Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോരാട്ടത്തിന്‍റെ...

പോരാട്ടത്തിന്‍റെ ഗൃഹപാഠങ്ങൾ

text_fields
bookmark_border
പോരാട്ടത്തിന്‍റെ ഗൃഹപാഠങ്ങൾ
cancel

പിണറായി വിജയന്‍ എന്ന വ്യക്തിയെ ആദ്യ കാലങ്ങളില്‍ പലപ്പോഴും ഞാന്‍ വിലയിരുത്താന്‍ തുനിഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം കിട്ടിയ ഉത്തരം വിട്ടുവീഴ്ചയില്ലാത്ത കമ്യൂണിസ്റ്റ് എന്നതായിരുന്നു. തന്നെക്കാള്‍ മറ്റുള്ളവരെ സ്നേഹിക്കുകയും പാവങ്ങള്‍ക്കുവേണ്ടി മാറ്റമുള്ള സമൂഹം കെട്ടിപ്പടുക്കാനുള്ള യത്നത്തില്‍ പങ്കാളിയാകാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആ സഖാവിന്‍റെ ശീലങ്ങളില്‍ പൊരുത്തം കാണാന്‍ കുറച്ചുസമയം വേണ്ടിവന്നെങ്കിലും ഞാനും ആ ജീവിതത്തിന്‍റെ ഭാഗഭാക്കാവുകയായിരുന്നു. പലപ്പോഴും അസാധാരണമായ അനുഭവങ്ങളിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നതെന്ന് കണ്ടപ്പോള്‍ ആശങ്കകളുണ്ടായി.  സത്യസന്ധനും ശരി തെറ്റുകള്‍ ആരുടെ മുഖത്തുനോക്കിയും തന്‍റേടത്തോടെ പറയുന്നവനുമായ ഒരാള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയായിരുന്നു. രാഷ്ട്രീയ എതിരാളികളുടെ കണ്ണിലെ കരടായി മാറിയതിന്‍റെ ഫലമായുള്ള വെല്ലുവിളികളും ധാരാളമുണ്ടായിരുന്നു. അപ്പോഴെല്ലാം പിണറായി വിജയനില്‍നിന്നും കുടുംബത്തിലുള്ള ഞങ്ങള്‍ക്ക് പഠിക്കാന്‍ ഏറെയുണ്ടായിരുന്നു. കൊടുങ്കാറ്റുകള്‍ക്കിടയില്‍ കെട്ടുപോകാതെ നില്‍ക്കാന്‍ കൈയില്‍ സത്യസന്ധതയും ആര്‍ജവവും ഉണ്ടെങ്കില്‍ കഴിയുമെന്നതായിരുന്നു അതില്‍ പ്രധാനം.

കല്ലേറുകള്‍ക്കും  അവഹേളിക്കലുകള്‍ക്കും ഒരാളെ തകര്‍ക്കാന്‍ കഴിയില്ലെന്നും ഞങ്ങള്‍ പഠിച്ചു. നേരും നെറിയോടെയുമാണ്  സ്വന്തം നിലപാടുകളെങ്കില്‍ എന്തെല്ലാം ഭൂമികുലുക്കം ഉണ്ടായാലും ഒരാള്‍ക്ക് പരിഭ്രമിക്കേണ്ടിവരില്ളെന്നതും ഞാന്‍ വിജയേട്ടനില്‍നിന്നും മനസ്സിലാക്കിയ കാര്യമാണ്. അദ്ദേഹത്തിന്‍െറ പത്നി എന്നനിലയില്‍ എനിക്ക് പറയാന്‍ കഴിയുന്നത്, പിണറായി വിജയന്‍റെ ജീവിതം എന്നത് നിരന്തരമായ സമരമുഖങ്ങളുടെയും കൊടുങ്കാറ്റുകളുടെയും സംഘര്‍ഷങ്ങളുടെയും ഒക്കെ മിശ്രിതരൂപം എന്നാണ്. നന്മയും ഇച്ഛാശക്തിയുമുള്ള ഒരു പോരാളിയായതു കൊണ്ടാണ് ആരോപണങ്ങളുടെ പ്രവാഹങ്ങള്‍ക്കിടയില്‍പോലും അദ്ദേഹത്തിന് അതൊന്നും കൂസാതെ സധൈര്യം മുന്നോട്ടു പോകന്‍ കഴിഞ്ഞത്. ആ പോരാട്ടത്തിനൊപ്പം ഒരു ജീവിതപങ്കാളി എന്നനിലയില്‍ കൂടെനില്‍ക്കാനാണ്  ഞാന്‍ ശ്രമിച്ചത്; എന്‍െറ മക്കളെ ശീലിപ്പിച്ചതും.  ഭര്‍ത്താവ് എന്ന നിലക്കൊപ്പം തന്നെ  നല്ല ഗുരുനാഥനോ വാത്സല്യനിധിയായ ഗൃഹനാഥനോ സുഹൃത്തോ ഒക്കെയായി അദ്ദേഹം ഞങ്ങളുടെ മുന്നില്‍ നിലകൊണ്ടു. പക്ഷേ, ഞങ്ങള്‍ക്കായി ചെലവിടുന്നതില്‍ കൂടുതല്‍ സമയം അദ്ദേഹം നീക്കിവെച്ചത് പാര്‍ട്ടിക്കും പൊതുരംഗത്തിനുമായിരുന്നു. കമ്യൂണിസ്റ്റ് സഖാക്കന്മാരുടെ ജീവിതം എന്നത് അങ്ങനെയായിരിക്കുമല്ലോ.

ഞങ്ങളുടെ വിവാഹം 1979ല്‍ ആയിരുന്നു. വിവാഹത്തിനുമുമ്പ് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് എം.എല്‍.എ എന്ന നിലയിലൊക്കെ കേട്ടിരുന്നു. പക്ഷേ, എന്‍െറ ഭര്‍ത്താവ് ആകുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ ബന്ധുക്കള്‍ യാത്രക്കിടയില്‍ കൊടുവള്ളിയില്‍വെച്ച് സ്റ്റാര്‍ എന്നൊരു ബസ് കണ്ടു. അതില്‍ പിണറായി എന്ന ബോര്‍ഡ് കണ്ടപ്പോള്‍ ‘ഇത് പിണറായി വിജയന്‍റെ നാട്ടിലേക്കുള്ള ബസ് ആണല്ലോ’ എന്ന് ഞാന്‍ ആരോടോ പറഞ്ഞത് ഓര്‍ക്കുന്നുണ്ട് ഇപ്പോഴും. വിജയേട്ടനൊപ്പം അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കഴിഞ്ഞ എടച്ചേരി ബാലന്‍മാഷാണ് വിവാഹാലോചന കൊണ്ടുവന്നത്. അപ്പോള്‍ ഞാന്‍ ബി.എഡിന് ചേര്‍ന്നതേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്‍ പറഞ്ഞത് കോഴ്സ് കഴിഞ്ഞിട്ടാകാം ആലോചനയെന്നായിരുന്നു. കോഴ്സ് കഴിഞ്ഞപ്പോള്‍ ആലോചന വീണ്ടും വന്നു. വിജയേട്ടന്‍ പെണ്ണുകാണാന്‍ വന്നപ്പോള്‍ അച്ഛന്‍ കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞുവന്ന അച്ഛന്‍ പറഞ്ഞത് എനിക്ക് പയ്യനെ നേരിട്ടുകാണണം എന്നായിരുന്നു. അങ്ങനെ വിജയേട്ടന്‍ വീണ്ടും വന്നു. അച്ഛന് ഇഷ്ടപ്പെട്ടു. തുടര്‍ന്ന് എന്നോട് അഭിപ്രായം ചോദിച്ചപ്പോള്‍ അച്ഛന്‍റെയും അമ്മയുടെയും ഇഷ്ടമാണ് തന്‍േറതുമെന്ന് പറഞ്ഞു. അങ്ങനെ വിവാഹം നടന്നു.

പൊതുരംഗത്ത് ഇത്രയും സജീവായി നില്‍ക്കുന്ന ഒരാളെ കല്യാണം കഴിച്ചാല്‍ അദ്ദേഹത്തെ കാണാന്‍പോലും കിട്ടുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വമായിരിക്കുമെന്ന് ഞാനൂഹിച്ചിരുന്നില്ല. എന്നാല്‍, അതായിരുന്നു സത്യം. അത്യാവശ്യം എസ്.എഫ്.ഐ അംഗത്വം, പിന്നെ ഒരു കമ്യൂണിസ്റ്റ് കുടുംബാംഗം ഒക്കെയായിരുന്ന എനിക്ക്, ഇത്രയും തിരക്കുള്ള ഒരു കമ്യൂണിസ്റ്റുകാരന്‍െറ ജീവിതംകണ്ട് സങ്കടംവരുകതന്നെ ചെയ്തു. ഞാനൊരു സാധാരണ കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു. അത്യാവശ്യം സിനിമക്കും ഷോപ്പിങ്ങിനുമൊക്കെ കൂടെ വരുന്ന, നമുക്കൊപ്പം എപ്പോഴും ഉള്ള ഭര്‍ത്താവിനെ ആഗ്രഹിക്കുന്നവള്‍.  എന്‍െറ സങ്കടം കണ്ട് എന്‍റെ സഹോദരി നന്നായി എന്നെ ഉപദേശിച്ചു. പൊതുപ്രവര്‍ത്തകന്‍റെ ഭാര്യ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ടെന്നും അത്തരം ധാരണകളില്ലാതെ പെരുമാറിയാല്‍ ഭര്‍ത്താവിന്‍റെ സ്വസ്ഥത കെടുമെന്നും ചേച്ചി പറഞ്ഞുതന്നു. പ്രശ്നക്കാരി അല്ലാത്ത ഭാര്യയാകാനും വിജയേട്ടന് പരമാവധി പിന്തുണ നല്‍കാനും അങ്ങനെയാണ് ഞാന്‍ ആഗ്രഹിച്ചത്. ഞാന്‍കാരണം ഒരുവിധ ബുദ്ധിമുട്ടുകളും എന്‍റെ ഭര്‍ത്താവിന്  ഉണ്ടാകരുതെന്നും തീര്‍ച്ചപ്പെടുത്തി. അന്നുമുതല്‍ ഇന്നുവരെ അത് പാലിക്കുന്നുണ്ടെന്നാണ് എന്‍റെ വിശ്വാസം. ഒരു വിധത്തിലുള്ള പരാതിയും ഞാന്‍ അദ്ദേഹത്തിന്‍റെ മുന്നില്‍ ഇതുവരെയും പറഞ്ഞിട്ടില്ല.

വിജയേട്ടനുമായുള്ള ജീവിതം തുടങ്ങിയപ്പോള്‍ എന്നെ ശരിക്കും വിസ്മയിപ്പിച്ചത് അദ്ദേഹത്തിന്‍റെ കൃത്യനിഷ്ഠയായിരുന്നു. ഒപ്പം അടുക്കുംചിട്ടയും. ചെരിപ്പുകള്‍ അഴിച്ചുവെച്ചാല്‍പോലും അതിലൊന്ന് മാറിയിരിക്കരുത് എന്നതില്‍പോലും സൂക്ഷ്മതയുണ്ട്. ഇത്തരം കാര്യങ്ങളെ കുറിച്ചൊക്കെ എനിക്ക് പറഞ്ഞുതരുകയും ചെയ്യുമായിരുന്നു. വിവാഹം കഴിഞ്ഞ വേളയില്‍തന്നെ വിജയേട്ടന്‍ തന്‍റെ അമ്മയെ പരിചരിക്കുന്ന കാര്യത്തില്‍ ശ്രദ്ധവേണമെന്ന് സ്നേഹത്തോടെ  പറഞ്ഞുതന്നിരുന്നു. അമ്മയോട് എപ്പോഴും ആത്മബന്ധം വളരെ ദൃഢമായിരുന്നു അദ്ദേഹത്തിന്. അമ്മയുടെ 14ാമത്തെ മകനായിരുന്നുവല്ളോ വിജയേട്ടന്‍. (ആ അമ്മക്ക് മൂന്നു മക്കളയേ കിട്ടിയുള്ളൂ. ബാക്കിയുള്ളവര്‍ ജനിച്ച് ഉടന്‍തന്നെ കണ്ണടക്കുകയായിരുന്നു.) അതുപോലെ രാഷ്ട്രീയ എതിരാളികളില്‍നിന്നുള്ള ഭീഷണികളുടെ പശ്ചാത്തലത്തില്‍ എന്തും സഹിക്കാനുള്ള മനക്കരുത്ത് ഉണ്ടാക്കിയെടുക്കണമെന്നും വിജയേട്ടന്‍ പലപ്പോഴും പറയാറുണ്ടായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകനായ തന്‍റെ കുടുംബാംഗങ്ങളും തെറ്റുകളില്‍ ചെന്ന് പെടാതിരിക്കണമെന്ന ഉപദേശവും പലപ്പോഴും നല്‍കാറുണ്ട്.  രാഷ്ട്രീയ എതിരാളികളില്‍നിന്നുള്ള ഭീഷണികളെ കുറിച്ചൊന്നും എനിക്ക് അത്രവലിയ സൂചനകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കത്തുകളായും ഫോണ്‍കാളുകളായും ഭീഷണികളുടെ പ്രവാഹമുണ്ടായി. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വ്യാപകമായിരുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഈ ഭീഷണികള്‍ മൂര്‍ധന്യാവസ്ഥയിലായിരുന്നു.

എന്നാല്‍, തനിക്ക് ഇത്തരത്തിലുള്ള  ഭീഷണികളുണ്ടെന്ന കാര്യം ഞങ്ങളോട് പറയാറുമില്ലായിരുന്നു. വീട്ടിലത്തെുന്ന ഭീഷണികളെ കുറിച്ച് ഞാനും പറഞ്ഞില്ല. ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇത്തരം ഭീഷണികളെ കുറിച്ച്  അറിയാമായിരുന്നു. എങ്കിലും, ചര്‍ച്ച ചെയ്തില്ല. ഒരിക്കല്‍ ഷോക്കുണ്ടായ പോലത്തെ അനുഭവമുണ്ടായി. മോന്‍ വിക്കിക്ക് (വിവേക്) അന്ന് 12 വയസ്സുള്ള സമയമാണ്. വിജയേട്ടന്‍റെ ഷര്‍ട്ട് അലക്കുമ്പോള്‍ അതില്‍നിന്ന് ഒരു കത്ത് എനിക്ക് ലഭിച്ചു. അത് തുറന്നപ്പോള്‍ ‘നിന്‍റെ മോനെ വെട്ടിനുറുക്കിക്കൊല്ലും’ എന്നായിരുന്നു ഉള്ളടക്കം. കുറച്ചുനേരം തലകറങ്ങി. പിന്നെ കുറെ നേരം കഴിഞ്ഞപ്പോള്‍  കണ്ണൂരിലെ ഉറ്റവരെയും ഉടയവരെയും നഷ്ടമായ കമ്യൂണിസ്റ്റ് കുടുംബങ്ങളെ കുറിച്ചോര്‍ത്തു. അവര്‍ സഹിക്കുന്ന വേദനകളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ എന്തും നേരിടാനുള്ള ധൈര്യം മനസ്സിലുണ്ടായി. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ വിജയേട്ടന്‍റെ സുഹൃത്തായ ഒരാള്‍ പറഞ്ഞത് ‘ഏടത്തീ വിക്കിയെ കൂടുതല്‍ പുറത്തൊന്നും വിടണ്ടാ’ എന്നായിരുന്നു. എന്നിട്ടും, ഒരു ധൈര്യം ഉള്ളില്‍ എവിടെയോ ഉണ്ടായി. ‘അതെങ്ങനെയാണ്, കുട്ടികളെ വീട്ടിനകത്തിരുത്തി വളര്‍ത്താന്‍ കഴിയുമോ?’ എന്ന് തിരിച്ചുചോദിക്കാന്‍ കഴിഞ്ഞതും അതുകൊണ്ടായിരുന്നു. ഇത്തരത്തില്‍ കുട്ടികള്‍ക്കുനേരെ ഭീഷണി എതിരാളികളില്‍നിന്ന്  ഉണ്ടായപ്പോള്‍ വിജയേട്ടന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ചെയ്യുന്നെങ്കില്‍ എന്താന്നുവെച്ചാല്‍ അവര്‍ ചെയ്യട്ടെ’. അതായിരുന്നു വിജയേട്ടന്‍. അത്തരം ഭീഷണികളും വെല്ലുവിളികളും അദ്ദേഹം തെല്ലുപോലും മുഖവിലക്കെടുക്കില്ല.

പിണറായിക്കും പത്നിക്കുമൊപ്പം മക്കളായ വിവേകും വീണയും. ഒരു പഴയ കുടുംബചിത്രം
 


വിജയേട്ടന്‍ 1996ല്‍ മന്ത്രിയായപ്പോള്‍ ഞാന്‍ തിരുവനന്തപുരത്തേക്ക് വന്നു. തുടര്‍ന്ന് അധ്യാപികയായിരുന്ന ഞാന്‍ ഡെപ്യൂട്ടേഷനില്‍ തിരുവനന്തപുരത്ത് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. മന്ത്രിസ്ഥാനത്തിരിക്കുമ്പോള്‍ അദ്ദേഹം വീട്ടിലേക്ക് ഒരു ഫയല്‍പോലും കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിച്ചു. വീട് അധികാരത്തിന്‍െറ ഭാഗമാകാതിരിക്കാനും സൂക്ഷ്മതപുലര്‍ത്തി. രാവിലെ ഒമ്പതു മണിക്ക് ഓഫിസിലേക്ക് പോകുകയും പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം പഠിച്ചുമാണ് മുന്നോട്ടുപോയത്്. ഈ ജാഗ്രതയാണ് മികച്ചമന്ത്രി എന്ന പേരെടുക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. എന്നാല്‍, മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തെ പുകഴ്ത്തിയവര്‍പോലും പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിയപ്പോള്‍ ശത്രുവായി കാണാന്‍ തുടങ്ങി. അതിന് എതിരാളികള്‍ കണ്ടത്തെിയ മാര്‍ഗമായിരുന്നു എസ്.എന്‍.സി ലാവലിന്‍ കേസ്. സത്യം എന്തെന്ന് അറിയാതെയോ അന്വേഷിക്കാതെയോ മാധ്യമങ്ങള്‍ അതേറ്റെടുക്കുകയും ചെയ്തു. എന്നാല്‍, വിജയേട്ടന്‍റെ കൈകള്‍ പൂര്‍ണമായും ശുദ്ധമാണെന്ന് അദ്ദേഹത്തെ അറിയാവുന്ന എല്ലാവര്‍ക്കും ബോധ്യമുള്ളതായിരുന്നു.  പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നാട്ടുകാരുടെയും നിറഞ്ഞപിന്തുണ അദ്ദേഹത്തിന് ലഭിച്ചു.

ഒടുവില്‍, സത്യം ജയിച്ചു. വന്‍ കോലാഹലമുണ്ടാക്കിയ ലാവലിന്‍ കേസ് ഒടുവില്‍ ശൂന്യമായിപ്പോയി. എന്നാല്‍, അതിന്‍റെപേരില്‍ ഉണ്ടാക്കിയ തെറ്റിദ്ധാരണകളും നുണപ്രചാരണങ്ങളും വിവാദങ്ങളും മറക്കാന്‍ കഴിയില്ല. അതിന്‍റെപേരില്‍ ഉണ്ടായ അപമാനിക്കലുകള്‍ ചില്ലറയല്ല. ജനങ്ങള്‍ക്കുമുന്നില്‍ നെഗറ്റീവ് ഇമേജോടെ അവതരിപ്പിക്കാനാണ് എതിരാളികള്‍ ശ്രമിച്ചത്. ആരോപണങ്ങള്‍ കേള്‍ക്കുമ്പോഴെല്ലാം അവഗണിക്കുകയിരുന്നു വിജയേട്ടന്‍റെ പതിവ്. എന്നാല്‍, ഒരിക്കല്‍ അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയ ഒരു സംഭവമുണ്ടായി. എന്നാല്‍, പിന്നീടത് അദ്ദേഹം ഒരു നര്‍മം പോലെ നോക്കിക്കാണുകയും ചെയ്തു. സന്ധ്യക്ക് ഫ്ലാറ്റിലെ ജാലകം തുറന്നിട്ട് അദ്ദേഹം ഗൗരവസ്വഭാവമുള്ള എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. അപ്പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്ന് ഏതോ വികൃതിക്കുട്ടികള്‍ ‘ലാവലിന്‍റെ കണക്ക് എഴുതുകയാണോ’ എന്ന് വിളിച്ചുചോദിച്ചു. അപ്രതീക്ഷിതമായുണ്ടായ ആ സംഭവം അദ്ദേഹത്തെ ക്ഷോഭിപ്പിച്ചു.

താഴേക്കുപോയി ആ സ്ഥാനപത്തിന്‍റെ ഉടമയായ ഫാദറിനെ കണ്ട് നടന്ന കാര്യം പറഞ്ഞു. ഫാദറും അതുകേട്ട് ആകെ വിഷമിച്ചുപോയി. ക്ഷമ ചോദിക്കുകയും അന്വേഷിച്ച് നടപടിയെടുക്കാമെന്ന് ഫാദര്‍ പറഞ്ഞപ്പോള്‍ നടപടിയൊന്നും വേണ്ട, മറ്റുള്ളവരുടെ വീടുകളിലേക്ക് ഇത്തരം ശല്യപ്പെടുത്തലുകള്‍ ഉണ്ടാകാതിരുന്നാല്‍ മതിയെന്നായിരുന്നു മറുപടി. തെറ്റുകള്‍ക്കെതിരെ വിജയേട്ടന്‍ മനസ്സില്‍ തോന്നുന്നകാര്യം ആരുടെ മുഖത്തുനോക്കിയും കാര്‍ക്കശ്യത്തോടെ പറയുകതന്നെ ചെയ്യും. അതിന്‍െറപേരില്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെ കുറിച്ചൊന്നും ഓര്‍ക്കുന്നുണ്ടാകില്ല. എന്നാല്‍, ആ സമയം കഴിഞ്ഞാല്‍ അത്  മറക്കുകയും ചെയ്യും. അതാണ് പ്രകൃതം. എന്നാല്‍, അതിന്‍റെ പേരില്‍ പല പ്രചാരണങ്ങളും കഥകളും ഇപ്പോഴുമുണ്ട്. ഒരിക്കല്‍ ഒരു ടി.വി മാധ്യമപ്രവര്‍ത്തക എന്നോട് ചോദിക്കുകയാണ്: ‘പിണറായി വിജയനെ എങ്ങനെ ഭാര്യ എന്നനിലയില്‍ സഹിക്കുന്നു’വെന്ന്്. എനിക്ക് വലിയ വിഷമവും ദേഷ്യവുമുണ്ടായി.  മാധ്യമപ്രവര്‍ത്തകരില്‍ പലരും പറഞ്ഞുകേട്ടിരിക്കുന്നതും  പഠിച്ചുവെച്ചിരിക്കുന്നതും ഇങ്ങനെയാണ്. അദ്ദേഹം കാര്‍ക്കശ്യമുള്ള നിലപാടുകള്‍ ഉള്ള വ്യക്തിയാണെന്നത് ശരിയാണ്. എന്നാല്‍, കാര്‍ക്കശ്യമുള്ള മനുഷ്യനായി എനിക്ക് തോന്നിയിട്ടില്ല. പിന്നെ ചിലര്‍ പറയുന്നത് ഒരിക്കലും ചിരിക്കാത്ത മനുഷ്യനാണ് പിണറായി എന്നാണ്. ഒരിക്കലും ചിരിക്കാതെ ഒരു മനുഷ്യന് ജീവിക്കാന്‍ കഴിയുമോ.

എന്തൊക്കെയാണ് ഇവര്‍ പറയുന്നത്. വിജയേട്ടനെക്കുറിച്ച് മാത്രമല്ല എന്നെക്കുറിച്ചും അത്തരക്കാര്‍ കഥകള്‍ ചമച്ചിട്ടുണ്ട്.  ‘കമല ഇന്‍റര്‍നാഷണല്‍’ എന്നപേരില്‍ വിദേശത്ത് വിജയേട്ടന് സ്ഥാപനമുണ്ടെന്നൊക്കെ പറഞ്ഞുപരത്തി. അന്വേഷിച്ചു ചെന്നപ്പോള്‍ അതൊന്നും ഗവ. ഏജന്‍സികള്‍ക്കുവരെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. മാത്രമല്ല, പിണറായി വിജയന്‍റെ വീട് എന്നപേരില്‍ ഏതോ ഒരു വീടിന്‍റെ ചിത്രം പ്രചരിപ്പിച്ചു. ഒടുവില്‍ കള്ളങ്ങളെല്ലാം പൊളിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയായിരിക്കുന്നു. അതില്‍ അദ്ദേഹത്തിന് അമിതമായ ആഹ്ലാദമൊന്നും ഇല്ലെന്നാണ് എനിക്ക് കൃത്യമായും പറയാന്‍ കഴിയുന്നത്. കാരണം, അധികാരം എന്നത് ഒരിക്കലും അദ്ദേഹത്തിന് ആസ്വാദിക്കാന്‍ കഴിയുന്ന ഒന്നല്ല; മറിച്ച് ഉത്തരവാദിത്തം കൂട്ടുന്ന ഒന്നാണ്.

‘എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യംപോലും ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതാണ്. എന്തായാലും അധികാരം ഇടത്താവളം മാത്രമാണ്. അങ്ങനെ കരുതി, ജനത്തെ മുന്നില്‍ക്കണ്ട് യഥാര്‍ഥ കമ്യൂണിസ്റ്റായി  നവകേരളത്തിനായി അദ്ദേഹം മുന്നോട്ടുപോകും എന്നാണ് ഞങ്ങളുടെ പ്രതീക്ഷയും വിശ്വാസവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamala
Next Story