ജിഷയുടെ മാതാവിനെ അറിയില്ല -പി.പി. തങ്കച്ചൻ
text_fieldsകൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മയെ തനിക്ക് അറിയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കൊ തന്‍റെ കുടുംബത്തിനൊ യാതൊരു ബന്ധവുമില്ല. അവർ തന്‍റെ വീട്ടിൽ 20 വർഷം ജോലിക്കു നിന്നെന്നു പറയുന്നത് ശുദ്ധ കളവാണ്. ഒരു ദിവസം പോലും വീട്ടിൽ ജോലിക്കു നിന്നിട്ടില്ലെന്നും പി.പി. തങ്കച്ചൻ പറഞ്ഞു.
ജോമോൻ പുത്തൻ പുരയ്ക്കലിന്‍റേത് വ്യക്തിഹത്യയാണ്. നിയമ നടപടികൾ സ്വീകരിക്കും. പെരുമ്പാവൂരില്‍ ഇടതുപക്ഷം തോറ്റതിന്‍റെ വിരോധം തീര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജിഷയുടെ അമ്മ ഒരാവശ്യത്തിനും തന്‍റെ വീട്ടില്‍ വന്നിട്ടില്ല. ജിഷ കൊല്ലപ്പെട്ടശേഷം അമ്മ രാജേശ്വരി ആശുപത്രിയില്‍ കഴിഞ്ഞപ്പോഴാണ് അവരെ സന്ദര്‍ശിച്ചത്. കെ.പി.സി.സിയുടെ ധനസഹായം കൈമാറാനും ആശുപത്രിയില്‍ പോയിരുന്നു. അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നത് ശരിയല്ല. ഇതൊന്നുമല്ല രാഷ്ട്രിയമെന്നും അദ്ദേഹം പറഞ്ഞു.
പെരുമ്പാവൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടില്‍ ജിഷയുടെ അമ്മ രാജേശ്വരി ദീര്‍ഘകാലം ജോലി ചെയ്തിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. പരാതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ സമൂഹമാധ്യമങ്ങളിലെങ്ങും സംഭവം ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി പി.പി. തങ്കച്ചൻ രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.