചാലിശ്ശേരിക്ക് പ്രത്യേക പുരസ്കാരം ലഭിച്ചു.
സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സമദ് കുന്നക്കാവ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. മത്സര വിഭാഗത്തില്‍ മികച്ച ഡോക്യുമെന്‍ററിയായി മാധ്യമം ഫോട്ടോഗ്രാഫര്‍ പി. അഭിജിത്ത് സംവിധാനം ചെയ്ത ട്രാന്‍സ്ജെന്‍റര്‍ സമൂഹത്തിന്‍െറ ജീവിതം പറയുന്ന ‘ട്രാന്‍സ്’ തെരഞ്ഞെടുത്തു. ധനസുമോദിന്‍െറ ‘ജലസമാധി’ക്ക് ലഭിച്ച സി. ശരത് ചന്ദ്രന്‍ സ്മാരക അവാര്‍ഡ് ആഗോളതാപനത്തിന്‍െറ ആഘാതങ്ങളെ ഓര്‍മപ്പെടുത്തുന്നതിനുള്ള അംഗീകാരമായി. ഡോക്യുമെന്‍ററി വിഭാഗത്തില്‍ അസ്ഹറുദ്ദീന്‍ സംവിധാനം ചെയ്ത അണ്‍സോള്‍വ്ഡ് സ്റ്റോറീസ് ഓഫ് ദ അണ്‍ഹേര്‍ഡ്, മികച്ച എഡിറ്റിങ്ങിന് ‘ജലസമാധി’യുടെ എഡിറ്ററുമാരായ ബി. അജിത്കുമാര്‍, റിഞ്ചു ആര്‍.വി എന്നിവര്‍ അര്‍ഹരായി. മികച്ച ഛായാഗ്രഹണത്തിന് ജലസമാധിയുടെ കാമറാമാന്‍ എ. മുഹമ്മദ് അര്‍ഹനായി. ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ അപര്‍ണ വാര്യര്‍, സംവിധാനം ചെയ്ത ഡ്രോപ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. അറ്റ് നൈറ്റ് എന്ന ചിത്രത്തിന്‍െറ എഡിറ്റിങ് നിര്‍വഹിച്ച ടിറ്റോ ഫ്രാന്‍സിസ്, ഇതുവഴി എന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ച ആത്മബോധ് എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായി. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ അധ്യക്ഷ വഹിച്ചു.
ജൂറി അംഗം ടി.പി. മുഹമ്മദ് ശമീം, പി. ബാബുരാജ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ മധു ജനാര്‍ദനന്‍, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, ബിജു മോഹനന്‍, പി. റുക്സാന എന്നിവര്‍ സംസാരിച്ചു. സി.എം. ശരീഫ് സ്വാഗതവും ശമീര്‍ ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.