പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: കേന്ദ്ര കമീഷന്‍ സിറ്റിങ് നാളെ തുടങ്ങും
text_fieldsകൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച കമീഷന്‍െറ സിറ്റിങ് തിങ്കളാഴ്ച തുടങ്ങും. ചെന്നൈയിലെ എക്സ്പ്ളോസിവ്സ് ജോയന്‍റ് ചീഫ് കണ്‍ട്രോളര്‍ ഡോ. എ.കെ. യാദവിന്‍െറ നേതൃത്വത്തിലുള്ള സംഘത്തില്‍ ഹൈദരാബാദ് എക്സ്പ്ളോസിവ്സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍. വേണുഗോപാല്‍, റിട്ട. എക്സ്പ്ളോസിവ്സ് ജോയന്‍റ് ചീഫ് കണ്‍ട്രോളര്‍ ജി.എം. റെഡ്ഡി, കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജ് കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി ഡോ. കെ.ബി. രാധാകൃഷ്ണന്‍ എന്നിവര്‍ സാങ്കേതിക ഉപദേഷ്ടാക്കളാണ്.
വെടിക്കെട്ടപകടം ഉണ്ടാകാനുള്ള കാരണങ്ങള്‍, നിയമ-ഭരണതലത്തില്‍ പോരായ്മകള്‍ ഉണ്ടായിട്ടുണ്ടോ തുടങ്ങിയവയാണ് പരിശോധിക്കുന്നത്. തിങ്കളാഴ്ച സ്ഥലപരിശോധനയും പൊതുജനങ്ങളില്‍നിന്നുള്ള തെളിവെടുപ്പും നടത്തും. പരവൂര്‍ മുനിസിപ്പല്‍ ഓഫിസിലാണ് കമീഷന്‍ സിറ്റിങ്. മരിച്ചവരുടെ ബന്ധുക്കള്‍, പരിക്കേറ്റവര്‍, അവരുടെ പ്രതിനിധികള്‍, അപകടത്തിന്‍െറ ദൃക്സാക്ഷികള്‍ തുടങ്ങിയവരില്‍നിന്ന് 31നും ജൂണ്‍ ഒന്നിനും തെളിവെടുക്കും.
ആശ്രാമം ഗെസ്റ്റ് ഹൗസില്‍ ജൂണ്‍ രണ്ടിന് വെടിക്കെട്ട് നിര്‍മാതാക്കള്‍, പുറ്റിങ്ങല്‍ക്ഷേത്രഭാരവാഹികള്‍ എന്നിവരില്‍നിന്നും മൂന്നിനും നാലിനും അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്നും സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കും. ദിവസവും രാവിലെ 9.30ന് തെളിവെടുപ്പ് തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.