മുന്‍ മന്ത്രി കെ.പി നൂറുദ്ദീന്‍ അന്തരിച്ചു
text_fieldsകണ്ണൂര്‍: പതിറ്റാണ്ടിലേറെ കെ.പി.സി.സിയുടെ ട്രഷററും മുന്‍ മന്ത്രിയുമായിരുന്ന കെ.പി. നൂറുദ്ദീന്‍ (77) നിര്യാതനായി. ഞായറാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച രാവിലെ പയ്യന്നൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെടവെ നഗരത്തിലെ താമസസ്ഥലത്ത് കാല്‍ വഴുതി വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയിലത്തെിച്ചത്. മരണ സമയം ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
മൃതദേഹം ഇന്നു രാവിലെ 7.30 മുതല്‍ 11 മണിവരെ കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പുതിയങ്ങാടിയിലെ തറവാട്ടുവീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് 4.30ന് പുതിയങ്ങാടി ജുമാ മസ്ജിദില്‍ ഖബറടക്കം.
കേരള രാഷ്ട്രീയത്തില്‍ എഴുപതുകള്‍ മുതല്‍ നാല് പതിറ്റാണ്ടുകാലം കോണ്‍ഗ്രസിന്‍െറ സംസ്ഥാന നേതൃനിരയില്‍ ‘സാഹിബ്’ എന്ന പേരില്‍ അറിയപ്പെടുന്ന നൂറുദ്ദീന്‍ കെ.പി.സി.സിയില്‍ ആന്‍റണി ഗ്രൂപ്പിന്‍െറ ശക്തനായ പങ്കാളിയായിരുന്നു. 2012 മുതല്‍ ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനായ നൂറുദ്ദീന്‍ കഴിഞ്ഞ ദിവസം സ്ഥാനം രാജിവെച്ചിരുന്നു. നിലവില്‍ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗമാണ്.
കണ്ണൂര്‍ ജില്ലയില്‍ കുറ്റൂര്‍ പെരുവാമ്പയിലെ വേങ്ങാടന്‍ മുഹമ്മദ് ഹാജിയുടെയും കെ.സി. മറിയം ഹജ്ജുമ്മയുടെയും മകനായി 1939 ജൂലൈ 30ന് ജനിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍െറയും ഇ. മൊയ്തുമൗലവിയുടെയും കാലത്ത് കോണ്‍ഗ്രസ് യുവജന നിരയില്‍ മുന്നണിയിലുണ്ടായിരുന്ന നൂറുദ്ദീന്‍ പി.പി. ഉമര്‍കോയ, സി.കെ.ജി, കുട്ടിമാളു അമ്മ എന്നിവരുമായി അടുപ്പം സ്ഥാപിച്ചിരുന്നു.
’72 മുതല്‍ തുടര്‍ച്ചയായി 10 വര്‍ഷം കെ.പി.സി.സി ട്രഷറര്‍ ആയിരുന്നു. 1977ല്‍ പേരാവൂരില്‍നിന്ന് അഞ്ചാം നിയമസഭയിലേക്ക് ജയിച്ചു. പേരാവൂരിനെ തുടര്‍ച്ചയായി 1991 വരെ അഞ്ച് തവണ പ്രതിനിധാനം ചെയ്ത് 19 വര്‍ഷം തുടര്‍ച്ചയായി നിയമസഭാംഗമായി. 1982ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വനം-സ്പോര്‍ട്സ്-മൃഗസംരക്ഷണ മന്ത്രിയായി.
ഭാര്യ: കെ.എം. അസ്മ. മക്കള്‍: കെ.എം. നസീമ, ഡോ.കെ.എം. ഫിറോസ്, കെ.എം.ഹസീന, കെ.എം. സറീന. മരുമക്കള്‍: ഡോ.പി.കെ. അബ്ദുല്‍സലാം, ടി.എം. സുബൈര്‍, നിസാര്‍ കെ. പുരയി, സബ്രീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.