കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിമര്‍ശിച്ചാല്‍ കിട്ടുന്ന അംഗീകാരങ്ങള്‍ ഒ.എന്‍.വി വേണ്ടെന്നുവെച്ചു –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ തളര്‍ച്ചയിലും പ്രസ്ഥാനത്തെ വിമര്‍ശിച്ചാല്‍ കിട്ടുന്ന ദേശീയ അംഗീകാരങ്ങള്‍ ഒ.എന്‍.വി. കുറുപ്പ് വേണ്ടെന്നുവെച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അംഗീകാരങ്ങള്‍ പറഞ്ഞ് പ്രലോഭിപ്പിച്ച് മുഖ്യധാരാമാധ്യമങ്ങള്‍വരെ അദ്ദേഹത്തിന്‍െറ വീടിനു മുന്നില്‍ കാത്തുനിന്നിട്ടുണ്ട്. എന്നാല്‍, അതിലൊന്നിലും ഒ.എന്‍.വി വീണിട്ടില്ല. ഒ.എന്‍.വി പ്രതിഭാ ഫൗണ്ടേഷന്‍ വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച കവിയുടെ 85ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള പിണറായിയുടെ ആദ്യപൊതുപരിപാടിയായിരുന്നു ഇത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ജീവിതത്തിലൂടനീളം സഹകരിച്ച എത്രപേരുണ്ട് എന്നു ചിന്തിക്കുമ്പോഴാണ് ഒ.എന്‍.വിയുടെ പ്രസക്തി മനസ്സിലാകുന്നത് . പി. ഭാസ്കരനും ഒ.എന്‍.വിയും വയലാറും ഉള്‍പ്പെട്ട ഒരു ചുവന്ന ദശകം നമ്മുടെ കവിതാചരിത്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യബോധം പില്‍ക്കാല കവികള്‍ക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് സംശയമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്തുപോലും പാട്ടുകളും നാടകങ്ങളുംകൊണ്ട് ജനങ്ങളെ ആകര്‍ഷിച്ച ഒ.എന്‍.വിയെയും വയലാറിനെയും പോലുള്ളവരെ മറക്കാന്‍ പാര്‍ട്ടിക്കാകില്ല. നാടുവാഴിത്തവും ജന്മിത്തവും കൊടുകുത്തിവാണ കാലത്താണ് വയലില്‍ പണിയെടുക്കുന്ന കര്‍ഷകരോട് ‘നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ’ എന്ന് കവി പാടിയത്. പ്രവചനസ്വഭാവമുള്ള ആ വരികളിലൂടെതന്നെയാണ് പില്‍ക്കാലത്ത് കേരളം സഞ്ചരിച്ചതും. രാഷ്ട്രീയം കവികള്‍ക്ക് തടസ്സമല്ല, പ്രചോദകശക്തിയാണെന്ന് തെളിയിക്കാന്‍ ഒ.എന്‍.വിക്ക് കഴിഞ്ഞതായും പിണറായി പറഞ്ഞു.
ഒ.എന്‍.വിയുടെ അവസാനകാലത്തെ കവിതകള്‍ കോര്‍ത്തിണക്കി ഡി.സി ബുക്സ് പുറത്തിറക്കിയ ‘അനശ്വരതയിലേക്ക്’ എന്ന പുസ്തകം മുഖ്യമന്ത്രി കവി കുരീപ്പുഴ ശ്രീകുമാറിന് നല്‍കി പ്രകാശനം ചെയ്തു. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി അധ്യക്ഷത വഹിച്ചു. ഡോ.പി. പവിത്രന്‍ ജന്മദിന പ്രഭാഷണം നടത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, രവി ഡീസി എന്നിവര്‍ സംസാരിച്ചു. മലയാള സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ സ്വാഗതവും ഡോ.പി. വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. ഒ.എന്‍.വിയുടെ നാടകഗാനങ്ങളും വേദിയില്‍ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.