ജനപ്രിയതയുടെ മറ്റം കാലഘട്ടം
text_fieldsകോട്ടയം: രണ്ടുകൈയിലും പേനപിടിച്ച് എഴുതിയിരുന്ന കാലം -എണ്‍പതുകളിലെ മാത്യു മറ്റത്തെ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നതിങ്ങനെയാണ്. ഇതില്‍ അതിശയോക്തി കലര്‍ന്നിട്ടുണ്ടെങ്കിലും അക്കാലങ്ങളില്‍ പൊന്നുംവിലയുള്ള എഴുത്തുകാരനായിരുന്നു മറ്റം. പത്തിലധികം ആഴ്ചപ്പതിപ്പുകളില്‍ വരെ അദ്ദേഹത്തിന്‍െറ നോവലുകള്‍ ഒരേസമയം പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ഇവയില്‍ ഒന്നില്‍പോലും ആവര്‍ത്തന വിരസത ഉണ്ടായിരുന്നില്ല. തുടര്‍ച്ച നഷ്ടപ്പെട്ടുമില്ല. ഇക്കാര്യത്തില്‍ മാത്യുവിനുണ്ടായിരുന്ന കഴിവ് ഏറെ പ്രശംസയും നേടിക്കൊടുത്തു. പേര് ഓര്‍ക്കുമ്പോള്‍ കഥയും മനസ്സില്‍ വരുമെന്നായിരുന്നു അക്കാലത്ത് അദ്ദേഹം പറഞ്ഞിരുന്നത്.
എട്ടാംക്ളാസില്‍ പഠിക്കുമ്പോള്‍ നേരമ്പോക്കിന് തുടങ്ങിയതാണ് മാത്യു മറ്റത്തിന്‍െറ എഴുത്ത്. സമകാലിക സംഭവങ്ങളെ അവലംബമാക്കി ഉദ്വേഗവും ഹരവും കൊള്ളിക്കുന്ന രചനകള്‍ നടത്തിയിരുന്ന മാത്യുവിന്‍െറ നോവലുകള്‍ അടങ്ങിയ ആഴ്ചപ്പതിപ്പുകള്‍ക്കായി കാത്തിരിക്കാത്ത മലയാളികള്‍ അക്കാലത്തു കുറവായിരുന്നു. സാധാരണക്കാരുടെ സ്വപ്നങ്ങളായിരുന്നു എഴുത്തിന്‍െറ കാതല്‍.
മനുഷ്യന്‍െറ അടിസ്ഥാന വികാരങ്ങളുമായി കണ്ണിചേര്‍ന്നുനില്‍ക്കുന്ന കഥകളാണ് അദ്ദേഹം വരച്ചിട്ടത്. പ്രണയം, രതി, തിന്മയുടെമേല്‍ നന്മയുടെ വിജയം തുടങ്ങിയ വിഷയങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ലാളിത്യത്തോടെ ആവിഷ്കരിച്ചു. അതിനാല്‍ തന്നെ അദ്ദേഹത്തെ ജനം നെഞ്ചോടുചേര്‍ത്തു. പലരെയും വായനശാലയിലേക്കും അക്ഷരങ്ങളിലേക്കും അടുപ്പിച്ചതും അക്കാലത്ത് മറ്റത്തെപ്പോലുള്ള ജനപ്രിയ എഴുത്തുകാരായിരുന്നു.
എരുമേലി പമ്പാവാലിയില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച മാത്യു തന്‍െറ ജീവിതസാഹചര്യങ്ങളും അനുഭവങ്ങളും കഥകളില്‍ ചേര്‍ത്തു. ചുറ്റുവട്ടത്തെ കാഴ്ചകള്‍ അക്ഷരങ്ങളായി പിറവിയെടുത്തതോടെ യുവാക്കളും സ്ത്രീകളും മറ്റത്തിന്‍െറ ആരാധകരായി. മംഗളം വാരികയില്‍ 1970കളുടെ അവസാനം പ്രസിദ്ധീകരിച്ച കൊലപാതകം ഇതിവൃത്തമായ ‘കരിമ്പ്’ എന്ന നോവലിലൂടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ വിശ്രമിക്കാന്‍പോലും സമയമില്ലാത്ത നിലയിലേക്കു മാത്യു മറ്റം മാറി.
പിന്നീട് മലയാളത്തില്‍ പുറത്തിറങ്ങുന്ന ഒട്ടുമിക്ക ആഴ്ചപ്പതിപ്പുകളിലും രാഷ്ട്രീയ വാരികകളിലുമൊക്കെ അദ്ദേഹത്തിന്‍െറ നോവലും ഇടംനേടി. അഞ്ചുസുന്ദരികള്‍, ആലിപ്പഴം എന്നിവ അക്കാലത്തെ യുവതലമുറയെ ഹരംകൊള്ളിച്ച നോവലുകളായിരുന്നു. കോട്ടയം വാരികകളുടെ സൂവര്‍ണകാലത്തായിരുന്നു മറ്റവും ഉദിച്ചുയര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.