ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം: കേരളം സുപ്രീംകോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും. ട്രാൻസ്പോർട്ട് കമീഷണർ ടോമിൻ തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.
വ്യാഴാഴ്ച്ച രാവിലെ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തച്ചങ്കരി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയെ കണ്ട ശേഷം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനേയും ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ കണ്ടു. ഇക്കാര്യത്തിലുള്ള അശങ്ക എങ്ങനെ പരിഹരിക്കണമെന്ന ചര്‍ച്ച സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് വന്നയുടന്‍ പറഞ്ഞിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് സർക്കാർ നടപടി.
കേരളത്തിലെ പ്രധാന നഗരങ്ങളിൽ 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഓടിക്കുന്നതിനാണ് ദേശീയ ഹരിത ട്രൈബ്യൂണൽ വിലക്ക് ഏർപ്പെടുത്തിയത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരങ്ങളിൽ ലൈറ്റ്, ഹെവി വാഹനങ്ങൾക്കു വിലക്കു ബാധകമാകും. സംസ്ഥാനമൊട്ടാകെ പൊതുഗതാഗത, തദ്ദേശസ്ഥാപന വാഹനങ്ങളല്ലാതെ 2000 സിസിക്കു മേലുള്ള പുതിയ ഡീസൽ വാഹനങ്ങൾ സർക്കാർ റജിസ്റ്റർ ചെയ്തു നൽകരുതെന്നും നിർദേശിച്ചു. ഉത്തരവു നടപ്പാക്കാൻ ഒരു മാസം അനുവദിച്ചിരുന്നു.
പ്രധാന നഗരങ്ങളിൽ ഉത്തരവു ലംഘിച്ചു പഴകിയ വാഹനങ്ങൾ ഓടിച്ചാൽ 10,000 രൂപ പരിസ്ഥിതി നഷ്ടപരിഹാരം ഈടാക്കും. ട്രാഫിക് പൊലീസും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സമാഹരിക്കുന്ന പിഴത്തുക പ്രത്യേക പരിസ്ഥിതി ഫണ്ടായി ബോർഡ് സൂക്ഷിക്കണം. ഈ ഫണ്ട് ട്രൈബ്യൂണൽ ഉത്തരവിനു വിധേയമായി അതതു നഗരങ്ങളിലെ പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. വാഹന ഇന്ധനമായി ഉപയോഗിക്കാൻ സി.എൻ.ജി ലഭ്യമാണോ എന്നു സർക്കാർ അറിയിക്കണമെന്നും ഹരിത ട്രൈബ്യൂണൽ നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.